കോവിഡ് ബാധിച്ചവർക്കുള്ള രോഗാവധി പത്തിൽ നിന്ന് ഏഴ് ദിവസമായി കുറയും
text_fieldsദോഹ: കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് 10 ദിവസത്തിൽനിന്ന് ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യമന്ത്രാലയ തീരുമാനം. പോസിറ്റിവായി സമ്പർക്ക വിലക്കിൽ കഴിയുന്നവരുടെ മെഡിക്കൽ അവധി ഇനി ഏഴ് ദിവസമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ കോവിഡ് പോസിറ്റിവാകുന്നവർക്ക് ഉടൻതന്നെ ഇഹ്തിറാസിന്റെ സ്റ്റാറ്റസ് ചുവപ്പിലേക്ക് മാറുകയും നിർബന്ധിത ഹോം ഐസൊലേഷനിൽ കഴിയണമെന്നുമാണ് നിർദേശം. 10 ദിവസം കഴിയുന്നതോടെ ഇഹ്തിറാസ് സ്റ്റാറ്റസ് മാറുന്നതോടെ ഇവർക്ക് പുറത്തിറങ്ങാനും ജോലിയിൽ ഹാജരാവാനും കഴിയും. എന്നാൽ, ഒരാഴ്ചയിൽ കുറഞ്ഞ ദിവസംകൊണ്ട് പൊതുവിൽ നെഗറ്റിവാകുകയും ആരോഗ്യാവസ്ഥ വീണ്ടെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇതുവരെ പിന്തുടർന്ന നയങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചത്.
പുതിയ നിർദേശപ്രകാരം ഏഴാം ദിനം ആരോഗ്യമന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും പരിശോധനാകേന്ദ്രത്തിൽ പോയി ആന്റിജെൻ പരിശോധന നടത്തി നെഗറ്റിവാകുന്നതോടെ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കാം. പരിശോധനാ ഫലം എസ്.എം.എസ് ആയി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇഹ്തിറാസിലെ സ്റ്റാറ്റസ് ചുവപ്പിൽനിന്ന് പച്ചയിലേക്ക് മാറും.
അതേസമയം, പരിശോധനയിൽ വീണ്ടും പോസിറ്റിവ് തന്നെയാണെങ്കിൽ മൂന്ന് ദിവസം കൂടി സമ്പർക്കവിലക്കിൽ തുടരണം. ഇത്തരക്കാർ മൂന്ന് ദിവസം കൂടി അധിക മെഡിക്കൽ അവധിക്ക് അർഹരാവുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തുടർന്ന്, 11ാം ദിവസം ഐസൊലേഷനിൽനിന്ന് പുറത്തിറങ്ങാം. കോവിഡിന്റെ നിലവിലെ സാഹചര്യങ്ങളുടെയും പുതിയ ക്ലിനിക്കൽ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഐസൊലേഷൻ കാലയളവിൽ മാറ്റംവരുത്തുന്നത്. ഖത്തറിലെയും വിദേശങ്ങളിലെയും പഠനങ്ങൾപ്രകാരം നിലവിലെ കോവിഡ് രോഗബാധിതകർ ഏഴ് ദിവസത്തിനുള്ളിൽ കോവിഡ് നെഗറ്റിവായി മാറും -മന്ത്രാലയം വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കോവിഡ് മുൻകരതലുകളിൽ വീഴ്ച പാടില്ലെന്നും മാസ്ക് അണിയൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ പാലിക്കണം.
കോവിഡ് ബാധിച്ചവർക്ക് ഏഴാം ദിനത്തിലെ റാപിഡ് ആന്റിജൻ പരിശോധന ഫലം പോസിറ്റിവായാൽ മാത്രമേ മെഡിക്കൽ ലീവ് മൂന്നു ദിവസം കൂടി വർധിപ്പിക്കേണ്ടതുള്ളൂ എന്ന് ഹമദ് ജനറൽ ആശുപത്രി ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി അറിയിച്ചു. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഏഴാം ദിനത്തിനു ശേഷം രോഗിയിൽനിന്നും വൈറസ് വ്യാപനത്തിന് സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞതായും അപകടസാധ്യത കുറഞ്ഞതായും കണക്കാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.