എച്ച്.എം.സി ട്രാവൽ ക്ലിനിക് പ്രവർത്തനം വിപുലീകരിച്ചു
text_fieldsദോഹ: എച്ച്.എം.സിക്ക് കീഴിലുള്ള കമ്യൂണിക്കബ്ൾ ഡിസീസ് സെന്ററിലെ (സി.ഡി.സി) ട്രാവൽ ക്ലിനിക് പ്രവർത്തനം വിപുലീകരിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ട്രാവൽ ക്ലിനിക്കിലെത്തുന്ന സന്ദർശകരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് പ്രവർത്തനം വിപുലീകരിച്ചിരിക്കുന്നത്.
2017ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം 4366 യാത്രക്കാർ ക്ലിനിക്കിൽ സേവനം തേടി. 2021ൽ മുൻവർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ടായതായും അധികൃതർ വ്യക്തമാക്കി. നിലവിൽ ആഴ്ചയിൽ ക്ലിനിക്കിന്റെ പ്രവർത്തന സമയം രണ്ടു ദിവസമാക്കിയിട്ടുണ്ട്. സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കുകയാണെങ്കിൽ പ്രവർത്തനസമയം ദീർഘിപ്പിക്കുമെന്ന് സി.ഡി.സി മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.
ട്രാവൽ റിസ്ക് അസസ്മെൻറ്, കൗൺസലിങ്, വാക്സിനേഷൻ, പ്രൊഫിലാക്ടിക് മെഡിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് യാത്രക്കാർ ക്ലിനിക്കിലെത്തുന്നത്. യാത്ര കഴിഞ്ഞ് എത്തിയതിന് ശേഷം രോഗം ബാധിച്ചവരും മറ്റു ശാരീരിക അസ്വസ്ഥതകളുള്ളവരും ക്ലിനിക്കിലെത്തുന്നുണ്ട്. ഇവരിൽ അധികവും മലേറിയ, ടൈഫോയിഡ്, ഡെങ്കി, ചികുൻഗുനിയ തുടങ്ങിയ പനിസംബന്ധമായ രോഗങ്ങളാണ് കണ്ടെത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഖത്തർ എയർവേയ്സ് ജീവനക്കാർ, വിദ്യാർഥികൾ, തൊഴിലാളികൾ, പൊതുജനങ്ങൾ തുടങ്ങി യാത്രക്കാരല്ലാത്തവരും വാക്സിൻ സ്വീകരിക്കുന്നതിനായി ക്ലിനിക്കിലെത്തുന്നുണ്ട്. ബോധവത്കരണ കാമ്പയിനുകളുടെ ഫലമായി ക്ലിനിക്കിൽ സേവനം തേടിയെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. യാത്രസംബന്ധമായ വാക്സിൻ, അഡൽട്ട് ഇമ്യൂണൈസേഷൻ വാക്സിൻ എന്നിങ്ങനെ രണ്ട് തരം വാക്സിനുകളാണ് ഇപ്പോൾ ക്ലിനിക്കിൽ വിതരണം ചെയ്യുന്നത്.
വാക്സിൻ സ്വീകരിക്കുന്നവർ യാത്രക്ക് 4-6 ആഴ്ചകൾക്ക് മുമ്പുതന്നെ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും ഒരേ സമയം വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയില്ലെന്നും ഇൻഫെക്ഷ്യസ് ഡിസീസ് ആൻഡ് ട്രാവൽ മെഡിസിൻ സീനിയർ കൺസൾട്ടൻറ് ഡോ. മുഹമ്മദ് ഖത്താബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.