തുറക്കുന്നതിനുമുമ്പ് സർക്കാർ, സ്വകാര്യ സ്കൂൾ ജീവനക്കാർക്ക് കോവിഡ് പരിശോധന
text_fieldsദോഹ: രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷിതവും ആരോഗ്യകരവുമായ സാഹചര്യം ഉറപ്പുവരുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം സുരക്ഷ മുൻകരുതൽ പാക്കേജ് പുറത്തിറക്കി.
സ്കൂളുകളിലെത്തുന്ന കുഞ്ഞുങ്ങളുടെയും വിദ്യാർഥികളുടെയും ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തി, വിദ്യാഭ്യാസ പ്രക്രിയ തുടരുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.
കോവിഡ്–19 പശ്ചാത്തലത്തിൽ താഴെ പറയുന്നവ മുഴുവൻ സ്കൂളുകളും നിർബന്ധമായും പാലിച്ചിരിക്കണം.
1. ഹമദ് മെഡിക്കൽ കോർപറേഷൻ, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തുറക്കുന്നതിന് മുമ്പായി എല്ലാ സർക്കാർ സ്കൂൾ ജീവനക്കാർക്കും കോവിഡ്–19 പരിശോധന നടത്തുകയും കോവിഡ്–19 നെഗറ്റിവാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
2. രാജ്യത്തെ സ്വകാര്യ മെഡിക്കൽ മേഖലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തുറക്കുന്നതിന് മുമ്പായി എല്ലാ സ്വകാര്യ സ്കൂൾ ജീവനക്കാർക്കും കോവിഡ്–19 പരിശോധന നടത്തുകയും നെഗറ്റിവാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
3. സ്കൂളുകളിലെ സ്ത്രീ, പുരുഷ അധ്യാപകർക്കായിരിക്കും കോവിഡ്–19 പരിശോധനയിൽ മുൻഗണന. തുടർന്ന് സ്കൂൾ അഡ്മിൻ ജീവനക്കാർക്ക് പരിശോധന നടത്തും.
രാജ്യത്തെ മുഴുവൻ സ്കൂളുകളും കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുട ഭാഗമായി സുരക്ഷ മുൻകരുതലുകൾ കൃത്യമായി പാലിച്ചിരിക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിൽ അശ്രദ്ധമൂലമോ കരുതിക്കൂട്ടിയോ ആരെങ്കിലും വീഴ്ചവരുത്തിയാൽ അവർക്കെതിരെ പകർച്ചവ്യാധിക്കെതിരെയുള്ള 2020ലെ ഒമ്പതാം നമ്പർ നിയമപ്രകാരം ശക്തമായ നിയമനടപടി സ്വീകരിക്കും. മൂന്നുവർഷം വരെ തടവും രണ്ടുലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.