കോവിഡ് നിയന്ത്രണം: നാലാം ഘട്ട ലഘൂകരണം സെപ്റ്റംബറിൽ
text_fieldsദോഹ: രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി തുടരുകയാണെങ്കിൽ സെപ്റ്റംബറോടെ നാലാം ഘട്ട ലഘൂകരണം ആരംഭിക്കാമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി. 'കഴിഞ്ഞ മാസങ്ങളിലെ രോഗവ്യാപനത്തോത് നേരിയ അളവിൽ വർധിച്ചതോടെയാണ് മൂന്നാംഘട്ട ലഘൂകരണം ആഗസ്റ്റിലും തുടരാൻ തീരുമാനിച്ചത്. സമ്പർക്ക കേസുകളുടെ എണ്ണം പെരുന്നാളിന് ശേഷം എട്ടു ദിവസവും കുറഞ്ഞോ, അല്ലെങ്കിൽ ഒരേ നിലയിൽതന്നെയോ തുടരുകയായിരുന്നു. എന്നാൽ, പിന്നീട് പതുക്കെ ഉയരുന്നതായി അനുഭവപ്പെട്ടു. ദിവസം 100ൽ കൂടുതൽ സമ്പർക്ക രോഗബാധ റിപ്പോർട്ട് ചെയ്തത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്' -ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ മസ്ലമാനി പറഞ്ഞു.
ഈദ് അവധിയും കഴിഞ്ഞ് രോഗബാധ ചെറിയതോതിലെങ്കിലും കൂടിയത് കാരണം അടുത്ത 10 ദിവസത്തിനുള്ളിൽ കൂടുതൽ ആശുപത്രി അഡ്മിഷനും ഐ.സി.യു അഡ്മിഷനും പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും, രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കപ്പെട്ടുകഴിഞ്ഞു. സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, നിയന്ത്രണങ്ങൾ ഒഴിവാക്കാനും എല്ലാം തുറന്നിടാനുമുള്ള സമയം ഇനിയുമായിട്ടില്ല -അേദഹം പറഞ്ഞു.
ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത കോവിഡിൻെറ പുതിയ വകഭേദം ഖത്തറിലും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. 190 രാജ്യങ്ങളിൽ വ്യാപിച്ച ഡെൽറ്റ വേരിയൻറ് ഖത്തറിൽ കണ്ടെത്തുന്നത് സ്വാഭാവികമാണ്. എന്നാൽ, വാക്സിനേഷനും മുൻകരുതലുകളും സ്വീകരിച്ചതിനാൽ അതിൻെറ പ്രവേശനം വൈകിപ്പിക്കാൻ കഴിഞ്ഞു. ഖത്തറിലേക്ക് മടങ്ങുന്നതിനുള്ള കർശനമായ നടപടിക്രമങ്ങളും വ്യവസ്ഥകളും ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കുന്നതിനാണ്. ഇതുസംബന്ധിച്ച് മറ്റ് രാജ്യങ്ങൾ പ്രസിദ്ധീകരിച്ച വിവരങ്ങളുടെയും ഡാറ്റയുടെയും അടിസ്ഥാനത്തിൽ ഇവ പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നുമുണ്ട് -ഡോ. മസ്ലമാനി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിൽ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകളാണ് നാലു മാസത്തിനുശേഷം ഖത്തറിലെത്തിയതായി അദ്ദേഹം സൂചിപ്പിക്കുന്നത്.
ഏറ്റവും ശക്തമായ വാക്സിനേഷൻ നടപടിക്രമങ്ങൾ കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിൽ സഹാകമായതായും 12 വയസ്സിന് മുകളിലുള്ളവരിൽ 85 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
എങ്കിലും, ആർജിത പ്രതിരോധം ഇതുവരെ ലഭ്യമായിട്ടില്ല. അതിനാൽ, മാസ്കും സാമൂഹിക അകലവും ഉൾപ്പെടെയുള്ള മുൻകരുതലുകൾ തുടരണം. ഹോം ക്വാറൻറീൻ നിർദേശിച്ചവർ സന്ദർശകരെ സ്വീകരിക്കാതെ ഈ നടപടികളും പാലിക്കണം -അദ്ദേഹം പറഞ്ഞു.
40 ലക്ഷം ഡോസിലേക്ക്
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഖത്തറിലെ വാക്സിനേഷൻ 40 ലക്ഷം പൂർത്തിയാവുമെന്ന് ആരോഗ്യമന്ത്രാലയം വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത് പറഞ്ഞു. നിലവിൽ 38 ലക്ഷം ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. അലർജിയുള്ളവരെയും മറ്റും പരിഗണിക്കുേമ്പാൾ 100 ശതമാനം വാക്സിനേഷൻ സാധ്യമാവില്ല. എങ്കിലും, നിലവിലെ വാക്സിനേഷൻ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടുമൂന്ന് മാസത്തിനുള്ളിൽ രാജ്യത്തിന് ആർജിത പ്രതിരോധം സ്വന്തമാക്കാനാവും -ഡോ. സോഹ അൽ ബയാത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.