മരണമെത്തുന്ന നേരത്തും സഹജീവികൾക്കായി...
text_fieldsഈ കാലവും നമ്മൾ അതിജീവിക്കും എന്ന പ്രതീക്ഷാനിർഭരമായ കാത്തിരിപ്പിനിടയിലും വേദനിപ്പിക്കുന്ന ഒത്തിരി നഷ്ടങ്ങളിലൂടെയും അവയുടെ നീറുന്ന ഓർമകളിലൂടെയുമാണ് നാം കടന്നുപോകുന്നത്. നല്ലനാളുകൾ പുലർന്നാലും ചില വേർപാടുകളുടെ വ്യഥ ഉള്ളുലച്ചുകൊണ്ടേയിരിക്കും. അബ്ദുൽ റഹീം എന്ന ഞങ്ങളുടെ റഹീം റയാൻെറ വിയോഗം സൃഷ്ടിച്ച ശൂന്യതയുടെ ആഴവും പരപ്പും അത്രയേറെയാണ്. കോവിഡ് 'സമ്മാനിച്ച' വറുതിയുടെ നാളുകളിൽ പ്രയാസമനുഭവിക്കുന്ന പരശ്ശതം ആളുകൾക്ക് സഹായമെത്തിക്കാൻ സ്വന്തം കാര്യംപോലും നോക്കാതെ മുന്നിട്ടിറങ്ങിയ റഹീം റയാൻ. ജീവിതത്തിൻെറ പാതിവഴിയിൽനിന്ന് വിടവാങ്ങിയത് നൊമ്പരത്തോടെ അല്ലാതെ ഓർക്കാൻ കഴിയില്ല.
12 വർഷത്തിലേറെക്കാലം ഖത്തറിൽ ഉണ്ടായിരുന്നുവെങ്കിലും റഹീമിനെ പരിചയപ്പെടുന്നത് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഇൻകാസ് കഴിഞ്ഞ വർഷം നവംബറിൽ സംഘടിപ്പിച്ച 'ഹൃദയപൂർവം ദോഹ'യുടെ ആലോചനാവേളയിലാണ്. മുഖ്യധാരാ പൊതുപ്രവർത്തനത്തിൽ റഹീം സജീവമായി തുടങ്ങിയത് അതിനും കുറച്ചുമാസങ്ങൾക്ക് മുമ്പ് ഒരു വിമാനയാത്രയിൽ ഉണ്ടായ ദുരനുഭവത്തിൻെറ പശ്ചാത്തലത്തിലായിരുന്നു. അന്യൻെറ പ്രയാസമകറ്റാനുള്ള സംരംഭം എന്ന നിലയിൽ ബർസാൻ ഓഡിറ്റോറിയത്തിൽ നടന്ന 'ഹൃദയപൂർവം ദോഹ' എന്ന സാംസ്കാരിക പരിപാടിയുടെ എല്ലാ ഘട്ടത്തിലും റഹീമിൻെറ നേതൃത്വത്തിലുള്ള കണ്ണൂർ യുവതുർക്കികൾ സജീവസാന്നിധ്യമായിരുന്നു.
ഏൽപിക്കുന്ന ഏത് ഉത്തരവാദിത്തവും വളരെ കൃത്യതയോടെ ചെയ്ത റഹീമിൻെറ പ്രവർത്തനശൈലി എല്ലാവരെയും ആകർഷിച്ചു. പരിപാടിയുടെ പ്രായോജകരായി മുന്നോട്ട് വന്ന ചില വ്യക്തികൾ പ്രളയബാധിതർക്കുള്ള വീടുകൾ വാഗ്ദാനം ചെയ്തു. എന്നാൽ, സാധാരണക്കാരായ പ്രവർത്തകരുടെ വകയായും കൂട്ടത്തിൽ ഒരു വീട് ഉയർന്നുവരണം എന്ന ആഗ്രഹത്തിൽ മറ്റ് പ്രവർത്തകരോടൊപ്പം തൻെറ ബിസിനസ് പങ്കാളികളെ കൂട്ടുപിടിച്ച് റഹീം ഒരു തുക സംഭാവന ചെയ്ത് മാതൃകയാവുകയും ചെയ്തു. കോവിഡ് കാലത്താണ് റഹീമിൻെറ സേവനങ്ങൾ കൂടുതൽ ദൃശ്യമായത്. തൊഴിലാളി ക്യാമ്പുകളിലും മറ്റും ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവർക്ക് കിറ്റുകൾ എത്തിക്കാൻ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു.
ഇത്തരം വിഭവങ്ങൾ സമാഹരിക്കുന്നതിലും തൻെറ അസാമാന്യ കഴിവുകൾ പുറത്തെടുത്തു. ഊണും ഉറക്കവുമൊഴിച്ച് പ്രവർത്തനനിരതനായിരുന്നു. ഒരായുസ്സിൽ ചെയ്ത് തീർക്കാനുള്ള കാര്യങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാനുള്ള ഉൾവിളി കിട്ടിയതുപോലെ അദ്ദേഹം പ്രവർത്തിച്ചു എന്നാണ് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നത്. നാട്ടിലേക്ക് പോകാൻ വഴിമുട്ടി നിന്ന പ്രവാസികൾക്ക് ചാർട്ടർ ചെയ്ത വിമാനങ്ങളിലെ യാത്രക്കാർക്കുള്ള പി.പി.ഇ കിറ്റുകളും ഭക്ഷണ പാക്കറ്റുകളും ഒരുക്കിയതിന് പിന്നിലും പ്രധാനി റഹീം തന്നെയായിരുന്നു.
പക്ഷേ, ഇതിനിടയിൽ റഹീം കോവിഡ് രോഗബാധിതനായത് ഏറ്റവും അടുപ്പമുള്ള ചില സുഹൃത്തുക്കളും നാട്ടിലുള്ള ഭാര്യയും മാത്രമേ അറിഞ്ഞുള്ളൂ. കോവിഡ് പോസിറ്റിവ് ആണെന്ന ഫലം വന്ന് ക്വാറൻറീനിലായപ്പോഴും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമായി ഇടപെടുന്നുണ്ടായിരുന്നു റഹീം.എവിടെയോ ഭക്ഷണക്കിറ്റുകൾ ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയ റഹീം അതിനുള്ള വഴികൾ സഹപ്രവർത്തകർക്ക് പറഞ്ഞുകൊടുക്കുന്നതിൽ അവസാന നാളുകളിൽപോലും വ്യാപൃതനായി.അങ്ങനെ കോവിഡ് കാലത്തെ മങ്ങാത്ത, മായാത്ത സ്മരണയായി, ഒരു വിങ്ങലായി അറിയുന്നവരുടെ ഹൃത്തടങ്ങളിൽ അമരനായി നിലനിൽക്കും, ഈ മനുഷ്യസ്നേഹി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.