കോൺഫിഡന്‍റ് കപ്പ് ആസാദി വോളി: ടി.ജെ.എസ്.വി ജേതാക്കൾ
text_fieldsദോഹ: വോളിബാൾ പ്രേമികളുടെ ഖത്തറിലെ കൂട്ടായ്മയായ വോളിഖ് ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന വോളിബാൾ ടൂർണമെന്‍റിൽ തൃശൂർ ജില്ല സഹൃദയ വേദി ജേതാക്കളായി. കോൺഫിഡന്‍റ് കപ്പ് ആസാദി വോളി ഫെസ്റ്റ് എന്ന പേരിൽ ആസ്പയർ ഡോമിൽ നടന്ന ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇൻകാസ് കോഴിക്കോടിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടി.ജെ.എസ്.വി കപ്പിൽ മുത്തമിട്ടത്.
ഇരു ടീമുകളെയും കൂടാതെ കെ.എം.സി.സി കോഴിക്കോട്, വിവ വടകര എന്നിവരും ടൂർണമെന്‍റിൽ മാറ്റുരച്ചു. ലീഗ് റൗണ്ടിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് പരാജയമറിയാതെ ഇൻകാസ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോൾ ഇൻകാസിനോട് മാത്രം പരാജയപ്പെട്ടു ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ടി.ജെ.എസ്.വി കിരീടപ്പോരാട്ടത്തിന് അവസരം നേടിയത്.
ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ മോഹൻ അട്ല ഏകദിന ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്പോർട്സ് സെന്‍റർ അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് ഈസ, ഐ.എസ്.സി ജനറൽ സെക്രട്ടറി ശ്രീനിവാസൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ഇൻഡോ - ഖത്തർ വോളിബാൾ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തി മുൻ ഖത്തർ മിലിറ്ററി ടീം താരം അബ്ദുല്ല കേളോത്തിന് 'പ്രവാസി കായിക ശ്രേഷ്ഠ' പുരസ്കാരവും സമ്മാനിച്ചു. മുൻ ഇന്‍റനാഷനൽ താരം കൂടിയായ ഖത്തർ വോളിബാൾ അസോസിയേഷൻ സെക്രട്ടറി യൂസഫ് കാനു മൊന്‍റോ സമ്മാനിച്ചു. ടൂർണമന്‍റിലെ ഏറ്റവും മികച്ച കളിക്കാരനായി ടി.ജെ.എസ്.വി ക്യാപ്റ്റൻ അബിനാസ് തെരഞ്ഞെടുക്കപ്പെട്ടു. ജേതാക്കൾക്കുള്ള ട്രോഫികളും പ്രൈസ് മണിയും ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡന്‍റ് ഡോ. മോഹൻ തോമസ് വിതരണം ചെയ്തു. ഇന്‍റർനാഷനൽ റഫറി മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ നസീം പുനത്തിൽ, മുഹമ്മദ് വി.ടി, ബഷീർ ടി.ടി.കെ, സുധൻ, സമീർ പുനത്തിൽ, സുജേഷ്, ആഷിക്ക് മാഹി, ഹാരിസ് സി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.