‘മാനുഷിക മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കുക’
text_fieldsദോഹ: മാനുഷിക ഗുണങ്ങളായ ലജ്ജയും സംസ്കാരവും ആവശ്യമില്ലാത്തതാണെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഭരണവ്യവസ്ഥയുടെ പിന്തുണയോടെ നടക്കുകയാണെന്ന് ക്യു.കെ.ഐ.സി പ്രവർത്തക സംഗമം. മനുഷ്യത്വം എന്ന ആശയം തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും സദാചാര വിശുദ്ധിയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അധികാരം കൈയാളുന്ന ഫാഷിസം സർവ മേഖലകളിലേക്കും പടർന്നുകയറുന്നു. മുസ്ലിം പൈതൃകങ്ങളെ തുടച്ചുനീക്കാൻ ശ്രമിക്കുകയും പൗരത്വവിഷയത്തിൽ മുസ്ലിംകളോട് അനീതി കാണിക്കുകയും ചെയ്യുന്നു.
ഏക സിവിൽകോഡ് നടപ്പിലാക്കാനായി നിയമ നിർമാണ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഫാഷിസത്തിന്റെ ഭീഷണികളെ ചൂണ്ടിക്കാണിച്ച് ‘അതിനെ പ്രതിരോധിക്കാൻ ഞങ്ങളേയുള്ളൂ, നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾക്കേ കഴിയൂ’ എന്നു വരുത്തിത്തീർത്ത് പുതുതലമുറയെ ലിബറലിസത്തിലേക്കും മതനിരാസത്തിലേക്കും കൊണ്ടുപോകാനുള്ള ചിലരുടെ ശ്രമങ്ങൾ മറുവശത്ത് നടക്കുന്നതായും സംഗമം അഭിപ്രായപ്പെട്ടു.
മതം പ്രാകൃതമാണെന്നും അതിന്റെ നിയമങ്ങൾ ആധുനികതക്ക് ചേർന്നതല്ലെന്നുമുള്ള ചിന്ത പുതുതലമുറയിൽ കുത്തിവെക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും സംഗമം കൂട്ടിച്ചേർത്തു. ഫെബ്രുവരി 12 ന് കോഴിക്കോട് കടപ്പുറത്ത് ‘മാനവരക്ഷക്ക് ദൈവിക ദർശനം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വിസ്ഡം ഇസ്ലാമിക് കോൺഫറൻസിനോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗമത്തിൽ ഉമർ ഫൈസി, അർഷദ് അൽഹികമി, സ്വലാഹുദ്ധീൻ സ്വലാഹി, മുജീബ് റഹ്മാൻ മിശ്കാത്തി, കെ.ടി. ഫൈസൽ സലഫി, ഷബീറലി അത്തോളി, ശംസീർ സി.പി, മുഹമ്മദലി മൂടാടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.