അഴിമതിരഹിതം, സുതാര്യം; അറബ് മേഖലയിൽ ഖത്തർ രണ്ടാമത്
text_fieldsദോഹ: അഴിമതിരഹിത ലോകരാഷ്ട്രങ്ങളുടെ സൂചികയിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി ഖത്തർ. ട്രാൻസ്പരൻസി ഇൻറർനാഷനൽ തയാറാക്കിയ 2021ലെ ആഗോള അഴിമതി അവബോധ സൂചികയിൽ ഗൾഫ്, അറബ് ലോകത്ത് രണ്ടാം സ്ഥാനത്താണ് ഖത്തർ. അഴിമതി വിരുദ്ധ രംഗത്ത് ലോകരാഷ്ട്രങ്ങളുടെ പ്രകടനം വിലയിരുത്തുന്ന സൂചികയിൽ അറബ് ലോകത്ത് യു.എ.ഇയാണ് ആദ്യ സ്ഥാനത്ത്. സൂചികയിൽ 63 പോയൻറ് നേടിയ ഖത്തർ, രാജ്യങ്ങളും പ്രവിശ്യകളുമുൾപ്പെടുന്ന 181 രാജ്യങ്ങളുടെ ആഗോള പട്ടികയിൽ 31ാം സ്ഥാനത്തുണ്ട്.
വേൾഡ് കോമ്പിറ്റിറ്റീവ്നെസ് ഇയർബുക്ക്, വേൾഡ് ഇക്കണോമിക് ഫോറം, ബെർട്ൽസ്മാൻ ഫൗണ്ടേഷൻ, ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂനിറ്റ്, പാറ്റേൺസ് ഓഫ് ഡെമോക്രസി പ്രോജക്ട്, ദി കൺട്രി, സെക്ടർ റിസ്ക് ഹാൻഡ് ബുക്ക് ഓഫ് പൊളിറ്റിക്കൽ റിസ്ക് സർവിസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ പുറത്തുവിട്ട കണക്കുകളെ ആധാരമാക്കിയാണ് സൂചിക തയാറാക്കുന്നത്.
ഓരോ രാജ്യത്തെയും അഴിമതിയുടെ തോത് കണക്കിലെടുത്താണ് രാജ്യങ്ങൾക്ക് റാങ്കിങ് നൽകുന്നത്. കുറഞ്ഞ അഴിമതിയുള്ള രാജ്യങ്ങൾക്ക് കൂടുതൽ സ്കോർ ലഭിക്കും. അഴിമതി ഇല്ലാത്ത രാജ്യങ്ങൾക്ക് നൂറു മാർക്കും അഴിമതിയിൽ മുങ്ങിയ രാജ്യങ്ങൾക്ക് പൂജ്യവുമാണ് സൂചികയിൽ ലഭിക്കുക. ആഗോള അഴിമതി അവബോധ സൂചികയിൽ ഖത്തറിന്‍റെ റാങ്ക് മെച്ചപ്പെടുത്തുന്നതിൽ അഡ്മിനിസ്ട്രേറ്റിവ് കൺട്രോൾ ആൻഡ് ട്രാൻസ്പരൻസി അതോറിറ്റി വലിയ പങ്ക് വഹിക്കുന്നുണ്ട്. സമഗ്രത, സുതാര്യത, അഴിമതി തടയുക എന്നിവ ലക്ഷ്യംവെച്ച് രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് 2022-2026 കാലയളവിലേക്കായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.