കോവിഡ് കേസുകൾ വർധിക്കുന്നു; പ്രതിവിധി ബൂസ്റ്റർ ഡോസും മുൻകരുതലും
text_fieldsദോഹ: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തരുതെന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടു. വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവർ വൈകിപ്പിക്കരുതെന്നും അധികൃതർ അപേക്ഷിക്കുന്നു. ബൂസ്റ്റർ ഡോസ് എടുക്കുന്നതിലൂടെ കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ രോഗത്തിനെതിരെ 75 ശതമാനത്തോളം പ്രതിരോധശേഷി കൈവരിക്കാൻ സാധിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിടുന്നതോടെ രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്നതായി ക്ലിനിക്കൽ പരിശോധനകളിൽ തെളിഞ്ഞതായി ഉം ഗുവൈലിന ഹെൽത്ത് സെൻറർ മാനേജർ ഡോ. ശൗഖിയ അൽ മാജിദ് പറഞ്ഞു.
കോവിഡിെൻറ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസിന് സാധിക്കും. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലൂടെ അപകട സാധ്യത കുറക്കാൻ കഴിയുമെന്നും അർഹരായ മുഴുവൻ ആളുകളും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ഡോ. അൽ മാജിദ് ആവശ്യപ്പെട്ടു. ഇതുവരെയായി രണ്ട് ലക്ഷത്തിലധികം ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. ആർക്കും സാരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡിനെതിരായ പോരാട്ടത്തിൽ സമൂഹത്തിലെ ഓരോ അംഗത്തിനും അവരുടേതായ ഉത്തരവാദിത്തമുണ്ട്. കഴിയും വേഗത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും സ്വയം പ്രതിരോധം ഉറപ്പുവരുത്തുന്നതോടൊപ്പം സമൂഹത്തിെൻറ സുരക്ഷയും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്നും അവർ വിശദീകരിച്ചു. ഖത്തറിൽ ഒമിക്രോൺ സ്ഥിരീകരിച്ച രോഗികൾ ക്വാറൻറീനിൽ കഴിയുകയാണ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നാല് പേരിൽ ഒരാളൊഴികെ ആറ് മാസം മുമ്പ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. ഒരാൾ വാക്സിൻ എടുത്തിട്ടില്ല. ഇവർ വിദേശത്ത് നിന്നെത്തിയവരാണെന്നും അവർ പറഞ്ഞു.
ഒമിക്രോൺ വകഭേദം കണ്ടെത്തി ഒരു മാസം പിന്നിടുമ്പോൾ എഴുപതോളം രാജ്യങ്ങളിൽ ഇതിെൻറ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ വകഭേദം സംബന്ധിച്ച് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ ജാഗ്രത പുലർത്തണമെന്നും സുരക്ഷാമുൻകരുതലുകൾ പാലിക്കണമെന്നും അവർ വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് എടുക്കാൻ യോഗ്യരായവർ 40277077 നമ്പറിൽ പി.എച്ച്.സി.സിയുമായി ബന്ധപ്പെട്ട് അപ്പോയൻമെൻറ് എടുക്കണം. പി.എച്ച്.സി.സിയുടെ മൊബൈൽ ആപ് 'നർആകും' വഴിയും അപ്പോയൻമെൻറിനായി സമീപിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.