കോവിഡ്: വീട്ടിൽ സമ്പർക്ക വിലക്ക് 10 ദിവസം
text_fieldsദോഹ: കോവിഡ് പോസിറ്റിവാകുന്ന സാഹചര്യത്തിൽ ഗുരുതര രോഗ ലക്ഷണങ്ങളില്ലാത്തവർ വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം. പത്തുദിവസം സമ്പർക്ക വിലക്കിൽ കഴിഞ്ഞ് മറ്റുള്ളവർക്കും കരുതൽ നൽകണമെന്നാണ് മന്ത്രാലയം നിർദേശിക്കുന്നത്. രാജ്യത്ത് പുതിയ വകഭേദമായ ഒമിക്രോൺ കാരണം കോവിഡ് വ്യാപനം കൂടിയതോടെ, ഗുരുതര രോഗലക്ഷണങ്ങളില്ലാത്തവർ വീടുകളിൽ തന്നെ കഴിയണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ കമ്യൂണിക്കബ്ൾ ഡിസീസ് സെൻറർ മേധാവി ഡോ. മുന അൽ മസ്ലമാനി നിർദേശിച്ചു.
'കോവിഡ് പരിശോധന ഫലം പോസിറ്റിവായി, പ്രകടമായ ലക്ഷണങ്ങളില്ലാത്തവരും ഗുരുതര ആരോഗ്യപ്രശ്നമില്ലാത്തവരും 10 ദിവസം വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയണം. ഇത്തരക്കാർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയോ സർക്കാർ ഐസൊലേഷൻ കേന്ദ്രത്തിൽ കഴിയുകയോ വേണ്ട. 50 വയസ്സിനുതാഴെ പ്രായമുള്ളവർക്കും ഗുരുതര ആരോഗ്യ പ്രശ്നമില്ലാത്തവർക്കും ഇതാണ് സൗകര്യം'-ഡോ. മുന അൽ മസ്ലമാനി പറഞ്ഞു. അടിയന്തരമല്ലാത്ത സാഹചര്യത്തിൽ ആംബുലൻസ് സഹായം അഭ്യർഥിക്കരുതെന്ന് ആംബുലൻസ് സർവിസ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദാർവിസ് പറഞ്ഞു. അതേസമയം, ഗുരുതര കേസുകളിലും അടിയന്തര മെഡിക്കൽ ആവശ്യത്തിനും 999 നമ്പറിൽ വിളിക്കാമെന്നും വ്യക്തമാക്കി.
മാർഗനിർദേശങ്ങൾ
- കുടുംബത്തിലെ മറ്റ് അംഗങ്ങളുമായി സമ്പർക്കമുണ്ടാവാത്തവിധം ബാത്റൂം സൗകര്യമുള്ള മുറിയിൽ കഴിയണം. ആദ്യ അഞ്ചുദിവസം ഈ മുറിയിൽ നിന്നും പുറത്തിറങ്ങരുത്.
- താമസിക്കുന്ന മുറിയിൽ ശരിയായ വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കുക.
- സന്ദർശകരെ പൂർണമായും ഒഴിവാക്കുക
- വീടുവിട്ട് പുറത്തിറങ്ങാതിരിക്കുക.
- വീട്ടിലുള്ള മറ്റ് അംഗങ്ങളുമായി ബന്ധപ്പെടാനും ഫോൺ ഉപയോഗിക്കുക. നേരിട്ട് ഇടപഴകുന്നതും സംസാരിക്കുന്നതുമായ സാഹചര്യം ഒഴിവാക്കുക.
- ഭക്ഷണം, മരുന്ന് എന്നിവ ആവശ്യമെങ്കിൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം തേടുക.
- അവശ്യഘട്ടത്തിൽ പരിചരണം ആവശ്യമെങ്കിൽ കുടുംബത്തിലെ ഒരു അംഗത്തെ മാത്രം അനുവദിക്കുക. ആരോഗ്യ മുൻകരുതൽ സ്വീകരിച്ചായിരിക്കണം അവർ മുറിയിൽ പ്രവേശിക്കേണ്ടത്. മാസ്ക് അണിഞ്ഞും ഗ്ലൗ ഉപയോഗിച്ചും പരിചരിക്കുക. കഴിഞ്ഞ ഉടൻ മാസ്ക്കും ഗ്ലൗസും ഒഴിവാക്കി കൈകൾ സോപ്പ് ഉപയോഗിച്ച് ശുചിയാക്കണം. രോഗിയും പരിചാരകനും ഒരു മീറ്റർ അകലം നിലനിർത്തണം.
- അഞ്ചുദിവസം കഴിഞ്ഞ ശേഷം മാത്രം, മുറിക്ക് പുറത്തിറങ്ങാം. എന്നാൽ, എപ്പോഴും മാസ്ക് അണിയണം.
- കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 16000 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.