‘നവ ലിബറൽ അതിവാദങ്ങൾ സാംസ്കാരിക തകർച്ചക്ക് ആക്കംകൂട്ടും’
text_fieldsദോഹ: വ്യക്തിസ്വാതന്ത്ര്യത്തിന് അതിരുകൾ വേണ്ടതില്ലെന്ന നവ ലിബറൽ അതിവാദം നമ്മുടെ സംസ്കാരത്തിന്റെ അടിത്തറ തകർക്കുമെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തർ കേന്ദ്ര സമിതി അംഗം ഹബീബുറഹ്മാൻ കീഴിശ്ശേരി അഭിപ്രായപ്പെട്ടു.
നവ ഉദാരവാദികൾ മുന്നോട്ടുവെക്കുന്ന അജണ്ടകൾ വ്യക്തിയുടെയും സമൂഹത്തിന്റെയും അരാജകവത്കരണമാണ് ലക്ഷ്യമിടുന്നത്. എല്ലാ അതിരുകളും നിരാകരിക്കപ്പെടുന്നതും ചൂഷണാത്മകവുമായ ലോകത്തിന് പകരം ധാർമികത അതിരിട്ട് മനോഹരമാക്കിയ ലോകത്തെയാണ് നാം മുന്നിൽ കാണേണ്ടത്. സി.ഐ.സി സംഘടിപ്പിക്കുന്ന ‘ഇസ്ലാം: ആശയസംവാദത്തിന്റെ സൗഹൃദനാളുകൾ’ എന്ന കാമ്പയിന്റെ വക്റ മേഖലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സി.ഐ.സി വക്റ സോൺ പ്രസിഡന്റ് മുസ്തഫ കാവിൽക്കുത്ത് അധ്യക്ഷത വഹിച്ചു. കാമ്പയിൻ സോണൽ കൺവീനർ സാക്കിർ നദ്വി ആമുഖഭാഷണം നടത്തി. ‘ലിബറലിസം: സ്വാതന്ത്ര്യമോ സർവനാശമോ?’ എന്ന വിഷയത്തിൽ ഷംല സിദ്ദീഖും ‘വംശീയതയിലേക്ക് വലവിരിക്കുന്ന നവ നാസ്തികത’ എന്ന വിഷയത്തിൽ യൂത്ത് ഫോറം വക്റ മേഖല പ്രസിഡന്റ് ജസീർ മാസ്റ്ററും സംസാരിച്ചു. ‘വിമർശനങ്ങൾ നേരിട്ട് പ്രവാചകൻ’ എന്ന വിഷയം സ്റ്റുഡന്റ്സ് ഇന്ത്യ പ്രസിഡന്റ് നഹാൻ സാജിദ് അവതരിപ്പിച്ചു. ജെൻഡർ ന്യൂട്രാലിറ്റി എന്ന വിഷയത്തിൽ ഗേൾസ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ഡിബേറ്റിന് സമ സിദ്ദീഖ്, നദ നിസാർ, അഫ്രീൻ അൽത്താഫ് എന്നിവർ നേതൃത്വം നൽകി. മലർവാടി ബാലസംഘം പ്രവർത്തകർ സംഗീതശിൽപം അവതരിപ്പിച്ചു. വിമൻ ഇന്ത്യ സെക്രട്ടറി മുഹ്സിന സൽമാൻ സംസാരിച്ചു. ഹംസ മാസ്റ്റർ ഖിറാഅത്ത് നടത്തി. നാസർ ആലുവ, ജാഫർ സാദിഖ്, പി. അബ്ദുല്ല, ഉസ്മാൻ പുലാപ്പറ്റ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.