നടുമുറ്റവും കളിയിടവും; കുട്ടികളുടെ മ്യൂസിയം ക്ലാസാവും
text_fieldsദോഹ: കുട്ടികളുടെ സർഗാത്മകതയുടെ ഇടമായ ‘ഡാഡു’ മ്യൂസിയത്തിന്റെ പുതിയ കെട്ടിടമാതൃക പുറത്തുവിട്ടു. നിർമാണം മാതൃകകൊണ്ട് വിസ്മയിപ്പിക്കുന്ന നാഷനൽ മ്യൂസിയവും ഇസ്ലാമിക് മ്യൂസിയവും പോലെ പുതുമയേറിയ കെട്ടിട മാതൃകയിലാണ് കുട്ടികളുടെ സർഗാത്മകതക്ക് ചിറകുവിരിക്കുന്ന ഡാഡു മ്യൂസിയത്തിന്റെയും മാതൃക. അൽ ബിദ്ദ പാർക്കിലാണ് ഇത് നിർമിക്കുന്നത്. അന്താരാഷ്ട്ര വാസ്തുവിദ്യാ പ്രദർശനമായ ലാ ബിനാലെ ഡി വെനീസിയയുടെ 18ാമത് പതിപ്പിൽ ഖത്തർ ക്രിയേറ്റ്സ് പ്രദർശിപ്പിച്ച ബിൽഡിങ് എ ക്രിയേറ്റിവ് നേഷൻ എന്ന ഡോക്യുമെന്ററിയിലാണ് ഡാഡു മ്യൂസിയത്തിന്റെ കെട്ടിട രൂപരേഖ ആദ്യമായി പുറത്തുവിടുന്നത്.
കുട്ടികളുടെ സർഗശേഷിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ‘ഡാഡു’വിന്റെ കെട്ടിട രൂപരേഖ തയാറാക്കിയിരിക്കുന്നതെന്ന് മ്യൂസിയം ആർക്കിടെക്ടായ യു.എൻ സ്റ്റുഡിയോ അറിയിച്ചു. മൂടിയ ഫോയറിന് ചുറ്റും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ബ്ലോക്കുകളായാണ് പുറം രൂപകൽപന ചെയ്തിരിക്കുന്നത്. ദോഹയിലെ പഴയ ഗ്രാമങ്ങൾ എങ്ങനെ വികസിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് യു.എൻ സ്റ്റുഡിയോയുടെ സഹസ്ഥാപകനായ ബെൻ വാൻ ബെർക്കലിനെ ഉദ്ധരിച്ച് വാസ്തുവിദ്യാ മാസികയായ ഡെസീൻ റിപ്പോർട്ട് ചെയ്തു.
ദോഹയിലെ പഴയ ഗ്രാമങ്ങളിൽ ഒരു നടുമുറ്റത്തോട് കൂടി കുടുംബങ്ങൾ ചുറ്റുമായാണ് താമസിച്ചിരുന്നത്. അവിടെ കുട്ടികൾക്ക് സ്വതന്ത്രമായി കളിക്കാനും അതേസമയം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ സുരക്ഷിതത്വവും സംരക്ഷണവും ലഭിക്കുകയും ചെയ്യുമെന്ന് ബെർക്കൽ പറയുന്നു.
കുട്ടികളുൾപ്പെടെ കുടുംബങ്ങൾക്ക് ഒരുമിച്ച് കളിക്കാനും പഠിക്കാനുമുള്ള അവസരങ്ങൾ നൽകുന്ന ഇൻഡോർ, ഔട്ട്ഡോർ അനുഭവങ്ങൾ മ്യൂസിയത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. ശാസ്ത്രം, സുസ്ഥിരത, ഖത്തറിന്റെ ചരിത്രം തുടങ്ങിയ വിവിധ പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന തീമാറ്റിക്, ഇന്ററാക്ടീവ് ഗാലറികൾ, ആക്ടിവിറ്റി റൂമുകൾ, റസ്റ്റാറന്റുകൾ, കഫേകൾ, റസ്റ്റാറന്റുകൾ തുടങ്ങിയവയും മ്യൂസിയത്തിൽ സ്ഥാപിക്കും.
കുട്ടികളുടെ സർഗാത്മകത, ഭാവന, പഠനത്തിനോടുള്ള താൽപര്യം എന്നിവ പരിപോഷിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഡാഡു മ്യൂസിയമെന്ന് ഡയറക്ടർ ഈസ്സ അൽ മന്നാഈ പറഞ്ഞു.
ശാരീരികമായി അകന്നിരിക്കുമ്പോഴും കുടുംബങ്ങളെ പിന്തുണക്കുന്നതിനും ആളുകളെയും ആശയങ്ങളെയും ബന്ധിപ്പിക്കുന്നതിനും ഈ സമയത്ത് ഇത്തരമൊന്ന് ആവശ്യമാണെന്ന് കരുതുന്നു -അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ സാംസ്കാരിക ഭൂപടത്തിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകളിൽ ഒന്നാണ് ഡാഡു എന്ന കുട്ടികളുടെ മ്യൂസിയം. ആർട്ട് മിൽ മ്യൂസിയം, ലുസൈൽ മ്യൂസിയം, ഒ.എം.എയുടെ ഖത്തർ ഓട്ടോ മ്യൂസിയം, ഫിലിപ് സ്റ്റാർക്കിന്റെ ഖത്തർ പ്രിപ്പറേറ്ററി സ്കൂൾ എന്നിവ ആരംഭിക്കാനിരിക്കുന്ന പുതിയ സാംസ്കാരിക കേന്ദ്രങ്ങളിൽപെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.