മിലിപോളിന് സമാപനം; 84.20 കോടിയുടെ കരാർ
text_fieldsദോഹ: ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ, പ്രതിരോധ മേഖലകളിലെ കരുത്തും പുത്തൻ സാങ്കേതിക വിദ്യകളും പ്രദർശിപ്പിച്ച് മിലിപോൾ പ്രദർശനത്തിന് കൊടിയിറങ്ങി. ഡി.ഇ.സി.സിയിൽ മൂന്നു ദിവസങ്ങളിലായി നടന്ന പ്രദർശനത്തിൽ പതിനായിരങ്ങൾ സന്ദർശകരായെത്തിയപ്പോൾ കോടികളുടെ പുതിയ കരാറുകൾക്കും സാക്ഷിയായി.
മൂന്നാം ദിനമായ വ്യാഴാഴ്ച മാത്രം ആഭ്യന്തര മന്ത്രാലയവും, ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്വിയയും 29.73 കോടി റിയാലിന്റെ കരാറുകളിലാണ് വിവിധ ഏജൻസികളുമായി ഒപ്പുവെച്ചത്. മിലിപോൾ സംഘാടകരാണ് കണക്കുകൾ പുറത്തുവിട്ടത്. ആദ്യ രണ്ടു ദിനങ്ങളിൽ 26.90 കോടിയുടെ കരാറുകളിൽ ഒപ്പുവെച്ചിരുന്നു.
മൂന്നു ദിനങ്ങളിലായി 84.20 കോടി റിയാലിന്റെ കരാറുകളിലാണ് മിലിപോൾ പ്രദർശനത്തിനിടെ ഒപ്പുവെച്ചത്. ആഭ്യന്തര മന്ത്രാലയം 56.69 കോടി റിയാലിന്റെയും ലഖ്വിയ 27.50 കോടി റിയാലിന്റെയും കരാറുകളിൽ ധാരണയിലെത്തി. പ്രദർശനത്തിന്റെ ഭാഗമായി നടന്ന എ.ഐ സമ്മേളനം ചർച്ചയായി.
വിവിധ സുരക്ഷാ, നിരീക്ഷണ മേഖലകളിലെ നിർമിതബുദ്ധിയുടെ സാധ്യത വിശകലനം ചെയ്യുന്നതായിരുന്നു രണ്ടു ദിവസത്തെ സമ്മേളനം. യഥാസമയ ആൾക്കൂട്ട - ഗതാഗത നിയന്ത്രണത്തിൽ എ.ഐ സാധ്യത സംബന്ധിച്ചുള്ള സെഷനിൽ ഖത്തർ ലോകകപ്പ് വേദിയിലെ സുരക്ഷാ ക്രമീകരണങ്ങളിലെ വിജയകരമായ പരീക്ഷണങ്ങൾ അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.