സി.കെ. മേനോൻ ഭവനപദ്ധതി: ബാബുവിനും കുടുംബത്തിനും തണലായി
text_fieldsദോഹ: തൃശൂർ ജില്ല സൗഹൃദ വേദി നേതൃത്വത്തിൽ സി.കെ. മേനോൻ ഭവനപദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച ആദ്യ വീടിന്‍റെ താക്കോല്‍ദാനം മന്ത്രി ആര്‍. ബിന്ദു നിർവഹിച്ചു. തൃശൂര്‍ കൈപ്പമംഗലത്ത് നടന്ന ചടങ്ങിൽ ഖത്തർ പ്രവാസിയും സൗഹൃദ വേദി അംഗവുമായ ബാബുവും കുടുംബവും താക്കോൽ ഏറ്റുവാങ്ങി. നിരാലംബരായവര്‍ക്ക് തൃശൂര്‍ ജില്ല സൗഹൃദ വേദിയിലൂടെ പത്മശ്രീ സി.കെ. മേനോന്‍റെ സ്മരണാർഥം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് നോര്‍ക്ക റൂട്സ് ഡയറക്ടറും എ.ബി.എന്‍ കോര്‍പറേഷന്‍ ചെയര്‍മാനുമായ ജെ.കെ. മേനോന്‍ പറഞ്ഞു.
സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ജീവകാരുണ്യ മേഖലയില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്ന സി.കെ. മേനോന്‍റെ അനുസ്മരണത്തിന്‍റെ ഭാഗമായാണ് ഭവനപദ്ധതിക്ക് തുടക്കംകുറിച്ചത്. സി.കെ. മേനോന്‍ പൊതുസമൂഹത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും തലചായ്ക്കാനിടമില്ലാത്ത ആയിരങ്ങള്‍ക്ക് ഭവനങ്ങളായും മറ്റ് സാമ്പത്തിക സഹായങ്ങളായും നല്‍കിയ സംഭാവനകള്‍ അദ്ദേഹത്തിന്‍റെ വിയോഗശേഷവും സമൂഹം ഓർമിക്കുന്നുണ്ടെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.
ജെ.കെ. മേനോന്‍ അധ്യക്ഷത വഹിച്ചു. തന്‍റെ പിതാവിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച തൃശൂര്‍ ജില്ല സൗഹൃദ വേദിയിലൂടെ ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം വളരെ വലുതാണെന്നും ഈ സംഘടനയുടെ ഭാഗമായി ഇനിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും ജെ.കെ. മേനോന്‍ പറഞ്ഞു. ടൈസണ്‍ മാസ്റ്റര്‍ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കൈപ്പമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന രവി, വാർഡ് അംഗം മിനി അരയങ്ങാട്ടിൽ, ടി.ജെ.എൻ.ആർ.ഐ ബാങ്ക് പ്രസിഡന്‍റ് രണദേവ്, വേദി സാന്ത്വനം പദ്ധതി ചെയർമാൻ മുഹമ്മദ് ഇസ്മായിൽ, വേദി മുൻ പ്രസിഡന്‍റും പ്രവാസി ഫോറം ചെയർമാനുമായ കെ.എം. അനിൽ, വേദി സൗദി ചാപ്റ്റർ ഭാരവാഹിയായ ജോൺ റാൽഫ് തുടങ്ങിയവർ ആശംസകൾ നേർന്നു. ഭവനപദ്ധതി കൺവീനർ സജീഷ് പട്ടിളചൻ നന്ദി പറഞ്ഞു.
പദ്ധതിയിൽ ഉൾപ്പെട്ട ആദ്യ ഭവനത്തിന് അർഹരായ കൈമാപറമ്പിൽ ബാബു- റൂബി ദമ്പതികളുടെ കുടുംബത്തിന് വേദി പ്രസിഡന്‍റ് മുഹമ്മദ് മുസ്തഫ, ജനറൽ സെക്രട്ടറി ശ്രീനിവാസൻ, ട്രഷറർ പ്രമോദ്, ഭവനപദ്ധതി ചെയർമാൻ അബ്ദുൽ ജബ്ബാർ, കോഓഡിനേറ്റർ വി.കെ. സലിം, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഖത്തറിൽ നിന്നും ആശംസകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.