വരുന്നു, മൃഗങ്ങൾക്കായി വമ്പൻ ക്വാറൻറീൻ കേന്ദ്രങ്ങൾ
text_fieldsദോഹ: രാജ്യത്തെത്തുന്ന കന്നുകാലികളടക്കമുള്ള മൃഗങ്ങൾക്കായി വൻകിട ക്വാറൻറീൻകേന്ദ്രങ്ങൾ വരുന്നു. ഹമദ് തുറമുഖത്തും റുവൈസ് തുറമുഖത്തുമായി രാജ്യത്തെത്തുന്ന മൃഗങ്ങൾക്കായാണ് രണ്ട് വമ്പൻ ക്വാറൻറീൻ കേന്ദ്രങ്ങളുടെ നിർമാണത്തിന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം തുടക്കം കുറിച്ചത്. ഹമദ് തുറമുഖം, റുവൈസ് തുറമുഖം എന്നിവിടങ്ങളിലായി 95 ദശലക്ഷം റിയാൽ ചെലവിലാണ് ഈ കേന്ദ്രങ്ങൾ നിർമിക്കുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ആനിമൽ റിസോഴ്സ് വകുപ്പാണ് അത്യാധുനിക നിലവാരത്തിൽ ക്വാറൻറീൻ കേന്ദ്രങ്ങളുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്. ഉന്നത അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെ നിർമിക്കുന്ന കേന്ദ്രത്തിൽ വിദഗ്ധ പരിശീലനം നേടിയ ജീവനക്കാരെയും നിയമിക്കും.
ഈ വർഷം അവസാന പാദത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മന്ത്രാലയത്തിലെ കന്നുകാലി വിഭാഗത്തിെൻറ നിർദേശം ലഭിക്കുന്നതോടെ പ്രവർത്തനവും ആരംഭിക്കും. രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും തിരിച്ചും രോഗം പടരുന്നത് ഒഴിവാക്കുകയാണ് ക്വാറൻറീൻ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. തുറമുഖങ്ങൾ വഴി രാജ്യത്തേക്കെത്തുന്ന കന്നുകാലികളെ പുറത്തിറക്കുന്നതിന് മുമ്പായി ക്വാറൻറീൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കും.
ഇവിടെ വെച്ച് മൃഗങ്ങൾക്ക് പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ളവ ഇല്ലെന്ന് ഉറപ്പുവരുത്തും. പൊതുമരാമത്ത് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഈ മേഖലയിൽ വൈദഗ്ധ്യം നേടിയ ദേശീയ കമ്പനിയാണ് 95 ദശലക്ഷം റിയാലിൽ ക്വാറൻറീൻ കേന്ദ്രം നിർമിക്കുക. ഭരണനിർവഹണ കെട്ടിടം, ലബോറട്ടറികൾ, വെറ്ററിനറി ക്ലിനിക്കുകൾ, അറവുശാലകൾ എന്നിവയെല്ലാം ഇതിലുൾപ്പെടും.
റുവൈസ് തുറമുഖത്തിനടുത്ത് 30,000 ചതുരശ്രമീറ്റർ മീറ്റർ വിസ്തൃതിയിലാണ് കേന്ദ്രം നിർമിക്കുന്നത്. 16,000 ആടുകൾ, 1600 ഒട്ടകങ്ങൾ, 2600 പശുക്കൾ എന്നിവയെ ഇതിലുൾക്കൊള്ളാനാകും. മണിക്കൂറിൽ 650 കിലോഗ്രാം വരെ ശേഷിയുള്ള ഇൻസിനറേറ്ററും (പ്രത്യേകചൂള) ഇവിടെ സ്ഥാപിക്കുന്നുണ്ട്.
അതേസമയം, ഹമദ് തുറമുഖത്തിനടുത്ത് നിർമിക്കുന്ന ക്വാറൻറീൻ കേന്ദ്രത്തിന് 90,000 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ടാകും. 2000 ഒട്ടകങ്ങൾ, 40,000 ആടുകൾ, 4000 പശുക്കൾ എന്നിവയെ ഉൾക്കൊള്ളാൻ വിധത്തിലാണ് കേന്ദ്രത്തിെൻറ നിർമാണം. മണിക്കൂറിൽ 650 കിലോഗ്രാം വരെ ശേഷിയുള്ള ഇൻസിനറേറ്റർ ഇവിടെയും സ്ഥാപിക്കുന്നുണ്ട്.
കൃഷി-കന്നുകാലി സെൻസസ് പുരോഗമിക്കുന്നു
രാജ്യത്ത് നിലവിൽ കൃഷി കന്നുകാലി കണക്കെടുപ്പ് പുരോഗമിക്കുകയാണ്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണിത്.
കാർഷികമേഖലയിൽ പുതിയ നയം രൂപവത്കരിക്കാനും മേഖലയുടെ വികസനത്തിനായി പുതുപദ്ധതികൾ ആവിഷ്കരിക്കാനുമാണ് സെൻസസിലൂടെ വിവരശേഖരണം നടത്തുന്നത്.
2023ൽ കാർഷികമേഖലയിലെ സ്വയംപര്യാപ്തത 70 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ഇത്തരത്തിലുള്ള പ്രക്രിയകളിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യമേഖലയിലെ വിവിധ പദ്ധതികൾ മൂലം രാജ്യത്തെ കന്നുകാലി സമ്പത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. 1230 കൃഷിഫാമുകൾ, 7200 കന്നുകാലി ഫാമുകൾ തുടങ്ങി രാജ്യത്തിെൻറ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥപനങ്ങളിലാണ് സെൻസസ് നടപടികൾ നടക്കുക. 2000ത്തിലാണ് കാർഷിക കന്നുകാലി മേഖലയിൽ രാജ്യത്ത് അവസാന കണെക്കടുപ്പ് നടത്തിയിരുന്നത്.
മുനിസിപ്പാലിറ്റി പരിസ്ഥിതി വകുപ്പിന് കീഴിലുള്ള ലൈവ്സ്റ്റോക്ക് വകുപ്പിെൻറ നിലവിലുള്ള കണക്കനുസരിച്ച് രാജ്യത്തെ ആകെ കന്നുകാലികളുടെ എണ്ണം 1,707,547 ആണ്. ഒട്ടകങ്ങൾ, ചെമരിയാടുകൾ, പശു, ആടുകൾ എന്നിവയടക്കമാണിത്.
ഫാമുകളിലെ കന്നുകാലികളുടെ ദേശീയ രജിസ്റ്റിൽ 2016 ആഗസ്റ്റ് അവസാനം വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1.2 മില്ല്യൺ കന്നുകാലികളാണ്. 131,080 ആണ് ആകെയുള്ള ഒട്ടകങ്ങളുെട എണ്ണം. ചെമരിയാടുകൾ 1,094,217 എണ്ണമുണ്ട്.
ആടുകൾ 441,279 എണ്ണമാണുള്ളത്. ആകെയുള്ള പശുക്കൾ 40,971 ആണ്. ആകെയുള്ള കന്നുകാലി കർഷകരുടെ എണ്ണം 17,866 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.