ഖത്തർ: കമ്പനികൾക്ക് പുതിയ വിസകൾക്ക് അപേക്ഷിക്കാം; ഏഷ്യൻ രാജ്യക്കാരുടെ വരവ് നീളും
text_fieldsദോഹ: പുതിയ തൊഴിൽ വിസകൾക്കുള്ള കമ്പനികളുടെ അപേക്ഷകൾ ഖത്തർ തൊഴിൽ മന്ത്രാലയം നവംബർ 15 മുതൽ സ്വീകരിച്ചുതുടങ്ങും. എന്നാൽ ഏഷ്യൻ രാജ്യക്കാരുടെ വരവ് ഇനിയും നീളും. അതത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഖത്തർ വിസ സെൻററുകൾ (ക്യു.വി.സി) പ്രവർത്തനം പുനരാരംഭിക്കാത്തതാണ് കാരണം. ഇന്ത്യയടക്കമുള്ള രാജ്യക്കാരുടെ ഖത്തറിലേക്കുള്ള പുതിയവിസ നടപടികൾ പൂർണമായും അതത് രാജ്യങ്ങളിൽ നിന്നുള്ള ക്യു.വി.സികൾ വഴിയാണ് ചെയ്യുന്നത്. കൊച്ചിയിലടക്കം പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങൾ തുറക്കാനുള്ള അറിയിപ്പുകൾ ഖത്തർ നൽകിയിട്ടില്ല. എന്നാൽ ഞായറാഴ്ച മുതൽ കമ്പനികളുടെ പുതിയ വിസാഅപേക്ഷകൾ സ്വീകരിച്ചുതുടങ്ങുമെന്ന് തൊഴിൽസാമൂഹ്യകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇതോടെ മന്ത്രാലയത്തിൻെറ വെബ്സൈറ്റിലുള്ള പുതിയ വിസകൾക്കുള്ള സൗകര്യം പ്രവർത്തനസജ്ജമാകും. കോവിഡിൻെറ പശ്ചാത്തലത്തിൽ കഴിഞ്ഞ ആറുമാസത്തിലധികമായി ഈ സൗകര്യം ഉണ്ടായിരുന്നില്ല. എന്നാൽ കമ്പനികൾക്ക് പുതിയ വിസകൾ കിട്ടിയാലും വിസകൾ അതത് രാജ്യക്കാരുടെ പേരിലും പാസ്പോർട്ടിലും രേഖപ്പെടുത്തുന്നടക്കമുള്ള നടപടികൾക്ക് നിലവിൽ സാഹചര്യമില്ല. ഇതിന് ക്യു.വി.സികൾ തുറന്നുപ്രവർത്തിക്കേണ്ടിവരും.
എന്നാൽ ക്യു.വി.സികൾ ഇല്ലാത്ത കെനിയ, യുഗാണ്ട രാജ്യങ്ങളിൽ നിന്നടക്കമുള്ള തൊഴിലാളികളുടെ പുതിയ വിസകളിലുള്ള വരവ് ഖത്തറിൽ നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ട്. ഇതനുസരിച്ച് ഈ രാജ്യങ്ങളിൽ നിന്നുള്ള പുതിയ തൊഴിലാളികളുടെ വരവ് പഴയതുപോലെ തന്നെ ആയിട്ടുണ്ടെന്ന് ഇന്തോ അറബ് റിക്രൂട്ട്മെൻറ് കമ്പനി മാനേജിങ് ഡയറക്ടർ സുബൈർ കോമത്ത്കണ്ടി 'ഗൾഫ്മാധ്യമ'ത്തോട് പറഞ്ഞു. കമ്പനി വഴി ഈ രാജ്യങ്ങളിൽ നിന്നുള്ള 500ലധികം തൊഴിലാളികൾ നിലവിൽ ഖത്തറിൽ എത്തിയിട്ടുണ്ട്. വരും ആഴ്ചകളിലും ഇത് തുടരും. ഖത്തറിൻെറ കോവിഡ് പ്രോട്ടോകേൾ അനുസരിച്ച് ഇവർ രണ്ടാഴ്ച ക്വാറൻറീനിൽ കഴിയണം.
എന്നാൽ പുതിയ വിസയിൽ ഏഷ്യൻ രാജ്യക്കാരുടെ വരവ് ക്യു.വി.സികൾ പ്രവർത്തനം തുടങ്ങാതെ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂലം ഖത്തർ വിസനടപടികൾ നിർത്തിവെച്ചതോടെ നിർമാണമേഖലയിലടക്കം രാജ്യത്ത് തൊഴിലാളികളുടെ ക്ഷാമമുണ്ട്. ഇത് പരിഗണിച്ചാണ് പുതിയ വിസ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. വിവിധ പദ്ധതികൾ മുൻകൂട്ടി കണ്ട് കമ്പനികൾക്ക് പുതിയ വിസ അപേക്ഷകൾ നൽകാൻ ഇതോടെ സാധ്യമാകും. എന്നാൽ കോവിഡ് സാഹചര്യത്തിൽ എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചായിരിക്കും അപേക്ഷകൾ പരിഗണിക്കുക. മെച്ചപ്പെട്ട താമസസൗകര്യം, വേതനം തുടങ്ങിയ കാര്യങ്ങളിൽ ഓരോ അപേക്ഷയിലും സൂക്ഷ്മപരിശോധന ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. ദേശീയ ദുരന്തനിവാരണ സുപ്രീംകമ്മിറ്റിയുടെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും രാജ്യത്തേക്കുള്ള വരവും പോക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.