കോൺകകാഫ് ഗോൾഡ് കപ്പ്: ജയിച്ചേ തീരൂ, ഖത്തർ ഇന്ന് വീണ്ടും കളത്തിൽ
text_fieldsദോഹ: കോൺകകാഫ് ഗോൾഡ് കപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഫുട്ബാളിൽ അസാധ്യമായത് ഒന്നുമില്ലെന്നും ഖത്തർ പരിശീലകൻ കാർലോസ് ക്വിറോസ്. പ്രതീക്ഷകൾ ഇപ്പോഴും അവശേഷിക്കുന്നു. മികച്ച പ്രകടനം നടത്തി ടൂർണമെന്റിൽ തിരിച്ചുവരവ് നടത്തും -ക്വിറോസ് പ്രത്യാശ പ്രകടിപ്പിച്ചു. ഗോൾഡ് കപ്പിലെ രണ്ടാം മത്സരത്തിൽ ഹോണ്ടുറസിനെ നേരിടുന്നതിന് അരിസോണയിലെ ഫീനിക്സിലേക്ക് ടീം പുറപ്പെടുന്നതിനു മുമ്പായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ ഖത്തർ സമയം വെള്ളിയാഴ്ച പുലർച്ച 2.45നാണ് മത്സരം.
ഗോൾഡ് കപ്പിൽ ഗ്രൂപ് ബിയിൽ ആദ്യ മത്സരത്തിൽ ഹെയ്തിയോട് അവസാനനിമിഷം വഴങ്ങിയ ഗോളിന് ഖത്തർ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. 16 ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. അവസാന മത്സരത്തിൽ ജൂലൈ മൂന്നിന് ശക്തരായ മെക്സികോയാണ് ഖത്തറിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതോടെ ക്വാർട്ടർ ഫൈനലിലെത്തണമെങ്കിൽ ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ഖത്തറിന് ജയിക്കണം.
അൽ അന്നാബികൾ ഹോണ്ടുറസിനെയും മെക്സികോയെയും പരാജയപ്പെടുത്തി ക്വാർട്ടർ ടിക്കറ്റുറപ്പിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഖത്തർ പരിശീലകൻ. രണ്ടു വർഷം മുമ്പ് നടന്ന ഗോൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തി സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. ഹെയ്തിക്കെതിരായ മത്സരത്തിൽ ജമൈക്കൻ റഫറി ഡാനിയൻ പാർച്ച്മെന്റിന്റെ തീരുമാനങ്ങൾക്കെതിരെ ക്വിറോസ് നേരത്തേതന്നെ ശക്തമായ വിമർശനങ്ങളുന്നയിച്ചിരുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും താരങ്ങളിൽ ആത്മവിശ്വാസം പുനഃസ്ഥാപിച്ച് ശേഷിക്കുന്ന മത്സരങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ക്വിറോസുള്ളത്.
ആദ്യ മത്സരത്തിൽ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ആദ്യ മത്സരത്തിൽ പരാജയം രുചിച്ചെങ്കിലും കളിക്കാരിലും അവരുടെ പ്രകടനത്തിലും എനിക്ക് അഭിമാനിക്കാനേറെയുണ്ടെന്നും അടുത്ത മത്സരത്തിൽ മികച്ച പ്രകടനമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ക്വിറോസ് വ്യക്തമാക്കി. വരാനിരിക്കുന്ന മത്സരങ്ങളിലെല്ലാം അവസാന നിമിഷംവരെ ശ്രദ്ധകേന്ദ്രീകരിക്കാനും കളിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും കൂടുതൽ പ്രയത്നിച്ച് രണ്ടാം മത്സരത്തിനായി തയാറെടുക്കണമെന്നും പറഞ്ഞ പരിശീലകൻ, ഞങ്ങളുടെ യുവനിര അവരുടെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് ഞാൻ കരുതുന്നുവെന്നും കൂട്ടിച്ചേർത്തു.ടീമിലെ എല്ലാ താരങ്ങളുമായും കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും, എന്നാൽ പരിക്കേറ്റ താരങ്ങൾക്ക് മറ്റുള്ളവർക്കൊപ്പം കളിക്കാനാകില്ലെന്നും ടീമിനെ പുതുക്കുകയും മറ്റുള്ളവർക്ക് അവസരം നൽകുകയുമാണ് ഇപ്പോൾ തന്റെ ചുമതലയെന്നും ആദ്യ മത്സരത്തിലെ സ്ട്രൈക്കർ അൽ മുഇസ് അലിയുടെ അഭാവത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
2021ൽ ഗോൾഡ് കപ്പിൽ നാലു ഗോൾ നേടി ടോപ്സ്കോററായ അൽ മുഇസ് അലി ഹെയ്തിക്കെതിരെ അവസാന നിമിഷം പേശീവലിവ് മൂലം പിന്മാറുകയായിരുന്നു. ഹോണ്ടുറസിനെതിരായ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ മെഡിക്കൽ ടീമിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ക്വിറോസും ഖത്തർ ക്യാമ്പും.അതേസമയം, ഹോണ്ടുറസിനെ നേരിടുന്നതിന് മുന്നോടിയായുള്ള ഖത്തറിന്റെ ആദ്യ പരിശീലന സെഷൻ ഇന്നലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.