വരൂ തിമിംഗല സ്രാവുകളെ കാണാം
text_fieldsദോഹ: ഖത്തറിന്റെ തീരത്ത് അതിഥികളായെത്തുന്ന കൂറ്റൻ തിമിംഗല സ്രാവുകളെ കാണാനും അറിയാനുമായി സഞ്ചാരികൾക്ക് അവസരമൊരുക്കി ഖത്തർ ടൂറിസം. 'ഡിസ്കവർ ദി വെയ്ൽഷാർക്സ് ഓഫ് ഖത്തർ' എന്ന പേരിൽ അതിഥികൾക്ക് പ്രൈവറ്റ് ചാർട്ടർ യാട്ടുകളിലും ഹൈസ്പീഡ് ബോട്ടുകളിലും പുറംകടലിൽ സഞ്ചരിച്ച് തിമിംഗല സ്രാവുകളെ കാണാനാണ് അവസരം. 12 മീറ്റർ വലുപ്പവും, കൂറ്റൻ ആകാരവുമായി കടലിലെ രാജാക്കൻമാരായി വാഴുന്ന തിമിംഗല സ്രാവുകളുടെ സംഗമകാലത്തിനാണ് ഖത്തർ കടൽതീരം വേദിയാവുന്നത്.
60 ദശലക്ഷത്തിലേറെ മുമ്പുതന്നെ കടലിലെ സാന്നിധ്യമായി പറയപ്പെടുന്ന ഈ മത്സ്യവിഭാഗത്തിന് 100 വർഷം വരെയാണ് ആയുസ്സ് കണക്കാക്കുന്നത്. മേയ് മുതൽ ഒക്ടോബർ വരെ ഷഹീൻ എണ്ണപ്പാടം ഉൾപ്പെടെ ഖത്തറിന്റെ വടക്കൻ സമുദ്രമേഖലയിൽ ഇവയെ കൂട്ടത്തോടെ കാണപ്പെടും.
ഇവരുടെ വരവ് സംബന്ധിച്ച് കഴിഞ്ഞയാഴ്ച പരിസ്ഥിതി മന്ത്രാലയം അറിയിപ്പ് നൽകിയിരുന്നു. കരുതലോടെ സംരക്ഷിക്കപ്പെടുന്ന തിമിംഗല സ്രാവുകളിലേക്ക് തങ്ങളുടെ വിനോദസഞ്ചാരത്തിന് വഴിയൊരുക്കുകയാണ് ഖത്തർ ടൂറിസം.
ജീവിതത്തിലെ അപൂർവമായ അനുഭവം സ്വന്തമാക്കാനും ഖത്തറിന്റെ ജൈവവൈവിധ്യങ്ങളെ കുറിച്ച് അറിയാനും ആഗ്രഹിക്കുന്നവർക്കുള്ള വിനോദസഞ്ചാരമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടൂറിസം ചെയർമാൻ അക്ബർ അൽ ബാകിർ പറഞ്ഞു. 20 പേരെ ഉൾക്കൊള്ളുന്ന പ്രൈവറ്റ് ചാർട്ടർ ടൂറിന് 1.18 ലക്ഷം റിയാലാണ് നിരക്ക്. 121 അടി ദൈർഘ്യമുള്ള ആഡംബര ബോട്ടിലായിരിക്കും കടലിലേക്കുള്ള യാത്ര.
25 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഹൈസ്പീഡ് ബോട്ടുകൾ വഴിയും യാത്രാ സൗകര്യമുണ്ട്. ഒരാൾക്ക് 1800 റിയാൽ വരെയാണ് ഇതിന്റെ നിരക്ക്. മേയ് 21 മുതൽ ഡിസ്കവർ ഖത്തർ വഴി തിമിംഗല സ്രാവുകളെ സന്ദർശിക്കാനുള്ള ബുക്കിങ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.