മാളുകളിൽ 12ന് താഴെ പ്രായമുള്ളവർക്ക് പ്രവേശനമില്ല
text_fieldsദോഹ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ മാളുകളിലേക്ക് 12ന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശന വിലക്ക്. വാക്സിൻ സ്വീകരിച്ച മാതാപിതാക്കൾക്കൊപ്പമാണെങ്കിലും ഇവർക്ക് പ്രവേശനമുണ്ടാകില്ല. ഇതു സംബന്ധിച്ച്, രാജ്യത്തെ വിവിധ മാളുകളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ശനിയാഴ്ച പ്രാബല്യത്തിൽ വന്ന കോവിഡ് നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണിത്. സിറ്റി സെന്റർ, മാൾ ഓഫ് ഖത്തർ, ഹയാത് പ്ലാസ, തവാർ തുടങ്ങിയ പ്രമുഖ മാളുകളിൽ ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം മാളുകൾക്ക് പുറത്തുള്ള ഹൈപർ മാർക്കറ്റ്, കോംപ്ലക്സ് എന്നിവിടങ്ങളിൽ കുട്ടികൾക്ക് പ്രവേശനാനുമതിയുണ്ട്. കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് നിലവിലെ സാഹചര്യങ്ങളിൽ സ്ഥാപനങ്ങളിൽ ആളുകൾക്ക് പ്രവേശനം നൽകുന്നത്. വാക്സിൻ സ്വീകരിച്ചതായി തെളിയിക്കുന്ന ഇഹ്തിറാസ് ആപ്ലിക്കേഷൻ കാണിച്ചാണ് പ്രവേശിക്കേണ്ടത്. കോവിഡ് ഭേദമായവരാണെങ്കിൽ ഇഹ്തിറാസ് ഗോൾഡൻ സ്റ്റാറ്റസിന് പകരം, രോഗം ഭേദമായ സർട്ടിഫിക്കറ്റും, വാക്സിനേഷനിൽ ഇളവു നൽകിയ വിഭാഗമാണെങ്കിൽ ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയമോ ഹമദ് മെഡിക്കൽ കോർപറേഷനോ നൽകിയ സർട്ടിഫിക്കറ്റും കാണിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.