ഖത്തറിൽ മലയാളി യാത്രക്കാരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനം ഇന്ത്യൻ എംബസി മരവിപ്പിച്ചു
text_fieldsദോഹ: കേന്ദ്രസർക്കാറിെൻറ വന്ദേഭാരത് പദ്ധതി പ്രകാരം വിമാനയാത്രക്കാരുടെ മുൻഗണനാപട്ടിക തയാറാക്കാൻ ഇന്ത്യൻ എംബസി രൂപവത്കരിച്ച കേരളത്തിനായുള്ള കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിച്ചു. തൽക്കാലം പ്രവർത്തനം നിർത്തിവെക്കാൻ എംബസിയിൽനിന്ന് കമ്മിറ്റി അംഗങ്ങൾക്ക് അറിയിപ്പ് ലഭിച്ചു. കമ്മിറ്റിയുടെ പ്രധാനി യാത്രക്കാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണമാണ് കാരണമെന്ന് അറിയുന്നു.
എന്നാൽ, കേരളത്തിലേക്കുള്ള വിവിധ വിമാനങ്ങളിലെ യാത്രക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിനകം തയാറായതിനാലാണ് പ്രവർത്തനം തൽക്കാലം നിർത്തിവെക്കുന്നതെന്നാണ് കമ്മിറ്റി അംഗങ്ങളുടെ വിശദീകരണം.
ഖത്തറിൽനിന്ന് പോയ ആദ്യ വിമാനങ്ങളിൽ അനർഹർ കയറിപ്പറ്റിയെന്നും ക്രമക്കേട് നടക്കുന്നുവെന്നും ആരോപണമുയർന്നതിെൻറ അടിസ്ഥാനത്തിലാണ് ഇന്ത്യൻ എംബസി ഓരോ സംസ്ഥാനങ്ങൾക്കുമായി വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചത്.
കേരളത്തിനും മാഹിക്കുമായുള്ള കമ്മറ്റിയെയാണ് നിലവിൽ പിരിച്ചുവിട്ടത്. കെ.എം. വർഗീസ്, അബ്ദുൽ അസീസ്, ഗോവിന്ദ്, കോയ കൊണ്ടോട്ടി, ബഷീർ തുവാരിക്കൽ എന്നിവരായിരുന്നു അംഗങ്ങൾ. കമ്മിറ്റിയുടെ രൂപവത്കരണശേഷം പല അർഹരായ ആളുകൾക്കും സ്വാധീനമില്ലാത്ത ആളുകൾക്കും കേരളത്തിലേക്കുള്ള വിമാനങ്ങളിൽ പോകാൻ കഴിഞ്ഞിരുന്നു.
എംബസിയുമായി സാധാരണക്കാർക്ക് ബന്ധപ്പെടാനുള്ള മാർഗവുമായിരുന്നു ഈ കമ്മിറ്റി. വിവിധ കമ്മിറ്റികൾ യാത്രക്കാരുടെ മുൻഗണനാപട്ടിക തയാറാക്കുകയും ഇത് എംബസിക്ക് കൈമാറുകയുമാണ് ചെയ്തിരുന്നത്. ഇതിൽ നിന്നാണ് എംബസി അന്തിമ പട്ടിക തയാറാക്കിയിരുന്നത്. അതേസമയം, മറ്റ് സംസ്ഥാനങ്ങൾക്കായുള്ള കമ്മിറ്റികളെ പിരിച്ചുവിട്ടിട്ടുമില്ല. അടുത്ത ഘട്ടത്തിൽ കേരളത്തിലേക്ക് 15 സർവിസുകളാണ് എയർഇന്ത്യ നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.