കാലാവസ്ഥാ മാറ്റം: കുട്ടികളിൽ പനി വർധിക്കുന്നു
text_fieldsദോഹ: അന്തരീക്ഷ താപനില കൂടുതൽ താഴ്ന്നതോടെ കുട്ടികളിലെ പനി വർധിക്കുന്നതായി മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞു. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള അഞ്ച് പീഡിയാട്രിക് സെൻററുകളിലും ജലദോഷവും പനിയും ബാധിച്ച കേസുകളിൽ വലിയ വർധനവാണ് ഈ ആഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.
കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും പുതിയ സ്കൂൾ ടേമിെൻറ ആരംഭമാണിതെന്നും പി.ഇ.സി അസി. ഡയറക്ടറും പീഡിയാട്രിക് എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ടൻറുമായ ഡോ. മുഹമ്മദ് അൽ അംരി പറഞ്ഞു.
ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള അഞ്ച് പീഡിയാട്രിക് സെൻററുകളിലുമായി ദിവസത്തിൽ 3000ഓളം കേസുകളാണ് എത്തുന്നത്.
അൽ സദ്ദിലെ പീഡിയാട്രിക് സെൻററിൽ മാത്രം ഒരു ദിവസം 1700 രോഗികളാണ് എത്തിയത്. അൽ റയ്യാനിൽ 750 രോഗികളും ഓൾഡ് എയർപോർട്ട് സെൻററിൽ 300ഉം ചികിത്സ തേടിയെത്തിയിട്ടുണ്ട്.
അൽ ദആയിൻ, അൽ ശമാൽ പീഡിയാട്രിക് സെൻററുകളിൽ ദിവസേന 200ഓളം രോഗികളാണ് എത്തുന്നത്. ഡോ. അൽ അംരി പറഞ്ഞു.
രോഗികളുടെ വർധനവ് കണക്കിലെടുത്ത് നഴ്സിംഗ്, മെഡിക്കൽ സ്റ്റാഫുകളുടെ എണ്ണവും കേന്ദ്രങ്ങളിൽ അധികരിപ്പിച്ചിട്ടുണ്ട്. ഏത് അടിയന്തര ഘട്ടവും നേരിടുന്നതിന് സജ്ജമാണ് പീഡിയാട്രിക് എമർജൻസി കേന്ദ്രങ്ങൾ. രോഗം നിസ്സാരമാണെങ്കിൽ പ്രാദേശിക ഹെൽത്ത് സെൻററുകളിലാണ് ചികിത്സിക്കേണ്ടതെന്നും പി.ഇ.സികളിൽ അടിയന്തര കേസുകളാണെടുക്കുന്നതെന്നും അൽ അംരി സൂചിപ്പിച്ചു.
പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ വൈറസുകൾ വ്യാപിക്കുന്നതിനുള്ള ഏറ്റവും മികച്ച അന്തരീക്ഷമാണ് ശൈത്യകാലം.
ആൻറിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗത്തെ സംബന്ധിച്ചും ഡോക്ടർ മുന്നറിയിപ്പ് നൽകി. ബാക്ടീരിയ മൂലമുണ്ടാകുന്ന ഇൻഫെക്ഷനുകൾക്കും ഇയർ ഇൻഫക്ഷനുകൾക്കും മാത്രമാണ് ആൻറിബയോട്ടിക്കുകൾ നൽകേണ്ടത്.
വൈറൽ ബാധക്ക് ആൻറിബയോട്ടിക്കുകൾ ഒരു നിലക്കും ഗുണം ചെയ്യുകയില്ലെന്നും ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ ഇവ നശിപ്പിക്കുകയും ചെയ്യുമെന്നും ഡോക്ടർ അൽ അംരി പറഞ്ഞു. കുട്ടികളിലെ അസുഖങ്ങൾ വർധിക്കുന്നത് തടയുന്നതിൽ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും വലിയ പങ്ക് വഹിക്കാൻ സാധിക്കും.
കൂടിയ ചൂട് പോലെയുള്ള കുട്ടികളിലെ രോഗലക്ഷണങ്ങൾ കണ്ടാൽ നേരത്തെ തന്നെ രക്ഷിതാക്കളുമായി ബന്ധപ്പെടണം. വ്യക്തിഗത ശുചിത്വത്തിന് കുട്ടികളിൽ കൂടുതൽ ബോധവൽകരണം നടത്തുക, രോഗാവസ്ഥയിലുള്ള കുട്ടികൾക്ക് കൂടുതൽ വിശ്രമമനുവദിക്കുകയും മറ്റു കുട്ടികളിൽ നിന്ന് അവരെ അകറ്റി നിർത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ സ്കൂളധികൃതർക്ക് ചെയ്യാനാകും. കൂടാതെ വീടുകളിലെ ചെറിയ കുട്ടികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുന്നതിലൂടെയും രോഗം പകരുന്നത് ഏറെക്കുറെ തടയാനാകും. പീഡിയാട്രിക് എമർജൻസി മെഡിസിനിൽ അടിയന്തരാവശ്യങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ സ്ഥാപിച്ചിട്ടുണ്ട്. 4439 6011, 4439 6066 നമ്പറുകളിലാണ് വിളിക്കേണ്ടത്. മാസത്തിൽ 200ലധികം ഫോൺകോളുകളാണ് ഇത് വഴി സ്വീകരിക്കുന്നതെന്ന് ഡോ. അൽ അംരി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.