സൂഖ് വാഖിഫ് ഫാൽക്കൺ ആശുപത്രിയിൽ സി.ഐ.ടി.ഇ.എസ് ഓഫിസ്
text_fieldsസൂഖ് വാഖിഫ് ഫാൽക്കൺ ആശുപത്രിയിലെ സി.ഐ.ടി.ഇ.എസ് ഓഫിസ് ഉദ്ഘാടന ശേഷം പരിസ്ഥിതി മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം അൽ മസ്ലമാനി സന്ദർശിക്കുന്നു
ദോഹ: സൂഖ് വാഖിഫിലെ ഫാൽക്കൺ ആശുപത്രിയിൽ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം വന്യജീവി വികസന വകുപ്പിന് കീഴിലുള്ള പുതിയ ഓഫിസ് പ്രവർത്തനമാരംഭിച്ചു. വംശനാശഭീഷണി നേരിടുന്ന സസ്യ-ജീവജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കൺവെൻഷന് (സി.ഐ.ടി.ഇ.എസ്) അനുസൃതമായി വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കും അനുവാദം നൽകുന്ന ചുമതലയോടെയാണ് പുതിയ ഓഫിസ് ആരംഭിച്ചത്.
ഉദ്ഘാടന ചടങ്ങിൽ പരിസ്ഥിതി മന്ത്രാലയത്തിലെ പ്രകൃതി സംരക്ഷണ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം അൽ മസ്ലമാനി, വന്യജീവി വികസന വകുപ്പ് ഡയറക്ടർ യൂസുഫ് ഇബ്രാഹിം അൽ ഹമർ, ഫാൽക്കൺ ആശുപത്രി ഡയറക്ടർ ഡോ. ഇഖ്ദം അൽ കർഖി ഉൾപ്പെടെയുള്ള ഉന്നത വ്യക്തികളും മറ്റു ഉദ്യോഗസ്ഥരും പങ്കാളികളും പങ്കെടുത്തു. സി.ഐ.ടി.ഇ.എസ് പാരിസ്ഥിതികവും നിയമപരവുമായ മാനദണ്ഡങ്ങൾക്കനുസൃതമായി ഫാൽക്കൺ ട്രാൻസിറ്റ് രേഖകൾ നൽകുന്നത് കാര്യക്ഷമമാക്കുകയാണ് പുതിയ ഓഫിസിലൂടെ ലക്ഷ്യമിടുന്നത്.
വന്യജീവികളെ സംരക്ഷിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭം. വേട്ടയാടൽ സീസണുകളിലും അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലും ഫാൽക്കണുകളുടെ ഗതാഗതത്തിനുള്ള വർധിച്ച ആവശ്യം കണക്കിലെടുക്കുമ്പോൾ പുതിയ ഓഫിസ് ഫാൽക്കൺ യാത്രാപെർമിറ്റുകളുടെ നടപടികൾ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1975ൽ സ്ഥാപിതമായി 180ലധികം അംഗരാജ്യങ്ങൾ ഉൾപ്പെടുന്ന സി.ഐ.ടി.ഇ.എസ് വന്യമൃഗങ്ങളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം അവയുടെ നിലനിൽപിന് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കുന്നുവെന്ന് യൂസുഫ് ഇബ്രാഹിം അൽ ഹമർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.