അമ്യൂസ്മെൻറ് കേന്ദ്രങ്ങളിലും പാർക്കുകളിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
text_fieldsദോഹ: രാജ്യത്തെ വിനോദ കേന്ദ്രങ്ങളിലും പാർക്കുകളിലും നാല് ഘട്ടങ്ങളിലായി കോവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. ജനുവരി മൂന്നു മുതലാണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുക.
ഒന്നാം ഘട്ടം: ജനുവരി മൂന്നു മുതൽ ഔട്ട്ഡോർ കളിസ്ഥലങ്ങൾ, കുട്ടികളുടെ ഔട്ട്ഡോർ ഗെയിമുകൾ, ബില്യാർഡ്സ്,ബൗളിങ് എന്നിവ ആരംഭിക്കാം. രണ്ടാം ഘട്ടം: ജനുവരി 11 മുതൽ ഇലക്േട്രാണിക് ഗെയിമുകളും ട്രംപോലിനുകളും ആരംഭിക്കും. മൂന്നാം ഘട്ടം: ജനുവരി 24 മുതൽ ബൗൺസറുകൾ, ഇൻഫ്ലാറ്റബ്ൾ ഗെയിമുകൾ, ബാൾ പിറ്റ്സ് എന്നിവയുടെ പ്രവർത്തനം പുനരാരംഭിക്കും.
അതേസമയം, കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സ്വീകരിച്ച നടപടികൾ മാനദണ്ഡമാക്കി അമ്യൂസ്മെൻറ് സെൻററുകളിലും പാർക്കുകളിലും 50 ശതമാനം ശേഷിയിൽ മാത്രമായിരിക്കും പ്രവർത്തനം.
റിക്രിയേഷണൽ കേന്ദ്രങ്ങളിൽ നിർബന്ധമായും ആരോഗ്യമന്ത്രാലയത്തിെൻറയും തൊഴിൽ മന്ത്രാലയത്തിെൻറയും നിർദേശങ്ങളും സുരക്ഷ മുൻകരുതലുകളും പാലിച്ചിരിക്കണം.
ഇഹ്തിറാസ് ആപിൽ പച്ച നിറം സ്റ്റാറ്റസ് കാണിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. കുട്ടികളെ ഇതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം അനുവദിക്കരുത്. എല്ലാ സമയവും മാസ്ക് ധരിക്കാൻ നിർദേശം നൽകണം. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാസ്ക് ധരിക്കൽ നിർബന്ധമില്ല. സന്ദർശകരുടെ ശരീര താപനില പരിശോധിക്കുകയും 38 ഡിഗ്രിയിൽ കൂടുതലുള്ളവരെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുക. സന്ദർശകർക്കിടയിൽ രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ചിരിക്കണം. വിനോദ സേവനങ്ങൾ മുന്നോട്ടു വെക്കുന്ന സ്ഥാപന ഉടമകളും കമ്പനികളും ദുരന്തനിവാരണ ഉന്നതാധികാര സമിതി മുന്നോട്ടു വെക്കുന്ന എല്ലാ സമയപരിധികളും നിർദേശങ്ങളും പാലിച്ചിരിക്കണം.
വാണിജ്യ വ്യവസായ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഭരണനിർവഹണ വികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം എന്നിവ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും നിർദേശങ്ങളും സുരക്ഷ മുൻകരുതലുകളും കമ്പനികളും സ്ഥാപന ഉടമകളും നിർബന്ധമായും പാലിച്ചിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.