നൂറുമ്മകളുമായി ശാരികയുടെ അച്ഛൻ ഇന്ന് പറന്നെത്തും
text_fieldsദോഹ: ശാരീരിക പരിമിതികളെയും വെല്ലുവിളികളെയും തോൽപിച്ച് മകൾ ഇന്ത്യയിലെ ഏറ്റവും വലിയ മത്സരപരീക്ഷയായ സിവിൽ സർവിസിന്റെ റാങ്കുപട്ടിക എത്തിപ്പിടിച്ച വാർത്തയെത്തുമ്പോൾ ഖത്തറിലെ ഉമ്മു ഗുവൈലിനയിലെ താമസസ്ഥലത്തായിരുന്നു കൊയിലാണ്ടി കീഴരിയൂർ സ്വദേശിയായ എരയമ്മൻകണ്ടി ശശി. പൊന്നുമകളെ വാരിപ്പുണർന്ന് ഉമ്മകൾ നൽകി സ്നേഹംകൊണ്ട് അവളെ വീർപ്പുമുട്ടിക്കാൻ കൊതിച്ച നിമിഷങ്ങളിൽ അയാൾ, കൂട്ടുകാർക്ക് ഫ്രൈഡ് ചിക്കൻ വാങ്ങി നൽകിയും തൊഴിൽ സ്ഥലത്തെത്തി മധുരം വിതരണം ചെയ്തും ആഹ്ലാദം പങ്കിട്ടു.
മഴയും കാറ്റും കാരണം ഖത്തറിൽ അവധി പ്രഖ്യാപിച്ച ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു നാട്ടിൽനിന്നും സിവിൽ സർവിസ് ഫലംവന്ന വാർത്തയെത്തുന്നത്. ശാരീരിക വൈകല്യത്തെ മനോബലം കൊണ്ട് കീഴടക്കിയ മകൾ ശാരിക 922ാം റാങ്കുമായി വിജയം വരിച്ച വാർത്ത നാടാകെ ആഘോഷിക്കുമ്പോൾ ശശിക്കും ഇവിടെ ഇരിക്കപ്പൊറുതിയില്ലായിരുന്നു. എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ആഗ്രഹം മാത്രമായി. അതിനിടയിലാണ്, മകൾ പരിശീലനം നടത്തുന്ന തിരുവനന്തപുരത്തെ അബ്സല്യൂട്ട് അക്കാദമിയുടെ സ്ഥാപകൻ ജോബിൻ എസ്. കൊട്ടാരം ബുധനാഴ്ച കീഴരിയൂരിലെ വീട്ടിൽ മകളെ കാണാനെത്തിയത്. ശാരികയെയും അമ്മ രാഖിയെയും കുടുംബാംഗങ്ങളെയും അഭിനന്ദിച്ച അദ്ദേഹം, ദോഹയിലുള്ള അച്ഛൻ ശശിയെയും വിളിച്ച്, ഈ മുഹൂർത്തത്തിൽ പങ്കുചേരാൻ നാട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടു. ജോബിൻതന്നെ ശശിയുടെ തൊഴിലുടമകളോട് ഫോണിൽ സംസാരിച്ച് ശാരികയുടെ വിജയത്തിന്റെ മഹത്വം വിശദീകരിച്ചപ്പോൾ അവരും ഹാപ്പിയായി. ഉടൻതന്നെ ലീവ് അനുവദിച്ചതിനു പിന്നാലെ, വിമാന ടിക്കറ്റും ബുക്ക് ചെയ്ത് വ്യാഴാഴ്ച രാവിലെ നാട്ടിലേക്ക് പറക്കാൻ ഒരുങ്ങുകയാണ് ഈ അച്ഛൻ.
ബുധനാഴ്ച വൈകുന്നേരം തിരക്കുപിടിച്ച് ഷോപ്പിങ്ങും നടത്തി, മകൾക്ക് സമ്മാനങ്ങളും വാങ്ങി വ്യാഴാഴ്ച വൈകുന്നേരത്തോടെ ശശി നാട്ടിലെത്തുമ്പോൾ, എരയമ്മൻകണ്ടിയിലെ വീട്ടിൽ ആഘോഷം കൂടുതൽ വർണാഭമാകും. ജന്മനാ ബാധിച്ച സെറിബ്രൽ പാൾസി രോഗത്തെതുടർന്ന് വീൽചെയറിലായ ശാരിക വീടിനടുത്തുള്ള സ്കൂളുകളിൽ തന്നെയായിരുന്നു പഠനം പൂർത്തിയാക്കിയത്. വീൽചെയറിലെ നാലു ചക്രങ്ങളിലിരുന്ന് അമ്മയുടെയും സഹോദരി ദേവികയുടെയും ചിറകിലേന്തി മകൾ കണ്ട സ്വപ്നങ്ങൾക്ക് ശശിയും പിന്തുണയേകി.
സിവിൽ സർവിസ് പരിശീലനത്തിന്റെ ഓരോ ഘട്ടങ്ങളിലും നാട്ടിലെത്തി അവളുമായി തിരുവനന്തപുരത്തേക്കും അഭിമുഖ പരീക്ഷക്കായി ന്യൂഡൽഹിയിലേക്കും അവർ കുടുംബസമേതം യാത്ര ചെയ്തു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ രണ്ടുതവണയാണ് ഈ ആവശ്യങ്ങൾക്കായി ഇദ്ദേഹം നാട്ടിലേക്ക് പറന്നത്. മകളുടെ ശാരീരിക അവശതകളും അവളുടെ വലിയ സ്വപ്നങ്ങളും അറിയാവുന്ന തൊഴിലുടമ ലെബനാൻകാരനായ അബുദ് അബ്ദുൽ ലതീഫും മറ്റും നൽകുന്ന പിന്തുണയെയും ശശി നന്ദിയോടെ ഓർക്കുന്നു. 1995ലാണ് ഇദ്ദേഹം ഖത്തറിലെത്തുന്നത്. അന്നുമുതൽ ഒരു വിതരണ കമ്പനിയുടെ ജീവനക്കാരനായി ജോലി ചെയ്യുകയാണ്. മകളുടെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ലഭിച്ച വിജയത്തിന്, ഒപ്പം നിന്നവർക്കും പ്രോത്സാഹനം നൽകിയവർക്കും നന്ദി പറയുകയാണ് ഈ അച്ഛൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.