വരുന്നത് കൂടുതൽ അധികാരമുള്ള പുതിയ ശൂറാകൗൺസിൽ
text_fieldsദോഹ: അടുത്ത ശൂറാ കൗൺസിലിന് കൂടുതൽ നിയമനിർമാണാധികാരവും മേൽനോട്ട അധികാരവുമുണ്ടായിരിക്കുമെന്ന് നിയമകാര്യ വിഭാഗം മേധാവി ബ്രിഗേഡിയർ സലീം സഖ്ർ അൽ മുറൈഖി. രാജ്യത്തിെൻറ കാര്യങ്ങളിലും പുതിയ തീരുമാനങ്ങളിലും കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ശൂറാ കൗൺസിൽ അംഗങ്ങളെ ജനാധിപത്യമായ രീതിയിൽ തെരഞ്ഞെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വർഷം ഒക്ടോബറിലാണ് ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുക. ഖത്തറിെൻറ വികസനപ്രക്രിയയിൽ സുപ്രധാന ചുവടുവെപ്പായിരിക്കുമത്.
പുതിയ ശൂറാ കൗൺസിലിന് പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാരെ വിളിച്ച് കൗൺസിലിന് മുന്നിൽ ഹാജരാക്കാനും ശാസിക്കാനും മന്ത്രിമാരെ പിരിച്ചുവിടാനും സർക്കാറിെൻറ സാമ്പത്തിക കൈകാര്യങ്ങളിൽ ഇടപെടാനും ബജറ്റിന് അംഗീകാരം നൽകാനുമൊക്കെ അധികാരമുണ്ടായിരിക്കും. ഖത്തർ റേഡിയോയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രാലയം നിയമകാര്യ വിഭാഗം മേധാവി. കഴിഞ്ഞ വർഷം നവംബറിലാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുതിയ ശൂറാകൗൺസിലിലേക്ക് ജനാധിപത്യ രീതിയിൽ തെരെഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. കൗൺസിൽ തെരഞ്ഞെടുപ്പിനായുള്ള എല്ലാ തയാറെടുപ്പുകളും നടത്താൻ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
രാജ്യത്തിെൻറ എല്ലാ മേഖലകളെയും പ്രതിനിധീകരിച്ചുള്ള സമഗ്രസമിതിയായിരിക്കും അടുത്ത ശൂറാ കൗൺസിലെന്ന് ഉറപ്പു നൽകാൻ സാധിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
ഇതിനായി ഓരോ മണ്ഡലങ്ങൾ പ്രഖ്യാപിക്കും. ഒരു മണ്ഡലത്തിൽ നിന്നും ഒരു പ്രതിനിധി മാത്രമായിരിക്കും സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക. ഇപ്രകാരം ഖത്തറിെൻറ ഭൂപ്രകൃതി അനുസരിച്ച് 30 മണ്ഡലങ്ങളാണ് നിലവിൽ തയാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് പ്രക്രിയ പൂർണമായും സുതാര്യമായിരിക്കും. ഇതിന് പ്രത്യേക പ്രതിനിധികളെ നിയമിക്കും.സ്ഥാനാർഥികളുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ.
അതിനാൽ തെരഞ്ഞെടുപ്പിെൻറ മുഴുവൻ പ്രക്രിയയും പൂർണമായും സ്ഥാനാർഥിയുടെയും അവരുടെ പ്രതിനിധികളുടെയും കൺമുന്നിലായിരിക്കും നടക്കുക. മാധ്യമ സ്ഥാപനങ്ങൾക്കും സിവിൽ സൊസൈറ്റി സംഘടനകൾക്കും മറ്റുള്ളവക്കും തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പ്രക്രിയ സംബന്ധിച്ച് അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരിക്കും.
ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി അദ്ദേഹത്തെ തെരഞ്ഞെടുത്ത മണ്ഡലത്തെയായിരിക്കും ശൂറാ കൗൺസിലിൽ പ്രതിനിധീകരിക്കുക. മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർഥികൾക്ക് തുല്യ അവസരമായിരിക്കും ലഭിക്കുക.ശൂറാ കൗൺസിലിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾക്കുള്ള വിദേശഫണ്ടിങ് പൂർണമായും വിലക്കപ്പെട്ടിട്ടുണ്ട്. വോട്ട് വില കൊടുത്ത് വാങ്ങുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണെന്നും ബ്രിഗേഡിയർ സലീം സഖ്ർ അൽ മുറൈഖി മുന്നറിയിപ്പ് നൽകി.
ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സമിതി രൂപവത്കരിക്കുന്നത് സംബന്ധിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഈയടുത്ത് ഉത്തരവിറക്കിയിരുന്നു. അമീരി ഉത്തരവ് നമ്പർ 47 പ്രകാരം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയായിരിക്കും സമിതി അധ്യക്ഷൻ. മന്ത്രിമാരും ഉന്നത വ്യക്തികളും വിദഗ്ധരും സമിതിയിൽ അംഗങ്ങളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.