വരുന്നൂ.. ആഘോഷങ്ങളുടെ ‘പാസേജ് ടു ഇന്ത്യ’
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് ആഘോഷങ്ങളുടെ മൂന്നു രാവുകളുമായി ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) പാസേജ് ടു ഇന്ത്യയെത്തുന്നു.
മാർച്ച് ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി വിവിധ കലാ, സാംസ്കാരിക പരിപാടികളോടെ ഖത്തർ മ്യൂസിയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (മിയ) പാർക്ക് വേദിയിൽ അരങ്ങേറുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യ-ഖത്തർ നയതന്ത്ര സൗഹൃദത്തിന്റെ 50ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കൂടുതൽ വിപുലമായ പരിപാടികളോടെയാവും ഇത്തവണ ‘പാസേജ് ടു ഇന്ത്യ’യെത്തുന്നത്.
ഇന്ത്യയിലെയും ഖത്തറിലെയും കലാകാരന്മാരുടെ വിരുന്നിനൊപ്പം കരകൗശല മേള, ഭക്ഷ്യഉത്സവം, വസ്ത്ര-ആഭരണ പ്രദർശനം എന്നിവയും ഒരുക്കുന്നുണ്ട്. കേരളം മുതൽ കശ്മീർ വരെ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ വൈവിധ്യമായി പാസേജ് ടു ഇന്ത്യ വേദി മാറുമെന്ന് അംബാസഡർ അറിയിച്ചു.
‘എട്ടു ലക്ഷത്തോളം ഇന്ത്യക്കാരുമായി ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യ. വ്യത്യസ്ത സംഗീതങ്ങൾ, നൃത്തം, രുചി വൈവിധ്യങ്ങൾ, കരകൗശല കാഴ്ചകൾ തുടങ്ങി സാംസ്കാരിക പ്രദർശനമായിരിക്കും മൂന്നു ദിവസത്തെ വേദി.
എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കൾചറൽ സെന്റർ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യക്കാർക്ക് പുറമെ, ഖത്തറിലെ സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികൾക്കും ഇന്ത്യയുടെ കലാ, സാംസ്കാരിക വൈവിധ്യം അടുത്തറിയാനുള്ള വേദിയായി മൂന്നു ദിവസത്തെ ആഘോഷങ്ങൾ മാറും. സംഘാടകർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ’ -അംബാസഡർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദീർഘകാല പ്രവാസികൾക്ക് ആദരവ്
ദോഹ: ഖത്തറിലെ ദീർഘകാല പ്രവാസികളെ ‘പാസേജ് ടു ഇന്ത്യ’ ചടങ്ങിൽ ആദരിക്കുമെന്ന് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അറിയിച്ചു. മൂന്നു വിഭാഗങ്ങളിലായാണ് ഇത്തവണ പ്രവാസികൾക്ക് ആദരവ് നൽകുന്നത്.
മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വീട്ടുവേലക്കാർ, ഗാർഹിക തൊഴിലാളികൾ എന്നിവരെയും ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 1983ന് മുമ്പായുള്ള പ്രവാസികൾ (40 വർഷത്തിൽ കൂടുതൽ), 1998ന് മുമ്പ് ഖത്തറിലുള്ള വീട്ടുവേലക്കാരികൾ (25 വർഷം), 1993ന് മുമ്പായി ഖത്തറിലുള്ള (30 വർഷം) വീട്ടുഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 40 ദീർഘകാല പ്രവാസികളെയാണ് ആദരിക്കുന്നത്.
സ്വന്തമായും അല്ലാതെയും ആദരവിനായി നാമനിർദേശം നൽകാം. അപേക്ഷകരിൽനിന്ന് ഏറ്റവും കൂടുതൽ വർഷം ഖത്തറിലുള്ള പ്രവാസികളെ തിരഞ്ഞെടുക്കും.
ആഘോഷങ്ങളുടെ മൂന്നുദിനം
മാർച്ച് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയാകും പാസേജ് ടു ഇന്ത്യ പരിപാടികൾക്ക് ‘മിയ’ പാർക്ക് വേദിയാകുന്നത്. ഇന്ത്യയിൽ നിന്നുള്ള ഖവാലി സംഘത്തിന്റെ പ്രകടനമാണ് വെള്ളി, ശനി ദിവസങ്ങളെ ശ്രദ്ധേയമാക്കുന്നത്. 300ഓളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര, ഗർബ നൃത്തം, ഖത്തർ ആഭ്യന്തര മന്ത്രാലയം ഡോഗ് സ്ക്വാഡിന്റെ ഡോഗ് ഷോ, ലൈവ് മ്യൂസിക്കൽ ഷോ, ചെണ്ടമേളം എന്നിവയും അരങ്ങേറും.
അതിവേഗത്തിലെ റിവേഴ്സ് പെയിന്റിങ്ങിലൂടെ ശ്രദ്ധേയനായ വിലാസ് നായകിന്റെ മൂന്നു ദിവസത്തെ തത്സമയ പെയിന്റിങ്ങും അരങ്ങേറും. ഇതോടൊപ്പം, ഖത്തറിലെ പ്രവാസി ഇന്ത്യക്കാരായ 100ഓളം ഫോട്ടോഗ്രഫർമാരുടെ പ്രദർശനവുമുണ്ട്.
മൂന്നു ദിവസങ്ങളിലും സൗജന്യ പ്രവേശനം അനുവദിക്കും. വേദിയിലേക്ക് ഷട്ടിൽ സർവിസ് ബസ് സൗകര്യവുമൊരുക്കും. പിക് അപ് പോയന്റുകൾ സംബന്ധിച്ച് വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും.
അശോക ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ദിനകർ ശങ്ക്പാൽ, സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.സി.സി വൈസ് പ്രസിഡന്റ് ഹെബ്ബഗേലു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.