വയനാടിന് ഹൃദയാഞ്ജലിയുമായി പ്രവാസി സംഗമം
text_fieldsദോഹ: കേരളം കണ്ട വലിയ പ്രകൃതിദുരന്തത്തിന് ഇരയായവരെ ചേർത്തുപിടിച്ചും ഉറ്റവരെയും ഉടയവരെയും നഷ്ടമായ മനുഷ്യർക്ക് ആശ്വാസം പകർന്നും ഖത്തറിലെ പ്രവാസി സമൂഹം. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ‘വയനാടിന് ഖത്തർ പ്രവാസികളുടെ ഹൃദയാഞ്ജലി’ എന്ന പരിപാടി പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറമാണ് സംഘടിപ്പിച്ചത്.
ബന്ധുക്കൾ നഷ്ടപ്പെട്ടവരുടെ കണ്ണീരണിഞ്ഞ വാക്കുകളും, വയനാടിനെ തേടിയെത്തിയ ദുരന്തത്തിന്റെ കാരണങ്ങളും, തകർന്ന നാടിന്റെ പുനരധിവാസവുമെല്ലാം നിറഞ്ഞുനിന്ന പരിപാടിയിൽ വയനാട് ജില്ലയിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍, മേപ്പാടി പരിസരത്ത് താമസിക്കുന്നവര്‍, മുന്‍കാലങ്ങളിലെ ചെറുതും വലുതുമായി ഇത്തരം ദുരന്തങ്ങള്‍ അഭിമുഖീകരിച്ചവര്‍ എന്നിവരുടെയെല്ലാം അനുഭവങ്ങളും ആകുലതകളും പങ്കുവെച്ച സംഗമത്തിൽ ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
കേരളം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് വയനാട് സാക്ഷിയായിരിക്കുന്നതെന്നും മനോഹരമായ ഒരു ഗ്രാമം മലവെള്ളപ്പാച്ചിലില്‍ തുടച്ചുനീക്കപ്പെട്ടെന്നും മനസ്സിനും കണ്ണിനും കുളിരേകിയ വയനാടിനുണ്ടായ ഈ നൊമ്പരത്തെ ചേര്‍ത്തുനിര്‍ത്തുമെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കാണാതായവരുടെ കണക്കുകള്‍ മരണ സംഖ്യ ഇനിയും കൂട്ടുമെന്ന ഭയം പലരും പങ്കുവെച്ചു. സമാനതകളില്ലാത്ത രക്ഷാ ദൗത്യത്തെ അഭിനന്ദിക്കുകയും സൈന്യം, ദുരന്ത നിവാരണ സേന തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം കേരളത്തിലെ വിവിധ യുവജന- സന്നദ്ധ സംഘടനകള്‍ രക്ഷാപ്രവര്‍ത്തനത്തിന് മത്സരിക്കുന്ന കാഴ്ചയെയും അഭിമാനത്തോടെ ഓർത്തെടുത്തു. സ്വന്തക്കാര് നഷ്ടപ്പെട്ടതിനു പുറമെ ജീവിതത്തില്‍ സ്വരുക്കൂട്ടി വെച്ചതെല്ലാം നഷ്ടമായവരാണ് ഏറെയും. അവരെ ചേര്‍ത്തുനിര്‍ത്തണമെന്നും അപകട മേഖലയില്ലാതെ ശാസ്ത്രീയമായതും കുറ്റമറ്റരീതിയിലും പുനരധിവാസം വേഗത്തില്‍ നടപ്പിലാക്കണമെന്നും ആവശ്യമുയർന്നു. ‘ജീവനോപാധി നഷ്ടമായവര്‍ക്ക് പുതിയ വഴികള്‍ കണ്ടെത്തി നല്കി മെച്ചപ്പെട്ട ജീവിതത്തിലേക്കു കൊണ്ടുവരണം. പ്രവാസി സംഘടനകളും സന്നദ്ധ സംഘടനകളും താൽക്കാലിക സഹായങ്ങള്‍ എന്നതില്‍നിന്ന് മാറി പുനരധിവാസ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണം. അവരെ സാധാരണ ജീവിതത്തിലേക്ക് വഴി നടത്താന്‍ കൗണ്‍സലിങ് ദീര്‍ഘനാളത്തേക്ക് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണം, രേഖകളെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സാങ്കേതികതയുടെ നൂലാമാലകളില്‍ തട്ടി ആനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം’ -യോഗം അഭിപ്രായപ്പെട്ടു. ദുരന്തത്തിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികളുടെ കാര്യത്തിൽ നോർക്കയുടെ പ്രത്യേക ഇടപെടലുകൾ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍ പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തില്‍ പുനരാലോചന നടത്തേണ്ട സമയം അതിക്രമിച്ചെന്നും നേരത്തേ മുന്നറിയിപ്പ് തന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പോലുള്ളവ പരിഗണിക്കാന്‍ കാലതാമസം വരുത്തരുതെന്നും സംഗമം അഭിപ്രായപ്പെട്ടു. ദുരന്ത മുഖത്ത് പ്രവാസി വെല്‍ഫെയറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗം ലതകൃഷ്ണ വിഡിയോ കോണ്‍ഫറന്‍സിലൂടെ സദസ്സിനെ അഭിമുഖീകരിച്ചു. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കുവേണ്ടി മൗനപ്രാർഥനയും നടന്നു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഹൃദയാഞ്ജലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, സംസ്കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ശംസുദ്ദീന്‍ എം.പി, ഒ.ഐ.സി.സി ഇന്‍കാസ് ട്രഷറര്‍ നൗഷാദ്, വയനാട് കൂട്ടം പ്രതിനിധി അനസ് മാസ്റ്റര്‍, വയനാട്ടില്‍ നിന്നുള്ള ഡോ. അബൂബക്കര്‍, ഫൈസല്‍ ബത്തേരി, അനസ്, അബ്ദുസ്സമദ്, ഹാരിസ് അകരെത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖ് അലി സമാപന പ്രഭാഷണം നർവഹിച്ചു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന് സ്വാഗതവും ആക്ടിങ് ജനറല്‍ സെക്രട്ടറി റഷീദ് കൊല്ലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.