ഖത്തർ വഴി യു.എ.ഇയിൽ വരാം, ആശങ്കയില്ലാതെ...
text_fieldsഖത്തർ വഴി യു.എ.ഇയിലേക്ക് യാത്രക്കാർ എത്തിത്തുടങ്ങി. അർമേനിയ, ഉസ്ബെകിസ്താൻ വഴി യാത്ര ചെയ്തവർക്ക് പുതിയ വഴിയാണ് ഇതോടെ തുറന്നത്. ഖത്തർ വഴി യു.എ.ഇയിൽ എത്തിയ ആദ്യ മലയാളി സംഘത്തിൽപെട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയും അഡ്നോക് ജീവനക്കാരനുമായ വി.പി രാകേഷ് അനുഭവം വിവരിക്കുന്നു...
കോഴിക്കോടുനിന്ന് 11,300 രൂപ
ഖത്തർ വഴി യാത്രാസാധ്യത തെളിഞ്ഞപ്പോൾ തന്നെ ഞാനും സുഹൃത്ത് മുക്കം താണിക്കണ്ടി ജസീറും സ്വന്തം നിലയിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കോഴിക്കോടുനിന്ന് 11,300 രൂപ ആയിരുന്നു ടിക്കറ്റ് നിരക്ക് (ഇപ്പോൾ 30,000 രൂപ കടന്നു). ഹോട്ടൽ ബുക്ക് ചെയ്തത് സ്വന്തം നിലയിലാണ്. ക്വാറൻറീൻ നിർബന്ധമായതിനാൽ 'ഡിസ്കവർ ഖത്തർ' സൈറ്റ് വഴിയാണ് ബുക്ക് ചെയ്തത്.
ഹോട്ടലിൽ ചെലവായത് 6400 റിയാൽ
ഞങ്ങൾക്ക് രണ്ട് പേർക്കും ചേർന്ന് 6400 റിയാലാണ് പത്ത് ദിവസത്തേക്ക് ഹോട്ടലിൽ ചെലവായത്. മൂന്ന് നേരം ഭക്ഷണം, പി.സി.ആർ പരിശോധന അടക്കമായിരുന്നു ഹോട്ടൽ പാക്കേജ്. 5000 റിയാലിെൻറ പേരിൽ ചിലരെ മടക്കിയയച്ചു എന്ന് പിന്നീട് അറിഞ്ഞെങ്കിലും ഞങ്ങളോട് വിമാനത്താവളത്തിൽ ഇക്കാര്യം ആരും ചോദിച്ചില്ല. പിന്നീട് വന്ന സുഹൃത്തുക്കളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, ഡൽഹി വിമാനത്താവളം വഴി വന്ന ചിലരോട് ഇന്ത്യയിേലക്കുള്ള റിട്ടേൺ ടിക്കറ്റ് ആവശ്യപ്പെട്ടതായി അറിയുന്നു. ഞങ്ങളുടെ റിട്ടേൺ ടിക്കറ്റായി പരിഗണിച്ചത് അബൂദബിയിലേക്കുള്ള ടിക്കറ്റായിരുന്നു.
അബൂദബിക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂർ മുൻപ് മറ്റൊരു പി.സി.ആർ പരിശോധന ആവശ്യമുണ്ടായിരുന്നു. ഇത് സ്വന്തം നിലയിൽ ചെയ്യണം. പലയിടത്തും പല നിരക്കായിരുന്നു. 200, 220, 260, 300 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. 200 റിയാൽ മുടക്കിയാണ് ഞങ്ങൾ ടെസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന ഫലം മാത്രമാണ് ആവശ്യപ്പെട്ടത്.
അബൂദബിയിലേക്ക് 410 ദിർഹം
ആഗസ്റ്റ് ഒന്നിന് രാവിലെ അബൂദബിയിൽ എത്തി. 410 ദിർഹമായിരുന്നു അബൂദബിയിലേക്ക് നിരക്ക്. ഇവിടെയും കാര്യമായ പരിശോധന ഉണ്ടായിരുന്നില്ല. എന്നാൽ, ഓൺ അറൈവലുകാർക്കുള്ള എം.ഒ.എച്ചിെൻറ േഫാം പൂരിപ്പിച്ചത് ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് അറിവില്ലെന്ന് പറഞ്ഞപ്പോൾ അവർ തന്നെ ഫോം നൽകി. താമസിക്കുന്ന വിലാസവും ഫോൺ നമ്പറും പാസ്പോർട്ട് കോപ്പിയുമാണ് അതിൽ നൽകേണ്ടത്. പി.സി.ആർ പരിശോധന പൂർത്തിയാക്കി റിസ്റ്റ് ബാൻഡ് നൽകി. ഗ്രീൻ പട്ടികയിൽ ഉൾപെടാത്ത രാജ്യം വഴി എത്തിയതിനാൽ ഏഴ് ദിവസം ക്വാറൻറീൻ വേണമെന്ന് അറിയിച്ചു.
ആറാം ദിവസം പരിശോധന നടത്തി നെഗറ്റീവായാൽ ഏഴാം ദിവസം പുറത്തിറങ്ങാമെന്നും അവർ പറഞ്ഞു. ഇപ്പോൾ ഹോം ക്വാറൻറീനിൽ കഴിയുകയാണ്. ഖത്തർ വഴി വരുന്നവർ ആശങ്കപ്പെടേണ്ട കാര്യവുമില്ല. സുരക്ഷിത യാത്രയാണ് ഖത്തറും യു.എ.ഇയും വാഗ്ദാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.