അൽ തദാമുൻ ഇൻറർസെക്ഷൻ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsദോഹ: ഡി റിങ് റോഡിൽ അൽ തദാമുൻ ഇൻറർസെക്ഷൻ (യഥാർഥ പേര് ഫരീജ് അൽ അലി ഇൻറർസെക്ഷൻ) വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. ഡി റിങ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വികസന പദ്ധതിയിൽ നിലവിലെ ട്രാഫിക് സിഗ്നൽ രണ്ടുനില ഇൻറർസെക്ഷനാക്കി മാറ്റുന്നതാണ് പ്രധാന നിർമാണ പ്രവർത്തനം.
ഡി റിങ് റോഡിനെയും റൗദത് അൽ ഖൈൽ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഫരീജ് അൽ അലി ഇൻറർസെക്ഷനിൽ ഡി റിങ് റോഡിൽ ഇരുദിശകളിലേക്കും മൂന്നുവരിപ്പാതയിൽ തുരങ്കവും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. മേഖലയിലെ ഗതാഗതക്കുരുക്കിന് ആശ്വാസം പകരുന്നതായിരിക്കും തുരങ്കനിർമാണം. ട്രാഫിക് സിഗ്നൽ ഇൻറർസെക്ഷനിൽ റൗദത് അൽ ഖൈൽ സ്ട്രീറ്റിലെ പാതകളുടെ എണ്ണം മൂന്നിൽ നിന്നും നാലാക്കി ഉയർത്താനും അശ്ഗാൽ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇൻറർസെക്ഷൻ വിപുലീകരണ പ്രവർത്തനം പൂർത്തിയാകുന്നതോടെ മേഖലയിലെ ഗതാഗതം സുഗമമാകും.
ഗതാഗത നിയന്ത്രണം ഇങ്ങനെ
ഫരീജ് അൽ അലി ഇൻറർസെക്ഷൻ വികസന പ്രവർത്തനങ്ങളോടനുബന്ധിച്ച് ഇൻറർസെക്ഷനിലെ ഡി റിങ് റോഡിൽ നാളെ മുതൽ ആറ് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം നടപ്പാക്കും. ഇൻറർസെക്ഷനിൽ റൗദത് അൽ ഖൈൽ സ്ട്രീറ്റിലും ഗതാഗതം നിർത്തലാക്കും. റൗദത് അൽ ഖൈൽ സ്ട്രീറ്റിൽ നിന്നും ഇടത് വശത്തേക്ക് ഡി റിങ് റോഡിലേക്കുള്ള ഗതാഗതവും തടസ്സപ്പെടും. വലത് വശത്തേക്കുള്ള പാത ഗതാഗത യോഗ്യമായിരിക്കും. ഡി റിങ് റോഡിൽ ഗതാഗതം തുടരുമെങ്കിലും റൗദത് അൽ ഖൈൽ സ്ട്രീറ്റിലേക്കുള്ള പാത അടച്ചിടും.
ഗതാഗത നിയന്ത്രണത്തിെൻറ ഭാഗമായി വാഹനങ്ങൾക്ക് ഉദ്ദേശ്യസ്ഥലത്ത് എത്തിച്ചേരുന്നതിന് യു–ടേൺ എടുക്കുന്നതിന് രണ്ട് പുതിയ സിഗ്നൽ കൂടി ഇവിടെ താൽക്കാലികമായി സ്ഥാപിക്കും. ഡി റിങ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ലുലു ഇൻറർസെക്ഷൻ വിപുലീകരണ പ്രവർത്തനങ്ങൾക്ക് അശ്ഗാൽ നേരത്തെ തുടക്കം കുറിച്ചിട്ടുണ്ട്. മാൾ സിഗ്നലെന്നറിയപ്പെടുന്ന നുഐജ ഇൻറർസെക്ഷൻ വികസന പ്രവർത്തനങ്ങളും പൊതുമരാമത്ത് വകുപ്പിെൻറ കീഴിൽ പുരോഗമിക്കുകയാണ്. 2022ഓടെ പൂർത്തിയാക്കുന്ന ഡി റിങ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി 4.5 കിലോമീറ്റർ നീളത്തിൽ സൈക്കിൾ, നടപ്പാതകളും അശ്ഗാൽ നിർമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.