സി.എം.സി തെരഞ്ഞെടുപ്പ്; വോട്ടർ രജിസ്ട്രേഷൻ 30 മുതൽ
text_fieldsദോഹ: ജൂൺ 22ന് നടക്കുന്ന ഖത്തർ സെൻട്രൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടപടികൾക്ക് ഏപ്രിൽ 30ന് തുടക്കമാവുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞയാഴ്ച വന്നതിനു പിന്നാലെ, ആദ്യ പടിയായ വോട്ടർ രജിസ്ട്രേഷന് ഞായറാഴ്ച തുടക്കമാവും. ഖത്തറിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പ്രതിനിധി തെരഞ്ഞെടുപ്പാണ് സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്കുള്ള വോട്ടെടുപ്പ്. ഏപ്രിൽ 30 മുതൽ മേയ് നാല് വരെയാണ് വോട്ടർമാരുടെ രജിസ്ട്രേഷൻ നടപടികൾ. സമ്മതിദാനാവകാശം വിനിയോഗിക്കാൻ അർഹരായവർ രജിസ്റ്റർ ചെയ്യുന്നതാണ് ഈ പ്രക്രിയ.
രജിസ്ട്രേഷൻ കഴിഞ്ഞാൽ, വോട്ടർമാരുടെ പ്രാഥമിക പട്ടിക മേയ് ഏഴിന് പ്രസിദ്ധീകരിക്കും. മേയ് ഏഴിനും 11നുമിടയിലായി പട്ടിക സംബന്ധിച്ച പരാതികൾ ബോധിപ്പിക്കാം. മേയ് എട്ടിനും 18നുമിടയിലായി പരാതികളിൽ അന്തിമ തീർപ്പു കൽപിക്കും. മേയ് 21 അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ, അന്നേ ദിവസം മുതൽ സ്ഥാനാർഥികളുടെ നാമനിർദേശവും ആരംഭിക്കും. മേയ് 25 വരെയാണ് സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സ്വീകരിക്കുന്നത്. പ്രാഥമിക പട്ടിക 28ന് പ്രസിദ്ധീകരിക്കും. പരാതികൾ പരിഹരിച്ച ശേഷം, അന്തിമ സ്ഥാനാർഥി പട്ടിക ജൂൺ 11ന് പ്രസിദ്ധീകരിക്കും. ഇതേ ദിവസംതന്നെ സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാവുന്നതാണ്.
തെരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുള്ള സൂപ്പർവൈസറി കമ്മിറ്റിയുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രതിനിധികളാകും സ്ഥാനാർഥികളുടെ വോട്ടെടുപ്പ് പ്രചാരണ പരസ്യങ്ങൾ സംബന്ധിച്ച് അനുമതി നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിന്റെ മാർഗനിർദേശങ്ങൾ സമിതി പുറത്തിറക്കും. അംഗീകൃത പരസ്യ സ്ഥാപനങ്ങൾ വഴി, നിയമവിധേയമായി മാത്രമേ സ്ഥാനാർഥികൾക്ക് തങ്ങളുടെ പ്രചാരണ പരസ്യങ്ങൾ നൽകാൻ കഴിയൂ എന്ന് അൽ റയ്യാൻ മുനിസിപ്പാലിറ്റി ടെക്നിക്കൽ വിഭാഗം ഡയറക്ടർ ഖലീഫ മുഹമ്മദ് അൽ ഖയാറിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.