കോവിഡ് പ്രതിസന്ധി: നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ വിവരശേഖരണവുമായി കെ.എം.സി.സി
text_fieldsദോഹ: കോവിഡ്പ്രതിസന്ധിയിൽ വിവിധ പ്രതിസന്ധികളിലകപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ വിശദമായ കണക്കെടുപ്പിന് ഖത്തര്‍ കെ.എം.സി.സി ഒരുങ്ങുന്നു. ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നും അനാരോഗ്യം കാരണവും നാട്ടിലേക്കു മടങ്ങേണ്ടിവന്ന പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ അധികൃതരെ അറിയിക്കുന്നതിൻെറ ഭാഗമായാണ് ഇതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ല അടിസ്ഥാനത്തിലാണ് ഈ കണക്കെടുപ്പ് നടത്തുക. കോവിഡിനു മുമ്പും കോവിഡ് കാലത്തും കൊവിഡിനു ശേഷവും കേരളത്തിലേക്ക് മടങ്ങിയ അല്ലെങ്കില്‍ മടങ്ങേണ്ടിവന്ന ആളുകളുടെ സ്ഥിതിവിവരങ്ങളാണ് ശേഖരിക്കുന്നത്.കെ.എം.സി.സി സംഘടന സംവിധാനം ഉപയോഗിച്ചും ബഹുജന പങ്കാളിത്തത്തോടെയും ഗൂഗിള്‍ ഫോറം വഴി വിവരങ്ങള്‍ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ സര്‍വേ പൂര്‍ത്തിയായാല്‍ ലഭ്യമാകുന്ന വിവരങ്ങള്‍ പരിശോധിച്ച് വിവരങ്ങള്‍ തരംതിരിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കും.
ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന–കേന്ദ്ര സര്‍ക്കാറുകള്‍ ആവിഷ്കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണവും ആനുകൂല്യങ്ങള്‍നേടിയെടുക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് ഈ സര്‍വ്വേ നടത്തുന്നത്.അതോടൊപ്പം, വിവിധ രാജ്യങ്ങളില്‍ പുനർ ജോലി വിന്യാസത്തിനുള്ള സാധ്യതകളും അവസരങ്ങളും കെ.എം.സി.സി വെബ്സൈറ്റ് വഴിയും ജോബ് പോര്‍ട്ടല്‍ വഴിയും പരമാവധി പരിചയപ്പെടുത്തും.
എന്നാല്‍, പുനരധിവാസത്തിനോ പുനർ ജോലി വിന്യാസത്തിനോ ഉള്ള ഉത്തരവാദിത്തം ഒരു കാരണവശാലും ഖത്തര്‍ കെ.എം.സി.സി ഈ സര്‍വ്വേയിലൂടെ ഏറ്റെടുക്കുന്നതല്ല. ഇത്തരത്തിലുള്ള ആളുകൾക്ക് ജോലിസംബന്ധമായ വിവരങ്ങൾ കൈമാറുകയാണ് ലക്ഷ്യമിടുന്നത്. പൂര്‍ണമായും സൗജന്യമായാണ് സര്‍വേ നടത്തുക.
സ്ഥിതി വിവരണക്കണക്കിലൂടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രദ്ധ ക്ഷണിക്കാനും ബോധവത്കരണം നടത്താനും മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് സർവേയെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.www.kmccqatar.com/registration എന്ന ഗൂഗിൾ ഫോമിലാണ് വിവരങ്ങൾ നൽകേണ്ടത്. ഏതു രാജ്യത്തുനിന്ന് മടങ്ങിപ്പോയവർക്കും സർവേയിൽ പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.