ജീവിതതാളം തെറ്റി ചെറിയ വരുമാനക്കാർ
text_fieldsകോവിഡ് എന്ന മഹാമാരി മെല്ലെ മെല്ലെ നമ്മളിൽ നിന്നകലുമ്പോൾ ബാക്കിയാകുന്നത് ഒരുപാട് പേരുടെ സങ്കടങ്ങളുമാണ്. പല ലക്ഷ്യങ്ങളുമായാണ് എല്ലാവരും പ്രവാസത്തിലേക്ക് വരുന്നത്. സ്വന്തം സുഖദുഃഖങ്ങളെല്ലാം മറന്ന് പല ആഗ്രഹങ്ങളുമായി ഈ കൊച്ചുരാജ്യത്ത് എത്തിയവർ. എല്ലാം മറന്ന് സ്വന്തക്കാർക്കുവേണ്ടി ജീവിക്കുന്നവർ, വർഷങ്ങൾ ജോലി ചെയ്തിട്ടും കടങ്ങളും രോഗവുമല്ലാതെ മറ്റൊന്നും ബാക്കിയാവാത്തവർ.എന്നിട്ടും അവർ ഈ മരുഭൂമിയെ സ്നേഹിക്കുന്നു. കോവിഡ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത് ചെറിയ വരുമാനക്കാരെയാണ്. കടകളിലും മറ്റും ചെറിയ ശമ്പളത്തിന് ജോലിയെടുക്കുന്നവരുടെ ജീവിതം കോവിഡ് താളംതെറ്റിച്ചു. ഖത്തറിൽ ഏഴ് വർഷത്തോളമായി കഫറ്റീരിയയിൽ ജോലിക്കാരനാണ് ഞാൻ.ഇടക്കൊക്കെ നാട്ടിൽ പോയി വരാറുണ്ടെങ്കിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്കാളും എന്നും അവർക്ക് ബന്ധം ഇവിടെയുള്ളവരുമായാണ്.24 മണിക്കൂറും തുറക്കുന്ന കടയായതിനാൽ തന്നെ പുറത്തുള്ളവരോട് ബന്ധം തീരെ കുറവായിരിക്കും.അവർ വരുേമ്പാൾ പലപ്പോഴും ഞങ്ങൾക്ക് ഉറക്കത്തിൻെറ സമയമായിരിക്കും. പിന്നെ എല്ലാവരോടും ഒന്നു സംസാരിക്കണമെങ്കിൽ നാട്ടിൽ പോവുന്നതിൻെറ രണ്ട് ദിവസം മുമ്പ് കടയിൽനിന്ന് ലീവെടുക്കണം.ഇങ്ങനൊക്കെയാണ് അധിക പ്രവാസികളുടെ ജീവിതവും കടന്നുപോവുന്നത്.
ഞങ്ങളെ പോലുള്ള ഇടത്തരം ജോലിയുള്ളവരുടെ അവസ്ഥ ഏറെ പ്രയാസകരമാണ്. കോവിഡ് നിയന്ത്രണങ്ങൾ വന്നത് തെല്ലൊന്നുമല്ല ഞങ്ങളെ പലരൂപത്തിൽ പ്രയാസെപ്പടുത്തിയത്. നിയന്ത്രണങ്ങൾ പെട്ടെന്ന് എടുത്തുകളയുമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ അത് മാസങ്ങൾ നീണ്ടുപോയി. കടകൾ അടക്കാനുള്ള ഉത്തരവ് വന്നപ്പോൾ ആദ്യം അൽപം സന്തോഷമായിരുന്നു. റൂമിലിരുന്നു സംസാരിച്ച് സന്തോഷം പങ്കുവെക്കാമല്ലോ എന്നായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാൽ, കട അടക്കൽ നീണ്ടുപോയതോടെ ആകെ പ്രയാസത്തിലായി. ഒരാളുടെ കയ്യിലും പണമില്ല. എല്ലാവരും മാസാവസാനം കിട്ടിയ പണം നാട്ടിലേക്ക് അയച്ചിരുന്നു.വിമാനങ്ങൾ നിലച്ചതോടെ നാട്ടിലേക്ക് മടങ്ങാനും കഴിയാത്ത സ്ഥിതി. സങ്കടങ്ങളും പരിഭവങ്ങളും പരസ്പരം പറഞ്ഞ് ആശ്വസിക്കാനല്ലാതെ വേറൊന്നും സാധ്യമായിരുന്നില്ല. എന്നാലും മറ്റുള്ളവരുടെ സഹായമുണ്ടായിരുന്നു. എല്ലാവരും പരസ്പരം സഹായിച്ചു.സങ്കടത്തിൻെറയും അതിജീവനത്തിേൻറയും ആ ദിനങ്ങൾ സന്തോഷത്തിൻെറ ദിനങ്ങളാക്കി ഞങ്ങൾ മുന്നോട്ടുപോയി. കടയുടമകളുടെ സഹായവും ഏറെ ലഭിച്ചു. സന്നദ്ധസംഘടനകളും മറ്റും ഭക്ഷണസാധനങ്ങളടക്കം എത്തിച്ചത് ഏറെ ആശ്വാസമായി.
സ്വരുക്കൂട്ടിവെച്ച കാശുമായി സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന് സ്വപ്നം കണ്ടവർ. എല്ലാവരുടെയും ആഗ്രഹങ്ങൾ തകരുകയായിരുന്നു. പണം ഏറെ മുടക്കി പഠിച്ചുനേടിയ സർട്ടിഫിക്കറ്റുകൾ മാറ്റിവെച്ച് ഏതെങ്കിലും ഒരു ജോലി തേടിപ്പിടിക്കുക എന്ന ലക്ഷ്യത്തിലാണ് എല്ലാവരും.കോവിഡ്കാലത്ത് സ്വന്തം ജീവൻപോലും വക വെക്കാതെയാണ് പ്രവാസികൾ സേവനരംഗത്തിറങ്ങിയത്.ആരെന്നുപോലും അറിയാത്ത ഇതുവരെ കാണാത്ത ജാതിയും മതവും ചോദിക്കാതെ സേവനം ചെയ്ത ഖത്തറിലെ ഓരോ സന്നദ്ധ പ്രവർത്തകരെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.പതിയെ മഹാമാരി നമ്മളിൽ നിന്ന് അകലുമ്പോൾ സർക്കാർ നിർദേശം പാലിക്കാതെ കൊറോണയെ നമ്മൾ വീണ്ടും തിരിച്ചുവിളിക്കുന്ന അവസ്ഥ ഉണ്ടാവരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.