മടങ്ങിയെത്തുന്നവർക്ക് ആറാം ദിനം മാത്രം കോവിഡ് പരിശോധന
text_fieldsദോഹ: കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവരുടെ ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് മഞ്ഞ നിറമായിരിക്കുമെന്നും ഏഴ് ദിവസത്തെ ക്വാറൻറീൻ കാലയളവ് കഴിഞ്ഞ് കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ഈ അവസ്ഥ തുടരുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ക്വാറൻറീനിെൻറ ആറാം ദിവസം നിർബന്ധമായും കോവിഡ്-19 പരിശോധനക്ക് വിധേയമാകണം. ഏഴ് ദിവസം പൂർത്തിയായി പരിശോധനയിൽ നെഗറ്റിവ് ആകുന്നതുവരെ സ്റ്റാറ്റസ് പച്ചയായി മാറുകയില്ല. ക്വാറൻറീനിെൻറ ആറ് ദിവസങ്ങൾക്കുമുമ്പ് ഒരിക്കലും പരിശോധന നടത്താൻ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരിൽനിന്ന് വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടികളെന്നും മന്ത്രാലയം സൂചിപ്പിച്ചു. കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഖത്തറിൽ ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ, അപകട സാധ്യത കൂടിയ രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്കുള്ളവർ ഒരാഴ്ച നിർബന്ധമായും ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. എന്നാൽ ചെറിയ കുട്ടികളുള്ള മാതാക്കൾ, പ്രായമായവർ, രോഗികൾ തുടങ്ങിയവർക്ക് ഹോം ക്വാറൻറീൻ മതി. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഓരോ രണ്ടാഴ്ചയിലും പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിക്കുന്നുണ്ട്.
എന്നാൽ, ഇന്ത്യ ഇതുവരെ ഇൗ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാന സർവിസുകൾ നടത്താനുള്ള എയർബബ്ൾ കരാറിെൻറ കാലാവധി ഒക്ടോബർ 31 വരെ നീട്ടിയിരുന്നു. ഇതിനിടക്ക് സാധാരണ വിമാന സർവിസുകൾ ആരംഭിക്കുകയാണെങ്കിൽ അതുവരെയായിരിക്കും കരാർ കാലാവധി. ഇതോടെ നിരവധി ഇന്ത്യക്കാരാണ് ഖത്തറിലേക്ക് മടങ്ങിയെത്തുന്നത്. കരാർ പ്രകാരം നിലവിൽ ഇന്ത്യൻ വിമാനക്കമ്പനികളും ഖത്തർ എയർവേസും ഇരുരാജ്യങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്.
ആഗസ്റ്റ് ഒന്നുമുതൽ ഐ.ഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റെടുത്ത് ഖത്തറിലേക്ക് മടങ്ങിയെത്തുന്നുണ്ട്. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. വിസ കാലാവധി കഴിഞ്ഞവർക്കുള്ള ഫീസ് ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.