കോൺടെക് എക്സ്പോ; ഖത്തറിന്റെ സാങ്കേതിക പുരോഗതിയിലെ നാഴികക്കല്ല്
text_fieldsദോഹ: ഖത്തറിന്റെ സാങ്കേതികമേഖലയിൽ പുതിയ നാഴികക്കല്ലായി മാറി മൂന്നു ദിനങ്ങളിലായി നടന്ന ‘കോൺടെക്’ എക്സ്പോ. പ്രമുഖ അന്താരാഷ്ട്ര, പ്രാദേശിക കമ്പനികളുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ പ്രദർശനവും പാനൽ ചർച്ചകളും വൈവിധ്യമാർന്ന പരിപാടികളുമായി കോൺടെക് എക്സ്പോയുടെ ആദ്യ പതിപ്പിനാണ് ഖത്തർ നാഷfൽ കൺവെൻഷൻ സെന്ററിൽ തിരശ്ശീല വീണത്.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ത്രിദിന പ്രദർശനത്തിൽ 200 പ്രദർശകരും 60 പ്രഭാഷകരും 15000ലധികം സന്ദർശകരുമാണ് പങ്കെടുത്തത്.
വാണിജ്യ വ്യവസായ മന്ത്രാലയം, വാർത്താവിനിമയ ഐ.ടി മന്ത്രാലയം, തൊഴിൽ മന്ത്രാലയം, അഷ്ഗാൽ എന്നിവയുടെ സംയുക്ത സഹകരണത്തോടെ നെക്സ്റ്റ് ഫെയർസ് ആണ് പ്രദർശനം സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും സുസ്ഥിര വികസനത്തിനും സഹായകമാകുന്ന സാങ്കേതിക പുരോഗതിയും പൊതു സ്വകാര്യ പങ്കാളിത്തവും പ്രദർശനം ചൂണ്ടിക്കാട്ടി.
ഷ്നൈഡർ, മൈക്രോസോഫ്റ്റ്, ഗൂഗ്ൾ, ക്യു.ഡി.ബി, അൽ മന്നാഈ കമ്പനി, ഐ.ബി.എം, ഹണിവെൽ എന്നിവയുൾപ്പെടെ ഖത്തറിലെയും ലോകത്തെയും പ്രമുഖ കമ്പനികളുമായി 27 കരാറുകളിൽ ഒപ്പുവെച്ചതായി സംഘാടക സമിതി ചെയർമാനും അഷ്ഗാൽ ടെക്നിക്കൽ ഓഫിസ് മാനേജറുമായ എൻജി. സാലിം മുഹമ്മദ് അൽഷാവി പറഞ്ഞു.
മൂന്ന് ദിവസം നീണ്ട എക്സ്പോ രാജ്യത്തെ 65 മിഡിൽ, സെക്കൻഡറി സ്കൂളുകളിൽ നിന്ന് 1300 വിദ്യാർഥികൾ എക്സ്പോ സന്ദർശിക്കുകയും ത്രീഡി പ്രിന്റിങ്, റോബോട്ടിക്സ്, നിർമിതബുദ്ധിയുടെ ഉപയോഗങ്ങൾ, ഡ്രോണുകൾ തുടങ്ങി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുകയും ചെയ്തു.
2028-ഓടെ യഥാക്രമം 89.278 ബില്യൻ ഡോളറും 9 ബില്യൻ ഡോളറും എത്തുമെന്ന് പ്രതീക്ഷിക്കുന്ന രാജ്യത്തെ നിർമാണ, ഐ.സി.ടി മേഖലകളുടെ വളർച്ചയിൽ കോൺടെക് എക്സ്പോ നിർണായക പങ്കാണ് വഹിക്കുക.
സഹകരണവും ഇന്നവേഷനും വളർത്തിയെടുക്കുന്നതിലൂടെ സാമ്പത്തിക വൈവിധ്യവത്കരണത്തിനും സാങ്കേതിക പുരോഗതിക്കും എക്സ്പോ വലിയ ഉത്തേജകമായി വർത്തിക്കും.
എക്സ്പോയിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനികൾക്ക് സമാപന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ അൽഷാവിയും വൈസ് ചെയർമാൻ അബ്ദുല്ല അൽ സഅ്ദും ഉപഹാരങ്ങൾ സമർപ്പിച്ചു.
സുസ്ഥിരത അവാർഡും മികച്ച സ്റ്റാൻഡ് ഡിസൈനും യു.സി.സിക്ക് ലഭിച്ചപ്പോൾ മികച്ച ദേശീയ പവിലിയനുള്ള ബഹുമതി സിംഗപ്പൂർ പവിലിയൻ കരസ്ഥമാക്കി. സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ അവാർഡ് സൗത്ത് ടെക്കിനും കമ്യൂണിറ്റി ചോയിസ് അവാർഡ് ദോഹ കൊവാട്ടെക്കുമാണ് ലഭിച്ചത്. എഫ്.ബി.ആർ ടെക്നോളജിക്കൽ അവാർഡ് നേടിയപ്പോൾ ഗൂഗ്ൾ ക്ലൗഡ്, ഹിൽറ്റി എന്നിവർ യഥാക്രമം പീപ്ൾ ചോയിസ്, മികച്ച ലോഞ്ച് പ്രൊഡക്ട് അവാർഡുകൾക്ക് അർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.