പൗരത്വഭേദഗതി നിയമം: പ്രവാസലോകത്തും ആശങ്ക, പ്രതിഷേധം
text_fieldsദോഹ: മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ഭരണഘടനക്ക് വിരുദ്ധമെന്നതിനു പുറമെ, പ്രവാസികൾക്ക് കൂടി ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തൽ. പ്രവാസികളുെട തലക്കു മുകളിൽ തൂങ്ങുന്ന വാൾത്തലയാണ് പുതിയ നിയമഭേദഗതിയെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. പൗരത്വനിയമത്തിലെയോ മറ്റേതെങ്കിലും നിയമങ്ങളിലെയോ വ്യവസ്ഥ ലംഘിക്കുന്ന പക്ഷം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡിെൻറ രജിസ്ട്രേഷൻ സർക്കാറിന് റദ്ദാക്കാമെന്ന് ഭേദഗതിയിൽ പറയുന്നുണ്ട്. രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് മുമ്പ് പ്രവാസിക്ക് പരാതി ബോധിപ്പിക്കാനുള്ള അവസരം നൽകും. ഇത്തരത്തിൽ ഒ.സി.ഐ കാർഡ് രജിസ്ട്രേഷൻ റദ്ദാക്കുന്ന പക്ഷം അക്കാര്യം പിന്നീട് പരസ്യപ്പെടുത്തും.ഇതടക്കമുള്ള വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉള്ളതിനാലും നിയമം രാജ്യത്തിെൻറ ഭരണഘടനക്ക് വിരുദ്ധമായതിനാലും പ്രവാസലോകത്തും ആശങ്കകൾ വ്യാപകമാണ്. പല പ്രവാസി സംഘടനകളും തങ്ങളുടെ ആശങ്ക അറിയിച്ചുകഴിഞ്ഞു. സമൂഹമാധ്യമങ്ങളടക്കമുള്ളിടങ്ങളിലെല്ലാം പുതിയ നിയമം സംബന്ധിച്ച ആകുലതകളാണ് ചർച്ച വിഷയം.
കഴിഞ്ഞയാഴ്ച ഖത്തറിലെത്തിയ സംസ്ഥാന വ്യവസായകായിക മന്ത്രി ഇ.പി. ജയരാജൻ കേന്ദ്രസർക്കാർ ഒരു മതവിഭാഗത്തിനെതിരായി നടത്തുന്ന ഇത്തരം നീക്കങ്ങളിൽ ആശങ്ക അറിയിച്ചിരുന്നു. സ്വതന്ത്ര ഭാരതത്തിെൻറ ചരിത്രത്തിൽ ഇരുണ്ട ദിനമാണ് പൗരത്വ ഭേദഗതി നിയമം പാസാക്കിയ ഡിസംബർ12 എന്നാണ് കോൺഗ്രസിെൻറ പ്രവാസി പോഷകസംഘടനയായ ഇൻകാസ് വിശേഷിപ്പിച്ചത്. വർഷങ്ങളായി നമ്മൾ കൊട്ടിഗ്ഘോഷിച്ചുകൊണ്ടിരുന്ന മതേതര സങ്കൽപങ്ങൾ തകർന്നുവെന്ന് സംസ്ഥാനപ്രസിഡൻറ് സമീർ ഏറാമല പറഞ്ഞു. ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യമാക്കി മോദിയുടെ നേതൃത്വത്തിലെ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വർഗീയ അജണ്ടയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമം. ഒരു സമുദായത്തെ മാത്രം മാറ്റി നിർത്തി മറ്റു സമുദായങ്ങൾക്ക് മുഴുവൻ ഇന്ത്യൻ പൗരത്വം കൊടുക്കുന്ന കൊടിയ അനീതിയാണ് നിയമത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് മറ്റു മതക്കാരെ സാങ്കേതികമായി ഉൾപ്പെടുത്തിയത്. മറ്റു രാജ്യങ്ങളിൽ ഇതേ രീതിയിൽ പീഡനമനുഭവിക്കുന്ന മുസ്ലിം വിഭാഗങ്ങളെ പരിഗണിക്കാത്തതിലൂടെ ഇതു വ്യക്തമാണ്. ഈ മതവിഭാഗത്തിെൻറ ഉള്ളിൽതന്നെയുള്ള വംശീയ അതിക്രമങ്ങൾക്ക് പാത്രമാകുന്ന വിഭാഗങ്ങളെയും പരിഗണിച്ചിട്ടില്ലെന്നും സമീർ ഏറാമല പ്രതിഷേധത്തിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ ആശങ്കയുണ്ടാകുന്നതും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധവുമാണെന്നും സംസ്കൃതി അഭിപ്രായപ്പെട്ടു. മതേതര ഭരണഘടനയാണ് ഇന്ത്യൻ ജനാധിപത്യത്തിെൻറ അടിസ്ഥാന ശില. അതിനു കടയ്ക്കൽ കത്തിവെക്കുന്ന വ്യവസ്ഥകളാണ് പുതിയ നിയമം മുന്നോട്ടു വെക്കുന്നത്. പൗരത്വം അനുവദിക്കുന്നതിന് മതം ഒരു വ്യവസ്ഥയാക്കുന്നത് രാജ്യം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ സ്വഭാവത്തിന് വിരുദ്ധമാണ്. ഇത് ഇന്ത്യ ഇക്കാലമത്രയും ഉയർത്തിപ്പിടിച്ച നയങ്ങളെ അപ്പാടെ തിരസ്കരിക്കുന്ന അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടുമെന്നും സംഘടന ആശങ്കപ്പെട്ടു. അതുകൊണ്ടുതന്നെ അത്തരം വ്യവസ്ഥകൾ നീക്കം ചെയ്യുന്നത് പരിഗണിക്കാൻ ഇന്ത്യൻ സർക്കാർ തയാറാകണമെന്നും സംസ്കൃതി വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
പാർലമെൻറിെൻറ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നതും രാജ്യതാല്പര്യത്തെ കളങ്കപ്പെടുത്തി സര്‍വാധിപത്യം സ്ഥാപിക്കാനുള്ള ഭരണകൂട ശ്രമവുമാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്.എസ്.സി) ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനറേറ്റ് അഭിപ്രായപ്പെട്ടു.
ഇതു ലോക രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയെ നാണം കെടുത്തി. പൗരവിഭജനത്തിനെതിരെ ഇന്ത്യന്‍ കാമ്പസുകളിലും തെരുവുകളിലും നടക്കുന്ന ജനാധിപത്യ സമരങ്ങളെ കൈക്കരുത്തും മുഷ്കും ഉപയോഗിച്ച് നേരിട്ട രീതി സര്ക്കാറിൻ അജണ്ടകള്‍ ഒരിക്കല്‍ക്കൂടി പുറത്ത് കാണിക്കുന്നതാണ്. രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ പ്രക്ഷോഭങ്ങളുടെ ശക്തികൂട്ടി ഇന്ത്യയെ വീണ്ടെടുക്കാന്‍ സകലരും ഒന്നിക്കണം. നിയമാനുസൃതമായി നിലനില്‍ക്കുന്ന സംവിധാനങ്ങളില്‍ ഛിദ്രത പടര്‍ത്തി കുടിലമായ ദേശീയതയിലേക്ക് രാജ്യത്തെ നയിക്കാന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ കിണഞ്ഞു ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുത്. വിഷയത്തില്‍ കേരള സര്‍ക്കാറും പ്രതിപക്ഷവും ഒന്നിച്ചുനിന്ന് പ്രതിഷേധിച്ചത് സ്വാഗതാര്‍ഹമാണെന്നും ആര്.എസ്.സി അഭിപ്രായപ്പെട്ടു.
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പ്രവാസി സംഘടനാസംഗമം
ദോഹ: പൗരത്വ ഭേദഗതി നിയമത്തിൻെറ പശ്ചാത്തലത്തിൽ ജനങ്ങളുടെ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന വിധം ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഖത്തറിലെ വ്യത്യസ്ത പ്രവാസി ബഹുജനസംഘടന നേതാക്കളും സാമൂഹ്യ പ്രവർത്തകരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഈയിടെ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ജനങ്ങളിൽ കടുത്ത ഭീതിയും ആശങ്കയുംഅരക്ഷിതത്വബോധവും ഉളവാക്കുന്ന സാഹചര്യത്തിൽ അത്തരത്തിലുള്ള നടപടികളുമായി ഭരണകൂടം മുന്നോട്ടു പോകരുതെന്ന് സംഘടനാ നേതാക്കൾ അഭ്യർഥിച്ചു. കൾച്ചറൽ ഫോറമാണ് പ്രവാസി ബഹുജന സംഘടനാ നേതാക്കളുടെ സംഗമം നടത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച ചില സുപ്രധാന മൂല്യങ്ങളാണ് വെല്ലുവിളിക്കപ്പെടുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും ജനാധിപത്യമതനിരപേക്ഷ മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധമായിരിക്കണം. അതിനു വിരുദ്ധമായ പൗരത്വ ഭേഭഗതി നിയമം തള്ളിക്കളയണമെന്നും സംഗമം ആവശ്യപ്പെട്ടു.ഭരണ ഘടനക്ക് നേരെ ഭീഷണി ഉയർത്തുന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തിൻെറ നിലനിൽപ്പിന് നേരെയുയരുന്ന ഭീഷണിയാണ്. ഇത്തരം സംഗതികളെ പരമോന്നത കോടതിയിൽ ചോദ്യം ചെയ്യാനും ജനാധിപത്യപരമായ മാർഗത്തിലൂടെ ചെറുത്ത് തോൽപ്പിക്കാനും നമുക്ക് സാധിക്കണമെന്നും നേതാക്കൾ പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നാസർ കൈതക്കാട് (കെ.എം.സി.സി), ഇബ്രു ഇബ്രാഹിം ( യുവകലാസാഹിതി) , ഷഫീഖ്, അഹമ്മദ് കടമേരി (ഇന്ത്യൻ സോഷ്യൽ ഫോറം), ഹബീബ് റഹ്മാൻ കിഴിശ്ശേരി (സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി) , ഷാജി ഫ്രാൻസിസ് ( വൺ ഇന്ത്യ) , അബ്ദുന്നാസിർ പാനൂർ (ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ) ,ഷംനാദ് (ഫോപ്ട) , മജീദ് അലി, സുന്ദരൻ തിരുവനന്തപുരം, ഷാഹിദ് ഓമ്മശ്ശേരി (കൾച്ചറൽ ഫോറം), സാമൂഹ്യ പ്രവർത്തകരായ റഊഫ് കൊണ്ടോട്ടി , ഫരീദ് തിക്കോടി തുടങ്ങിയവർ സംസാരിച്ചു. കൾച്ചറൽ ഫോറം ആക്ടിങ് പ്രസിഡൻറ് സാദിഖ് ചെന്നാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുനീഷ് എ.സി. സ്വാഗതം പറഞ്ഞു. സെക്രട്ടറി റഷീദലി സമാപന പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.