നിർമാണ മേഖലയുടെ വേറിട്ട ലോകവുമായി ‘കോൺടെക്യൂ’ തുടങ്ങി
text_fieldsദോഹ: നിർമാണ, സേവന മേഖലകളിൽ സാങ്കേതികമാറ്റത്തിന് വഴിയൊരുക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള കോൺടെക്യു എക്സ്പോ 2024ന് ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ തുടക്കമായി.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ, ഏറ്റവും പുതിയ ഗവേഷണങ്ങളും നൂതന ആശയങ്ങളും അവതരിപ്പിക്കുന്നതിന് അവസരം വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യവുമായാണ് ത്രിദിന പ്രദർശനം ആരംഭിച്ചത്.
പ്രദർശനത്തിന്റെ ഉദ്ഘാടനം മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യയും ഗതാഗത മന്ത്രി ജാസി ബിൻ സെയ്ഫ് അൽ സുലൈത്തിയും സംയുക്തമായി നിർവഹിച്ചു.
പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രസിഡന്റ് ഡോ. എൻജിനീയർ സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി, സർക്കാർ സ്ഥാപനങ്ങളിലെ പ്രമുഖർ, വിവിധ രാജ്യങ്ങളുടെ ഖത്തറിലെ സ്ഥാനപതിമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വാണിജ്യ വ്യവസായ മന്ത്രാലയം, വാർത്താവിനിമയ-ഐ.ടി മന്ത്രാലയം, തൊഴിൽ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) എന്നീ നാല് സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ നെക്സ്റ്റ്ഫെയേർസാണ് ത്രിദിന കോൺടെക്യു എക്സ്പോ സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 18വരെ നടക്കുന്ന പ്രദർശനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 60ലധികം പ്രഭാഷകർക്കും 250 പ്രദർശകർക്കും പുറമേ വിവര സാങ്കേതികവിദ്യയിലെ ആഗോള ഭീമന്മാരായ ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, സീമെൻസ്, ഹ്വാവേ, ഐ.ബി.എം എന്നിവരും ചേരുമ്പോൾ എക്സ്പോക്ക് അന്താരാഷ്ട്ര പ്രാധാന്യം വർധിക്കുന്നു.
15000ലധികം സന്ദർശകർ പരിപാടിക്കെത്തുന്ന എക്സ്പോ, നിർമാണ, സേവന മേഖലകളിൽ ഉൽപാദനക്ഷമത, ഗുണനിലവാരം, വിശ്വാസ്യത, ചെലവ് ചുരുക്കൽ, മാലിന്യം കുറക്കൽ, ഊർജ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്ന അത്യാധുനിക പരിഹാര മാർഗങ്ങൾ കൊണ്ടുവരാൻ എക്സ്പോക്ക് സാധിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
രണ്ടാം ദിനത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഡേറ്റാ സെക്യൂരിറ്റി ആൻഡ് പ്രൈവസി, നെറ്റ്വർക് ബ്രേക്, റീട്ടെയിൽ മേഖലയിലെ ഓട്ടോമേഷന്റെ പങ്ക്, നിർമാണത്തിൽ ത്രീ ഡി പ്രിന്റിങ് ഭാവി തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.