'ഖിയ' കിരീടം ചൂടി സിറ്റി എക്സ്ചേഞ്ച് ലോകകപ്പ്
text_fieldsദോഹ: ആവേശത്തോടെ ലോകകപ്പിനെ കാത്തിരിക്കുന്ന ഫുട്ബാൾ പ്രേമികൾക്ക് ഏറ്റവും മികച്ചൊരു കളിയുത്സവം പകർന്ന് ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ പോരാട്ടത്തിന് സമാപനം.
ഒരുമാസത്തിലേറെ നീണ്ട അങ്കത്തിനൊടുവിൽ, അൽഅറബ് സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ആരാധകർക്ക് മുമ്പാകെ കളിയും സാംസ്കാരിക പരിപാടികളുംകൊണ്ട് സമ്പന്നമാക്കിയാണ് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ കളിയുത്സവത്തിന് കൊടിയിറങ്ങിയത്. ആവേശകരമായ ഫൈനലിൽ സിറ്റി എക്സ്ചേഞ്ച് -ഇസ്ലാമിക് എക്സ്ചേഞ്ച് മേറ്റ്സ് ഖത്തറിനെ 3-1ന് തോൽപിച്ച് കിരീടമണിഞ്ഞു.
പതിനായിരത്തോളം കാണികളായിരുന്നു സമാപന ചടങ്ങിന് സാക്ഷിയാവാൻ വെള്ളിയാഴ്ച സായാഹ്നത്തിൽ ഒഴുകിയെത്തിയത്. കേരള സന്തോഷ് ട്രോഫി നായകൻ ജിജോ ജോസഫ്, മുൻ ഐ ലീഗ് താരം ജിതിൻ എം.എസ്, കേരള ഫുട്ബാളിലെ പ്രമുഖരായ ക്രിസ്റ്റി ഡേവിസ്, ആന്റണി പൗലോസ്, അഖിൽ ജയചന്ദ്രൻ, സന്ദീപ് സോമൻ, നൗഫൽ പുത്തൻവീട്ടിൽ, ബുജൈർ വലിയാട്ട്, ഫസലുർറഹ്മാൻ, റിഷാദ് പി.പി എന്നിവർ ഇരു ടീമുകളിലുമായി ബൂട്ട് കെട്ടിയത് മത്സരത്തിനും ആവേശം പകർന്നു.
എന്നാൽ, പരിചയസമ്പന്നരായ സിറ്റി എക്സ്ചേഞ്ച് മൂന്നു ഗോൾ നേടി അനായാസം കിരീട വിജയം ഉറപ്പിച്ചു. ഫൈനലിലെ താരമായി സിറ്റി എക്സ്ചേഞ്ചിന്റെ ജിതിൻ എം.എസിനെ തിരഞ്ഞെടുത്തു.
മൗസൂഫ് നയ്സാൻ (ടോപ് സ്കോറർ-സിറ്റി എക്സ്ചേഞ്ച്), ബുജൈർ (െപ്ലയർ ഓഫ് ദ ടൂർണമെന്റ്- മേറ്റ്സ് ഖത്തർ),സന്ദീപ് സോമൻ (ഗോൾകീപ്പർ ഓഫ് ദി ടൂർണമെന്റ് -സിറ്റി എക്സ്ചേഞ്ച്) എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾ നേടി.
ടൂർണമെന്റ് സമാപനത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ഫ്രണ്ട്സ് ഓഫ് തൃശൂരുമായി സഹകരിച്ച് നടത്തിയ സ്കൂൾ വിദ്യാർഥികൾക്കായുള്ള പെയിന്റിങ്ങിൽ 2000ത്തോളം പേർ പങ്കെടുത്തു. മലബാർ അടുക്കളയുമായി സഹകരിച്ച് നടത്തിയ അന്താരാഷ്ട്ര കേക്ക് നിർമാണ മത്സത്തിൽ വർഷ് ഒന്നാംസ്ഥാനം നേടി. സഈദ മജീദ്, അജീദ ഷംഷം എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി.
മത്സരങ്ങൾക്ക് മുന്നോടിയായി വയലിനിസ്റ്റ് ഷബീഷ് പ്രഭാകർ, ഗായകരായ അഞ്ജുജോസഫ്, നിസ്നിയ സുൽത്താൻ, നിഷീദ, റിയാസ് കരിയാട് എന്നിവരുടെ സംഗീത വിരുന്നും ഒരുക്കി.
സമാപന ചടങ്ങിൽ മുൻ ഖത്തർ ഫുട്ബാൾ താരങ്ങളും ലോകകപ്പ് ലെഗസി അംബാസഡർമാരുമായ ഇബ്രാഹിം ഖൽഫാൻ, അഹമ്മദ് ഖലിൽ, മുഹമ്മദ് സഅദൂൻ അൽ കുവാരി എന്നിവർ മുഖ്യാതിഥികളായി.
അൽ അറബി സ്പോർട്സ് ക്ലബ് വൈസ് പ്രസിഡന്റ് മുഹമ്മദ് ജാസിം അൽ കുവാരി, സഈദ് അൽ ഹിത്മി, ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ഡോ. മോഹൻ അട്ല, ഖത്തർ ലെഗസി അംബാസഡർ ടീം അംഗം ആരോൺ വാസ്, എസ്.സി അംഗം വിഷ്ണു മുരളി, തുനീഷ്യൻ കമ്യൂണിറ്റി നേതാവ് അബ്ദുൽ ബാസിത് തുടങ്ങിയവർ പങ്കെടുത്തു.
ലോകകപ്പിന്റെ ഔദ്യോഗിക പന്തായ 'അൽ രിഹ്ല'യായിരുന്നു ഫൈനൽ മത്സരത്തിനായി ഉപയോഗിച്ചത്.
ടൂർണമെന്റ് ടൈറ്റിൽ സ്പോൺസൺ കൂടിയായി സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി ഹമീദ് ജേതാക്കൾക്കുള്ള ട്രോഫി സമ്മാനിച്ചു.
സമ്മാന വിതരണ ചടങ്ങിന് ഖിയ പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, വൈസ് ചെയർമാൻ സഫീർ റഹ്മാൻ എന്നിവർ നേതൃത്വം നൽകി. ജേതാക്കൾക്ക് 15,000റിയാലും റണ്ണേഴ്സ് അപ്പിന് 10,000റിയാലുമാണ് സമ്മാനത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.