കോൺകകാഫ് ഗോൾഡ് കപ്പ്: സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഖത്തർ
text_fieldsദോഹ: ജൂൺ-ജൂലൈ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാളിനുള്ള ഖത്തറിന്റെ 26 അംഗ ടീമിനെ കോച്ച് കാർലോസ് ക്വിറോസ് പ്രഖ്യാപിച്ചു. സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം നൽകി, പുതുമുഖങ്ങളെയും യുവരക്തങ്ങളെയും ഉൾപ്പെടുത്തിയാണ് കോച്ച് ക്വിറോസ് തന്റെ ആദ്യ ദൗത്യത്തിനുള്ള അന്നാബി സംഘത്തെ പ്രഖ്യാപിച്ചത്. നായകൻ ഹസൻ അൽ ഹൈദോസ്, മുന്നേറ്റത്തിലെ സൂപ്പർതാരം അക്രം അഫിഫ്, ബൗദിയാഫ് ഉൾപ്പെടെ സീനിയർ താരങ്ങളൊന്നും ടീമിലില്ല.
ആസ്പയർ അക്കാദമിയിൽ 41 അംഗ ടീമിന്റെ പരിശീലനത്തിൽ പങ്കാളിയായശേഷമാണ് കോച്ച് ടൂർണമെന്റിനുള്ള സംഘത്തെ പ്രഖ്യാപിച്ചത്. ഓസ്ട്രിയയിൽ ആരംഭിക്കുന്ന പരിശീലന സെഷൻ പൂർത്തിയാക്കിയശേഷം മേയ് 30ന് 21 അംഗ അന്തിമ സംഘത്തെ പ്രഖ്യാപിക്കും. ജൂൺ 24ന് കിക്കോഫ് കുറിക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിൽ അതിഥി ടീമായാണ് ഖത്തർ മത്സരിക്കുന്നത്. ജൂലൈ 16നാണ് ടൂർണമെന്റിന്റെ ഫൈനൽ. അമേരിക്കയിലേക്ക് പുറപ്പെടുംമുമ്പ് ജൂൺ എട്ടിന് ക്രൊയേഷ്യ, 15ന് ജമൈക്ക, 19ന് ന്യൂസിലൻഡ് ടീമുകൾക്കെതിരെ ഖത്തർ കളിക്കുന്നുണ്ട്.
ഗ്രൂപ് ‘ബി’യിൽ മെക്സികോ, ഹെയ്തി, ഹോണ്ടുറസ് ടീമുകൾക്കൊപ്പമാണ് ഖത്തറിന്റെ സ്ഥാനം. 25ന് ഹോണ്ടുറസിനെതിരെയാണ് ഗ്രൂപ്പിലെ ആദ്യ മത്സരം. 2021ൽ കോൺകകാഫിൽ കളിച്ച ഖത്തർ സെമി ഫൈനൽ വരെ എത്തിയിരുന്നു. കഴിഞ്ഞ പത്തു വർഷത്തോളം ദേശീയ ടീമിന്റെ ഭാഗമായിരുന്ന മുൻ പരിശീലകൻ ഫെലിക്സ് സാഞ്ചസ് ലോകകപ്പിനു പിന്നാലെ സ്ഥാനമൊഴിഞ്ഞതോടെയാണ് പോർചുഗൽ കോച്ചായ കാർലോസ് ക്വിറോസ് ഖത്തർ ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. അദ്ദേഹത്തിനു കീഴിൽ ആദ്യത്തെ സുപ്രധാന ടൂർണമെന്റിനുള്ള ഒരുക്കത്തിലാണ് അന്നാബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.