ആഘോഷത്തെരുവാകാൻ കോർണിഷ്
text_fieldsദോഹ: നവംബർ 30ന് കിക്കോഫ് കുറിക്കുന്ന ഫിഫ അറബ് കപ്പിനൊപ്പം, ആഘോഷങ്ങളെ വരവേൽക്കാനൊരുങ്ങി കോർണിഷ് പാതയും. വിവിധ രാജ്യങ്ങളിൽനിന്നെത്തുന്ന കാണികളെ ആകർഷിക്കാനായി രാജ്യാന്തര ഭക്ഷ്യമേളക്കുള്ള ഒരുക്കങ്ങളും സജീവമായതായി പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഡെലിവറി ഫോർ ലെഗസി നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികൾ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അറബ് കപ്പിന് പന്തുരുളും മുേമ്പ ഖത്തറിെൻറ ഹൃദയഭാഗമായ ദോഹ കോർണിഷിലെ പ്രധാന പാത നവംബർ 26 മുതൽ ഡിസംബർ നാലു വരെ അടച്ചിടും. സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടായിരിക്കും മേഖലയിലെ ഗതാഗത നിയന്ത്രണമെന്ന് ആഭ്യന്തര മന്ത്രാലയം ടെക്നിക്കൽ വിഭാഗം മേധാവി ഫസ്റ്റ് ലഫ്റ്റനൻറ് ഖാലിദ് നാസർ അൽ മുല്ല അറിയിച്ചു. അടച്ചിടുന്ന കാലളവിൽ പൊതുവാഹനങ്ങൾക്ക് മാത്രമായിരിക്കും കോർണിഷിലേക്ക് പ്രവശേനം. അറബ് കപ്പിനും അതോടൊപ്പം നടക്കുന്ന മറ്റു പരിപാടികൾക്കുമായി എത്തുന്ന കാണികളുടെ സഞ്ചാരം സുഗമമാക്കുന്നതിനാണ് കോർണിഷിലെ ഗതാഗതനിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു. ഷെറാട്ടൺ ഇൻറർസെക്ഷൻ മുതൽ അൽ മിന വരെയാവും റോഡുകൾ അടച്ചിടുക. അതേസമയം, ദോഹ മെട്രോ, കർവ ബസുകൾ ഉൾപ്പെടെയുളള സജ്ജീകരണങ്ങളുമായി ബദൽ യാത്രാമാർഗങ്ങൾ സജ്ജമാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കോർണിഷിലെ ഗതാഗതനിയന്ത്രണത്തിെൻറ തടസ്സങ്ങൾ നീക്കാനായി ദോഹ മെട്രോയുടെ 37ൽ ഏഴ് സ്റ്റേഷനുകൾ ഈ ഭാഗത്ത് യാത്രാസൗകര്യമൊരുക്കും. കർവയുടെ 40ൽ അധികം ബസ്സ്റ്റോപ്പുകളിലും സർവിസ് നടത്തും. അടച്ചിടുന്ന കാലയളവിൽ വലിയ വാഹനങ്ങൾക്ക് രാവിലെ ആറു മുതൽ 8.30 വരെയും, 12 മുതൽ മൂന്നു വരെയും, അഞ്ചു മുതൽ 10 വരെയും മേഖലയിലേക്ക് പ്രവേശനമുണ്ടാവില്ല. കർവ ഉൾപ്പെടെയുള്ള പൊതുവാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും യാത്രാനിയന്ത്രണം ബാധകമല്ല.ഫിഫ അറബ് കപ്പ് വേദികളാവുന്ന സ്റ്റേഡിയം പരിസരങ്ങളിൽ ട്രക്കുകൾക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തി. പുലർച്ചെ ഒന്നു മുതൽ അഞ്ചുവരെ നാലു മണിക്കൂർ മാത്രമായിരിക്കും ഈ മേഖലയിൽ ട്രക്കുകൾക്ക് പ്രവേശനം നൽകുക.
ഫുട്ബാളിനൊപ്പം ഫുഡ് ഫെസ്റ്റും
ഖത്തറിൽ കാൽപന്ത് ആവേശത്തിൽ പന്തുരുളുേമ്പാൾ തന്നെയാണ് അതിഥികളായെത്തുന്ന വിദേശികളെയും സ്വദേശികളെയും ലക്ഷ്യമിട്ട് കോർണിഷിലും അൽ ബിദ്ദ പാർക്കിലുമായി ഖത്തർ ഇൻറർനാഷനൽ ഫുഡ്ഫെസ്റ്റിവൽ നടക്കുന്നത്.വിവിധ രാജ്യക്കാർക്ക് മുന്നിൽ ഖത്തറിെൻറ ഭക്ഷ്യവൈവിധ്യം പരിചയപ്പെടുത്താനായാണ് ഖത്തർ ടൂറിസം നേതൃത്വത്തിൽ രാജ്യാന്തര മേള നടത്തുന്നത്. കോർണിഷിൽ നവംബർ 26 മുതൽ ഡിസംബർ മൂന്നു വരെയും, അൽ ബിദ്ദ പാർക്കിൽ നവംബർ 26 മുതൽ ഡിസംബർ 17 വരെ 22 ദിവസവുമാണ് ഫെസ്റ്റ്. പ്രവൃത്തിദിവസങ്ങളിൽ വൈകീട്ട് മൂന്നു മുതൽ രാത്രി 11 വരെയും, വാരാന്ത്യങ്ങളിൽ വൈകീട്ട് മൂന്നു മുതൽ അർധരാത്രി ഒരു മണിവരെയും ഭക്ഷ്യമേളയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവും.12 ഫുഡ് ട്രക്കുകൾ, 145 ഭക്ഷ്യ സ്റ്റാളുകൾ ഉൾപ്പെടെ ഒരുക്കുമെന്ന് ഖത്തർ ടൂറിസം ഹെഡ്ഓഫ് ഇവൻറ്സ് ഹമദ് അൽ ഖാജ അറിയിച്ചു.സംഗീത പരിപാടികൾ, വെടിക്കെട്ട് ഉൾപ്പെടെയുള്ള വിവിധ പരിപാടികളും ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. എട്ട് ഇൻസ്റ്റലേഷനുകൾ, മ്യൂസിക്കൽ വാട്ടർഷോ, കെട്ടിടങ്ങളും പ്രധാനകേന്ദ്രങ്ങളും അലങ്കരിക്കുന്ന എൽ.ഇ.ഡി ഇൻസ്റ്റലേഷൻ എന്നിവയും തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.