കോവിഡ്: രോഗീവർധന തുടർന്നാൽ സ്കൂളുകളിൽ നിയന്ത്രണം
text_fieldsദോഹ: രാജ്യത്ത് കോവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യം തുടരുകയാണെങ്കിൽ സ്കൂളുകളിലെ ഹാജർ നിരക്ക് കുറക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹിദ് അലി അൽ ഹമ്മാദി അറിയിച്ചു. രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള പ്രത്യേക സമിതിയുമായി ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ദിവസം സ്കൂളുകളിൽ ഹാജരാകുന്ന വിദ്യാർഥികളുടെ എണ്ണം നിലവിൽ 50 ശതമാനത്തിൽ കവിഞ്ഞിട്ടില്ല.
രണ്ടാം സെമസ്റ്ററിൽ സ്കൂളുകളിലെ വിദ്യാർഥികളുടെ ഹാജർനില 50 ശതമാനത്തിനപ്പുറം വർധിച്ചിട്ടില്ല. ഇതായിരിക്കും ഈ അധ്യയന വർഷത്തിലെ പരമാവധി. രോഗം വ്യാപിക്കുന്ന സാഹചര്യം തുടർന്നാൽ ഇതു കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കോവിഡ്-19 വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ സ്കൂൾ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ട്. സ്കൂൾ ജീവനക്കാരുടെ കൃത്യമായ വിവരങ്ങൾ ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രാജ്യത്തെ സർക്കാർ സ്വകാര്യ സ് കൂളുകളിൽ നിലവിൽ 50 ശതമാനം വിദ്യാർഥികളാണ് എത്തേണ്ടത്. നേരത്തേ ഇത് സ്കൂളിെൻറ ആകെ ശേഷിയുടെ 42 ശതമാനം ആയിരുന്നു. നിശ്ചിത കാലയളവിൽ നിശ്ചിത ശതമാനം വിദ്യാർഥികൾ ക്ലാസ് റൂമുകളിലെത്തുകയും ബാക്കിയുള്ളവർ ഓൺലൈനായും ക്ലാസിൽ പങ്കെടുക്കുന്ന രീതിയാണ് തുടരുന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത കുട്ടികൾ അടുത്ത കാലയളവിൽ നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കും. ആഴ്ചയടിസ്ഥാനത്തിലാണ് ക്ലാസുകൾ നടക്കുക. എല്ലാവരുടെയും ഹാജർ നിർബന്ധവുമാണ്. അധ്യാപകരും മറ്റു ജീവനക്കാരും മുഴുസമയവും സ്കൂളിൽ ഹാജരുണ്ടാകണം.
ഓരോ ക്ലാസിലും ഒരുസമയം 15 വിദ്യാർഥികള്‍ മാത്രമേ പാടുള്ളൂ. ഇത്തരത്തിൽ ഗ്രൂപ്പുകളായി വിദ്യാർഥികളെ തിരിക്കണം. 1.5 മീറ്റര്‍ സുരക്ഷിതമായ അകലം വിദ്യാർഥികൾ തമ്മിൽ ഉറപ്പുവരുത്തണം. ഡെസ്കുകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം വേണം. വിദ്യാർഥികള്‍ മാസ്കുകള്‍ ധരിക്കണം.
രാജ്യം കോവിഡിൽനിന്ന് മുക്തമാകുന്ന ഘട്ടത്തിലായിരുന്നു ഇത്തരത്തിലുള്ള ക്രമീകരണം വരുത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ ആഴ്ചകളിൽ രോഗികൾ കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ നില തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ എണ്ണം കുറക്കാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.