കോർണിഷ് നാളെ മുതൽ അടവ്
text_fieldsദോഹ: നിർമാണപ്രവൃത്തികളുടെ ഭാഗമായി നാളെ മുതൽ കോർണിഷ് പാത അടച്ചിടുന്നതിനാൽ സമാന്തര പാതകൾ ഉപയോഗിക്കാൻ നിർദേശം. കോർണിഷ് വികസനപദ്ധതിയിലെ പ്രധാന നിർമാണപ്രവൃത്തികൾ പൂർത്തീകരിക്കുന്നതിെൻറ ഭാഗമായി ആഗസ്റ്റ് ആറു മുതൽ 10വരെ കോർണിഷ് സ്ട്രീറ്റ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ നേരത്തെ അറിയിച്ചിരുന്നു. ഗതാഗത ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് വെള്ളിയാഴ്ച അർധരാത്രി 12 മുതൽ ആഗസ്റ്റ് 10 പുലർച്ചെ അഞ്ചുവരെയാണ് കോർണിഷ് വഴിയുള്ള ഗതാഗതം തടസ്സപ്പെടുക.
അനുബന്ധമായ അൽ ബിദ്ദ പാർക്കിന് ചുറ്റുമുള്ള സ്ട്രീറ്റുകൾ, അൽ ദീവാൻ സ്ട്രീറ്റ്, അൽ റുമൈല സ്ട്രീറ്റ്, ഗ്രാൻഡ് ഹമദ് സ്്ട്രീറ്റ് (ബാങ്ക് സ്ട്രീറ്റ്) എന്നിവയും അടച്ചിടും. എന്നാൽ, കാൽനടക്കാർക്ക് സ്ട്രീറ്റുകൾ ഉപയോഗിക്കാൻ കഴിയുമെന്നും സ്വകാര്യ വാഹനങ്ങൾ പകരം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അശ്ഗാൽ അറിയിച്ചു.
കോർണിഷ ്സ്്ട്രീറ്റ് അടച്ചിടുന്ന കാലയളവിൽ സ്ട്രീറ്റിനോട് ചേർന്നുള്ള ക്യൂ.എൻ.സി.സി, വെസ്റ്റ്ബേ, കോർണിഷ്, അൽ ബിദ്ദ, സൂഖ് വാഖിഫ്, മുശൈരിബ്, ഖത്തർ നാഷനൽ മ്യൂസിയം എന്നീ മെേട്രാ സ്റ്റേഷനുകൾ ഉപയോഗപ്പെടുത്താം. കൂടാതെ ദഫ്ന പാർക്ക്, സിറ്റി സെൻറർ, ക്യൂ.എൻ.സി.സി മെേട്രാ സ്റ്റേഷൻ, ഹോട്ടൽ പാർക്ക്, ദോഹ ഫിഷിങ് പോർട്ട്, സൂഖ് വാഖിഫ് മെേട്രാ എന്നീ ആറ് പൊതു ബസ്സ്റ്റേഷനകളും കോർണിഷ് സ്ട്രീറ്റിനോട് ചേർന്നുണ്ട്. ഓരോ 10–15 മിനിറ്റുകളിലും ഈ റൂട്ടുകളിൽ ബസ് സേവനം ലഭ്യമാകും.
കാൽനടക്കാർക്കായി കോർണിഷ് സ്ട്രീറ്റിൽ നിർമിക്കുന്ന നാല് തുരങ്കപാതകളുടെ നിർമാണം ഉൾപ്പെടുന്ന വികസനപ്രവൃത്തികളാണ് സ്ട്രീറ്റിൽ നടക്കുന്നത്. കോർണിഷ് സ്ട്രീറ്റിലെ കാൽനടയാത്ര സുഗമമാക്കുന്നതിനും പാതയോട് ചേർന്ന ഭാഗങ്ങളിലേക്ക് എത്തിപ്പെടുന്നതിനും കാൽനടപ്പാതകൾ ഏറെ സഹായകമാകും. ദഫ്ന പ്ലാസ, കോർണിഷ് പ്ലാസ, അൽ ബിദ്ദ പ്ലാസ എന്നീ മൂന്ന് പ്ലാസകളുടെ നിർമാണവും ഇവിടെ നടക്കുന്നുണ്ട്. ലോകകപ്പ് ഉൾപ്പെടെ രാജ്യം വരവേൽക്കാനിരിക്കുന്ന മഹാമേളകൾ മുന്നിൽ കണ്ടാണ് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്.
ദോഹയിലെ പ്രധാന പാത അടച്ചിടുന്നതിൻെറ ഭാഗമായി വൻ തയാറെടുപ്പുകളാണ് അധികൃതർ നടത്തുന്നത്. നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ സൂചനാ ബോർഡുകളും നിർദേശങ്ങളും സ്ഥാപിച്ചുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ മലയം ഉൾപ്പെടെ വിവിധ ഭാഷകളിലും മുന്നറിയിപ്പ് നൽകുന്നുണ്ട്.
കാൽനടക്കാർക്ക് അടച്ച റോഡുകൾ ഉപയോഗിക്കാവുന്നതാണ്. കോര്‍ണിഷ് സ്ട്രീറ്റുകളിലുള്ള ഏഴ് മെട്രോ സ്റ്റേഷനുകളും ആറ് പൊതുഗതാഗത ബസ്സ്റ്റോപ്പുകളും യാത്രക്കുപയോഗിക്കാം.
ബസുകൾ വെള്ളിയാഴ്ച ഉച്ച രണ്ട് മുതൽ 11.59 വരെ ഓരോ 10-15 മിനിറ്റിലും ഒമ്പത് മണിക്കൂർ സര്‍വിസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആറു മുതൽ രാത്രി 11വരെയും ബസ് സര്‍വിസ് ഉണ്ടാകും. ബസുകൾ മെട്രോ സമയത്തിന് അനുയോജ്യമായും സർവിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.