കോസ്റ്ററീകയോ കിവികളോ?
text_fieldsദോഹ: ലോകകപ്പിന്റെ തീപാറും പോരാട്ടത്തിലെ 32ാമൻ ആരെന്ന് ഇന്നറിയാം. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിക്ക് നടക്കുന്ന രണ്ടാം ഇന്റർകോണ്ടിനെന്റൽ േപ്ല ഓഫിൽ വടക്കൻ അമേരിക്കൻ കരുത്തരായ കോസ്റ്ററീകക്ക് മുന്നിൽ ഓഷ്യാനിയ ചാമ്പ്യന്മാരായ ന്യൂസിലൻഡ്. മത്സരത്തിലെ വിജയികൾ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. കടലാസിലും കളത്തിലും പി.എസ്.ജി ഗോൾ കീപ്പർ കെയ്ലർ നവാസും ക്യാപ്റ്റൻ ബ്രയാൻ റൂയിസും തിളങ്ങുന്ന കോസ്റ്റീകക്കുതന്നെയാണ് മുൻതൂക്കം. ഫിഫ റാങ്കിങ്ങിൽ 31ാം സ്ഥാനക്കാരും മേഖലയിലെ മികച്ച ടീമുകളിൽ ഒന്നുമാണ് ദി ടികോസ് എന്ന വിളിപ്പേരുകാരായ കോസ്റ്ററീക. എന്നാൽ, എതിരാളികളായ ന്യൂസിലൻഡിന്റെ സ്ഥിതി പരിതാപകരമാണ്. റാങ്കിങ്ങിൽ 101ാം സ്ഥാനക്കാർ. കരുത്തരായ എതിരാളികളുമായി കാര്യമായൊരു ബലപരീക്ഷണത്തിനും അവസരം ലഭിച്ചിട്ടില്ല. എങ്കിലും, ഒരു ജയം അകലെ ലോകകപ്പിന്റെ പോരിടം എന്ന സ്വപ്നമാണ് 'ഓൾ വൈറ്റ്സിനെ' ആവേശഭരിതരാക്കുന്നത്.സന്നാഹ മത്സരത്തിൽ കരുത്തരായ പെറുവിനെതിരെ പിടിച്ചുനിന്ന് കളിച്ച ന്യൂസിലൻഡ് 1-0ത്തിനാണ് തോൽവി വഴങ്ങിയത്. കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന മത്സരത്തിൽ ഒമാനെതിരെ ഗോൾരഹിത സമനിലയായിരുന്നു നേട്ടം. ലോകമാധ്യമങ്ങൾ നേരേത്തതന്നെ തങ്ങളെ എഴുതിത്തള്ളിയതിനാൽ മത്സരത്തിന്റെ സമ്മർദം മുഴുവൻ കോസ്റ്ററീകക്കാണെന്നാണ് ന്യൂസിലൻഡ് കോച്ച് ഡാനി ഹേയുടെ വിശദീകരണം. 'കോസ്റ്ററീകയാണ് ഇപ്പോൾ സമ്മർദത്തിൽ. ഞങ്ങൾക്ക് സമ്മർദങ്ങളില്ലാതെ കളിക്കാം. ലോകമാധ്യമങ്ങളുടെ പ്രതികരണം പ്രതീക്ഷിച്ചതാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അവരൊന്നും ഞങ്ങളുടെ കളിയെ നിരീക്ഷിച്ചിട്ടില്ല. എന്നാൽ, മികച്ച മത്സര പരിചയവും ആത്മവിശ്വാസവുമായാണ് ലോകകപ്പിന്റെ പടിവാതിൽക്കൽ നിർണായക മത്സരത്തിനിറങ്ങുന്നത്. എതിരാളിയുടെ വലുപ്പത്തിന്റെ പേരിൽ ഞങ്ങളുടെ ടീം അംഗങ്ങൾക്ക് സമ്മർദവുമില്ല' -മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ ഡാനി ഹേ പറഞ്ഞു. 2014ൽ ക്വാർട്ടർ ഫൈനലിസ്റ്റും 2018ൽ ഗ്രൂപ്പ് റൗണ്ടിൽ മടങ്ങിയവരുമായ കോസ്റ്ററീക തുടർച്ചയായി മൂന്നാം ലോകകപ്പ് കളിക്കാൻ ലക്ഷ്യമിട്ടാണ് ദോഹയിലെത്തുന്നത്. കോൺകകാഫ് മൂന്നാം റൗണ്ടിൽ നാലാം സ്ഥാനക്കാരായിരുന്നു ഇവർ. കാനഡ, മെക്സികോ, അമേരിക്ക ടീമുകൾ നേരിട്ട് യോഗ്യത നേടിയപ്പോൾ, മൂന്നാം സ്ഥാനക്കാരായ അമേരിക്കയുമായി പോയന്റ് പങ്കിട്ടെങ്കിലും ഗോൾ ശരാശരിയിൽ േപ്ല ഓഫ് ഭാഗ്യപരീക്ഷണത്തിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.