സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി
text_fieldsജിദ്ദ: സൗദി അറേബ്യയിലെ കോവിഡ് വ്യാപന നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ട പല വ്യവസ്ഥകളും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ വിലയിരുത്തി ആരോഗ്യ വകുപ്പ് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലും പ്രതിരോധ വാക്സിനെടുത്തവരുടെ എണ്ണം വർധിച്ചതും കണക്കിലെടുത്താണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച രാത്രി മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നു. ഇനിപ്പറയുന്ന നിയന്ത്രണങ്ങളാണ് പിൻവലിക്കാൻ തീരുമാനിച്ചത്.
-പുറത്ത് മാസ്ക് ധാരണം പൂർണമായും ഒഴിവാക്കി. അടച്ചിട്ട മുറികൾക്കുള്ളിൽ മാത്രം മാസ്ക് ധരിച്ചാൽ മതിയാകും.
-മക്ക മസ്ജിദുൽ ഹറാം, മദീന മസ്ജിദുന്നബവി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റു പള്ളികളിലും സാമൂഹിക അകലം പാലിക്കൽ പൂർണമായും ഒഴിവാക്കി. എന്നാൽ, പള്ളിക്കകത്ത് മാസ്ക് ധരിക്കൽ നിർബന്ധമാണ്.
-അടച്ചതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിപാടികളിലും പ്രവർത്തന മേഖലകളിലും സാമൂഹിക അകലം ആവശ്യമില്ല.
-യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ ആർ.ടി.പി.സി.ആർ, റാപ്പിഡ് ആൻറിജൻ എന്നീ കോവിഡ് പരിശോധന നെഗറ്റിവ് ഫലം ആവശ്യമില്ല.
-വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്തവർ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഇൻസ്റ്റിറ്റ്യൂഷനൽ, ഹോം ക്വാറന്റീൻ എന്നിവ പൂർണമായും ഒഴിവാക്കി.
-സന്ദർശന വിസയിലുള്ളവർ രാജ്യത്ത് താമസിക്കുന്ന കാലയളവിൽ കോവിഡ് ചികിത്സക്കുള്ള ഇൻഷുറൻസ് നിർബന്ധമാണ്.
-സൗദിയിലേക്ക് നേരിട്ട് യാത്രാവിലക്ക് നിലനിന്നിരുന്ന സൗത്ത് ആഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, ലസൂട്ടു, എസ്വതീനി, മൊസാംബീക്, മലാവി, മൊറീഷ്യസ്, സാംബിയ, മഡഗാസ്കർ, അംഗോള, സെയ്ഷൽ, ഖമറൂസ്, നൈജീരിയ, ഇത്യോപ്യ, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാനയാത്രാ വിലക്കും ഒഴിവാക്കി. എന്നാൽ, ബൂസ്റ്റർ ഡോസ്, ഇമ്യൂൺ സ്റ്റാറ്റസ് പരിശോധന തുടങ്ങിയ പ്രതിരോധ സംവിധാന നിബന്ധനകൾ അതേപടി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.