കരാട്ടേ ജഡ്ജിങ് യോഗ്യത നേടിയവർക്ക് ആദരം
text_fieldsദോഹ: ലോക കരാട്ടേ ഫെഡറേഷനു കീഴിൽ ഫെബ്രുവരിയിൽ യു.എ.ഇയിൽ നടന്ന അന്താരാഷ്ട്ര ജഡ്ജിമാരുടെയും റഫറിമാരുടെയും സെമിനാറിൽ പങ്കെടുത്തു വിജയികളായവരെ യുനൈറ്റഡ് മാർഷ്യൽ ആർട്സ് ഇന്‍റർനാഷനൽ അനുമോദിച്ചു. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും കോഓഡിനേറ്റിങ് ഓഫിസറുമായ സേവ്യർ ധനരാജ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ അച്ചടക്കം പാലിക്കുകയും, തുടർച്ചയായ ശാരീരിക വ്യായാമങ്ങളും കായിക പ്രവർത്തനങ്ങളും ചെയ്യുന്നതിലൂടെയും സ്വയം പ്രചോദനം, ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ വേണ്ടുന്ന ആശയവിനിമയ മികവ് തുടങ്ങിയവ മെച്ചപ്പെടുത്താൻ കഴിയുമെന്ന് സേവ്യർ ധനരാജ് പറഞ്ഞു.
യു.എം.എ.ഐ പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുല്ല പൊയിൽ സ്വാഗതം പറഞ്ഞു. ചീഫ് കോഓഡിനേറ്റർ ഫൈസൽ മലയിൽ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാൻ, വൈസ് പ്രസിഡന്‍റ് വിനോദ് നായർ, എം.ഇ.എസ് വൈസ് പ്രസിഡന്‍റ് ഖലീൽ, ലോക കേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി തുടങ്ങിയവർ ആശംസ അർപ്പിച്ചു. ടെക്‌നിക്കൽ ഡയറക്ടർ നൗഷാദ് മണ്ണോളി യു.എം.എ.ഐയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. രജീഷ് ഷെയ്ഖ് നന്ദി പറഞ്ഞു.
നൗഷാദ് മണ്ണോളി, സീനിയർ ഇൻസ്ട്രക്ടർമാരായ സിറാജ്, ശരീഫ്, ഹനീഫ എന്നിവരാണ് ഖത്തർ കരാട്ടേ ഫെഡറേഷനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത് റഫറിയിങ് ബാഡ്ജ് സ്വന്തമാക്കിയത്. ഇവർക്കുള്ള മെമന്‍റോ സേവ്യർ ധനരാജ് സമ്മാനിച്ചു. ഫൈസൽ സി.എം, നിസാം വി.പി എന്നിവർക്കും മെമന്‍റോ സമ്മാനിച്ചു. തുടർന്ന് ഐ.സി.സി പ്രസിഡന്‍റ് പി.എൻ. ബാബുരാജൻ ആയോധന കലാപ്രകടനം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ അവതരിപ്പിച്ച കളരിപ്പയറ്റ്, കുങ്ഫു, വുഷു ഫൈറ്റിങ്, കരാട്ടേ തുടങ്ങി വിവിധ രൂപത്തിലുള്ള പ്രകടനങ്ങൾ കാഴ്ചക്കാരിൽ ആവേശം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.