കോവിഡ് വ്യാപനം തീവ്രമാവും; ജാഗ്രത വേണം
text_fieldsദോഹ: ഗുരുതര രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾ വീടുകളിൽ തന്നെ സമ്പർക്കവിലക്കിൽ കഴിയണമെന്ന് പ്രത്യേക നിർദേശവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി). രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികൾക്ക് വീടുകൾ തന്നെയാണ് സുരക്ഷിതമെന്ന് എച്ച്.എം.സി കമ്യൂണിക്കബിൾ ഡിസീസ് സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു. കോവിഡിന്റെ ഒമിക്രോൺ വകഭേദം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിന് കാരണമായിരിക്കുകയാണ്. വരും ആഴ്ചകളിൽ രോഗികളുടെ എണ്ണം വർധിക്കാനിടയുണ്ട്. മഹാമാരിയുടെ പുതിയ തരംഗത്തിന്റെ മധ്യത്തിലേക്കായിരിക്കും നാം പ്രവേശിക്കുകയെന്നും ഡോ. അൽ മസ്ലമാനി വ്യക്തമാക്കി. അതേസമയം, ഖത്തറിലും മറ്റു രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിക്കപ്പെട്ട രോഗികളിൽ പ്രത്യേകിച്ചും ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിൽ രോഗലക്ഷണങ്ങൾ നേരിയ തോതിലാണ് പ്രത്യക്ഷപ്പെടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
വരും ആഴ്ചകളിൽ കൂടുതൽ ആളുകളിൽ രോഗം സ്ഥിരീകരിക്കാനിടയുണ്ട്. നേരിയ രോഗലക്ഷണങ്ങൾ മാത്രമായിരിക്കും രോഗികളിൽ അനുഭവപ്പെടുക. അതിനാൽ തന്നെ ആശുപത്രിയിലെത്തിയുള്ള ചികിത്സ ആവശ്യമില്ലെന്നും അവർ പറഞ്ഞു. ഇക്കാരണത്താൽ ഗുരുതര രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾ വീടുകളിൽ തന്നെ സമ്പർക്കവിലക്കിൽ കഴിയുന്നതായിരിക്കും ഉത്തമവും സുരക്ഷിതവും. പരിശോധനക്ക് ശേഷം രോഗം സ്ഥിരീകരിക്കപ്പെട്ടാൽ 10 ദിവസത്തേക്ക് ഹോം ഐസൊലേഷനിൽ കഴിയണം. ആശുപത്രികളിലോ സർക്കാർ ഐസൊലേഷൻ കേന്ദ്രങ്ങളിലോ അഡ്മിറ്റ് ചെയ്യേണ്ടി വരില്ല. 50 വയസ്സിന് താഴെയുള്ളവർക്കും ആരോഗ്യമുള്ളവർക്കും ഹോം ഐസൊലേഷൻ തന്നെ മതിയാകും -ഡോ. മുന അൽ മസ്ലമാനി വിശദീകരിച്ചു.
വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ ആദ്യ അഞ്ചുദിവസം സ്വന്തം റൂമുകളിൽ തന്നെയാണ് കഴിയേണ്ടത്. ഇക്കാലയളവിൽ കുടുംബാംഗങ്ങളുമായോ മറ്റുള്ളവരുമായോ ഒരു തരത്തിലുമുള്ള സമ്പർക്കം പാടില്ല. അവസാന അഞ്ചുദിവസങ്ങളിൽ റൂമുകളിൽ നിന്നും പുറത്തിറങ്ങാം. എന്നാൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കുകയും മറ്റു സുരക്ഷാ മുൻകരുതലുകൾ പാലിക്കുകയും വേണം. ഒമിക്രോൺ വകഭേദത്തിൽ ഗുരുതര രോഗലക്ഷണങ്ങൾ കുറവാണെങ്കിലും ബൂസ്റ്റർ ഡോസുൾപ്പെടെ എല്ലാവരും പൂർണമായും വാക്സിനെടുത്തിരിക്കണം. അതോടൊപ്പം സുരക്ഷാ മുൻകരുതലുകൾ പാലിക്കുകയും വേണം -സി.ഡി.സി മെഡിക്കൽ ഡയറക്ടർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.