കോവിഡും വാക്സിനേഷനും; പഠനവുമായി ഖത്തർ ബയോബാങ്ക്
text_fieldsദോഹ: കോവിഡ് രോഗത്തിന്‍റെയും കോവിഡ് പ്രതിരോധ മരുന്നിന്‍റെയും ആഘാതവും സ്വാധീനവും സംബന്ധിച്ച് രണ്ടു വ്യത്യസ്ത പഠനങ്ങളുമായി ഖത്തർ ബയോബാങ്ക്. പഠനത്തിന്‍റെ ഭാഗമായി കോവിഡ് ബാധിച്ചവരിൽനിന്നും കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽനിന്നും വിവരങ്ങൾ ശേഖരിച്ചതായും രോഗത്തിന്‍റെയും വാക്സിന്‍റെയും സ്വാധീനം സംബന്ധിച്ച് ഒരുവർഷത്തോളം ഇതിന്‍റെ തുടർപ്രവർത്തനങ്ങൾ നടക്കുമെന്നും ഖത്തർ ബയോബാങ്ക് മെഡിക്കൽ ഓഫിസ് മാനേജർ ഡോ. മർവ എ എൽദീബ് പറഞ്ഞു.
കോവിഡ് ബയോ റിപ്പോസിറ്ററി പഠനങ്ങളുടെ ഭാഗമായി സഹകരിച്ചവരുടെ ശരീരത്തിലെ കോവിഡ് വൈറസിന്‍റെ സ്വാധീനവും കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ രോഗപ്രതിരോധശേഷിയും പരിശോധിക്കുന്നതിനായി മൂന്നുമാസം ഇടവിട്ട് തുടർപ്രവർത്തനങ്ങൾ നടത്തുമെന്നും ഡോ. മർവ എൽദീബ് കൂട്ടിച്ചേർത്തു.
കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഗവേഷണത്തിലേർപ്പെടുന്നവർക്ക് ഖത്തർ ബയോബാങ്കിന്‍റെ പഠനം ഏറെ സഹായകമാകുമെന്നും വ്യക്തമാക്കിയ അവർ, കോവിഡ് രോഗത്തിന്‍റെ സ്വാധീനവും വാക്സിനേഷൻ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളും സംബന്ധിച്ചും ചികിത്സയിലൂടെയും വാക്സിനേഷനിലൂടെയുമുള്ള വൈറസ് വ്യാപനം തടയുന്നതിനായുള്ള ഇടപെടലുകളെ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും തെളിവുകൾ സഹിതമുള്ള ഗവേഷണം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും സൂചിപ്പിച്ചു. പ്രാദേശിക ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. പഠനങ്ങളുടെ ഭാഗമായി ശേഖരിച്ച സാമ്പിളുകളും വിവരങ്ങളും കോവിഡ് സംബന്ധമായ പഠനങ്ങളിലേർപ്പെടുന്ന ഗവേഷകർക്ക് നൽകുമെന്നും വൈറസിനെതിരായ ഖത്തറിന്റെ പോരാട്ടത്തിൽ ഇത് ഏറെ സഹായമാകുമെന്നും ഡോ. എൽദീബ് പറഞ്ഞു.
ഖത്തറിൽ താമസിക്കുന്ന, കോവിഡ് സ്ഥിരീകരിക്കപ്പെട്ട എല്ലാവർക്കും പഠനത്തിൽ പങ്കെടുക്കാം. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഖത്തർ സയൻറിഫിക് റഫറൻസ് ആൻഡ് റിസർച്ച് ടാസ്ക്ഫോഴ്സ് കോവിഡ് ബയോ റിപ്പോസിറ്ററിക്ക് രൂപം നൽകുന്നതിനും സ്ഥാപിക്കുന്നതിനുമായി ഖത്തർ ബയോ ബാങ്കിനെയും പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാരായി ഡോ. അബ്ദുല്ലത്തീഫ് അൽഖാലിനെയും ഡോ. അസ്മ ആൽഥാനിയെയും തെരഞ്ഞെടുത്തിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷൻ, കമ്യൂണിക്കബ്ൾ ഡിസീസ് സെൻറർ, പൊതുജനാരോഗ്യ മന്ത്രാലയം, ഖത്തർ ബയോബാങ്ക് ഫോർ മെഡിക്കൽ റിസർച്ച് എന്നിവയിൽനിന്നുള്ള അന്വേഷകരും സഹപ്രവർത്തകരുമാണ് കോവിഡ് സംബന്ധിച്ച ഗവേഷണത്തിലേർപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.