ഹമദ് തുറമുഖത്ത് കണ്ടെയ്നർ നീക്കത്തിൽ ഒമ്പതുശതമാനം വർധന
text_fieldsദോഹ: ഹമദ് തുറമുഖത്തെ കണ്ടെയ്നർ നീക്കത്തിൽ കഴിഞ്ഞ വർഷം ഒമ്പത് ശതമാനം വർധന. മുൻവർഷത്തെ അപേക്ഷിച്ച് 2021ൽ 1,543,591 ടി.ഇ.യു (20 ഫൂട്ട് ഇക്വലൻറ് യൂനിറ്റ്) കണ്ടെയ്നറുകളാണ് ഹമദ് തുറമുഖത്ത് എത്തിയത്. കൂടാതെ ബൾക് കാർഗോ ഇനത്തിൽ 267284 ഫ്രൈറ്റ് ടൺ, ജനറൽ കാർഗോ ഇനത്തിൽ 1,303,514 ഫ്രൈറ്റ്ടൺ, 72223 വാഹനങ്ങൾ, 45,594 കാലികൾ എന്നിവയും ഇക്കാലയളവിൽ ഹമദ് തുറമുഖത്തെത്തിയതായി ക്യു ടെർമിനൽസ് പുറത്തുവിട്ട ട്വീറ്റിൽ ചൂണ്ടിക്കാട്ടി. 2020ൽ 1412689 ടി.ഇ.യു കണ്ടെയ്നർ, 304481 ടൺ ബൾക് കാർഗോ, 1195559 ടൺ ജനറൽ കാർഗോ, 59443 വാഹനങ്ങൾ, 264164 കാലികൾ എന്നിവയാണ് ഹമദ് തുറമുഖം വഴിയെത്തിയത്.
2021 ഡിസംബറിൽ ഹമദ് തുറമുഖത്ത് 122 കപ്പലുകളാണ് ഹമദ് തുറമുഖത്തെത്തിയത്. 130,546 ടി.ഇ.യു കണ്ടെയ്നർ, 71709 ടൺ ജനറൽ കാർഗോ, 6619 വാഹനങ്ങൾ, 3883 കാലികൾ എന്നിവ ഹമദ് തുറമുഖത്തെത്തിയതായും ക്യു ടെർമിനൽസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. മവാനി ഖത്തർ പുറത്തുവിട്ട റിപ്പോർട്ടിൽ ഡിസംബർ മാസത്തിൽ ഹമദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നിവ വഴി 255 കപ്പലുകളാണ് എത്തിയത്. മൂന്ന് തുറമുഖങ്ങളിലുമായി 131,338 ടി.ഇ.യു കണ്ടെയ്നറുകൾ, 75576 ടൺ ജനറൽ കാർഗോ, 6663 വാഹനങ്ങൾ, 19593 കാലികൾ, 61747 ടൺ കെട്ടിട സാമഗ്രികൾ എന്നിവ കൈകാര്യം ചെയ്തതായും മവാനി ഖത്തർ അറിയിച്ചു.
ഹമദ് തുറമുഖം 2016ലാണ് പ്രവർത്തനമാരംഭിക്കുന്നതെങ്കിലും 2017 സെപ്റ്റംബറിലാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കപ്പെടുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ കണ്ടെയ്നറുകളാണ് ഹമദ് തുറമുഖം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രവർത്തനം ആരംഭിച്ചതുമുതൽ കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ 60 ലക്ഷം കണ്ടെയ്നറുകൾ ഹമദ് തുറമുഖത്തെത്തിയത് സുപ്രധാന നേട്ടമാണെന്ന് ക്യു ടെർമിനൽ നേരത്തെ വ്യക്തമാക്കിയിരുന്നു. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ഹമദ് തുറമുഖത്ത് നാല് ഘട്ടങ്ങളായുള്ള ടെർമിനൽ-2ന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ഒന്ന്, രണ്ട് ഘട്ടം പൂർത്തിയാക്കി 2022 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. ഇത് തുറമുഖത്തിന്റെ ശേഷി പ്രതിവർഷം മൂന്നു ദശലക്ഷം ടി.ഇ.യുവാക്കി ഉയർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.