കോവിഡ് പ്രതിരോധം കൂട്ടായ ഉത്തരവാദിത്തം -എച്ച്.എം.സി
text_fieldsദോഹ: രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്നും മഹാമാരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും കോവിഡ് സുരക്ഷാമുൻകരുതലുകൾ പാലിക്കണമെന്നും ആവർത്തിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. പൊതുജനം ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ ഒന്നും രണ്ടും തരംഗങ്ങളെ പ്രതിരോധിച്ചതുപോലെ ഇതും നിയന്ത്രണ വിധേയമാക്കാമെന്നും എച്ച്.എം.സി കമ്യൂണിക്കബിൾ ഡിസീസ് സെൻറർ മേധാവി ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.
പ്രായമായവർ, മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവർ തുടങ്ങി ആരോഗ്യപരമായി ദുർബലരായവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കൃത്യമായ മുൻകരുതൽ പാലിച്ചും വാക്സിൻ എടുത്തും വൈറസിനെ പ്രതിരോധിക്കണമെന്നും എച്ച്.എം.സി പുറത്തിറക്കിയ ബോധവത്കരണ സന്ദേശത്തിൽ ഡോ. മുന അൽ മസ്ലമാനി വ്യക്തമാക്കി.
എല്ലാവരും ഒരേ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സാമൂഹിക ഉത്തരവാദിത്തങ്ങളിലൂടെ ഒന്നും രണ്ടും തരംഗങ്ങളെ പിടിച്ചുനിർത്തിയപോലെ മൂന്നാം തരംഗത്തെയും നാം പ്രതിരോധിക്കും. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ നാം മുഴുവൻസമയവും പ്രതിജ്ഞാബദ്ധരാണ്. സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തരുത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എച്ച്.എം.സിക്ക് കീഴിലുള്ള കമ്യൂണിക്കബിൾ ഡിസീസ് സെൻറർ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് കോർപറേഷൻ പുറത്തിറക്കിയ മറ്റൊരു വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു. കേന്ദ്രത്തിലെ വിദഗ്ധരായ ആരോഗ്യപ്രവർത്തകർ കഴിഞ്ഞ രണ്ട് വർഷമായി കോവിഡിനെതിരായ പോരാട്ടത്തിൽ മികച്ച ചികിത്സയുമായി കർമനിരതരാണ്. ബൂസ്റ്റർ ഡോസ് എടുത്തും സുരക്ഷാമുൻകരുതലുകൾ പാലിച്ചും എല്ലാവരും അവരുടേതായ ഉത്തരവാദിത്തവും കോവിഡിനെതിരായ പോരാട്ടത്തിൽ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.