കോവിഡ്: പ്രതിദിന കേസുകൾ നാലായിരത്തിനും മുകളിൽ
text_fieldsദോഹ: ഖത്തറിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലായിരവും കടന്ന് കുതിക്കുന്നു. ചൊവ്വാഴ്ച 4169 പേർക്കാണ് രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തത്. രണ്ടു മരണവും റിപ്പോർട്ട് ചെയ്തു. 57കാരനും 91 വയസ്സുകാരനുമാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 621 ആയി. പുതുതായി രോഗബാധിതരിൽ 3573 പേർക്കും സമ്പർക്കത്തിലൂടെയാണ്. 596 പേർ വിദേശങ്ങളിൽനിന്ന് എത്തിയവരാണ്. 828 പേരാണ് രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികളുടെ എണ്ണം 28,470 ആയി ഉയർന്നു. തിങ്കളാഴ്ച 3878 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 38,422 പേർ പരിശോധനക്ക് വിധേയരായി. നിലവിൽ 539 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 65 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 57 പേരുമുണ്ട്. 24 മണിക്കൂറിനിടെ 20,460 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. ഇതുവരെ രാജ്യത്താകമാനം 53.17 ലക്ഷം ഡോസ് വാക്സിൻ നൽകി.
കോവിഡ് മാനദണ്ഡ ലംഘനം: 416 പേർക്കെതിരെ നടപടി
ദോഹ: രോഗവ്യാപനം കൂടുമ്പോൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സജീവമാക്കി അധികൃതർ. ചൊവ്വാഴ്ച കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഖത്തറിൽ 416 പേർക്കെതിരെയാണ് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്. 320 പേരെ മാസ്ക് ധരിക്കാത്തതിനും 83 പേരെ സുരക്ഷിത സാമൂഹിക അലകം പാലിക്കാത്തതിനും ഇഹ്തിറാസ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 13 പേർക്കെതിരെയും നടപടി സ്വീകരിച്ചു. നിയമലംഘകരെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.