അടിയന്തര സാഹചര്യം നേരിടാൻ തയാർ -ഹമദ് മെഡിക്കൽ കോർപറേഷൻ
text_fieldsദോഹ: കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ. രാജ്യത്ത് വർധിച്ചുവരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത് കൂടുതല്‍ ആശുപത്രികള്‍ നിയോഗിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് എച്ച്.എം.സി അറിയിച്ചു. കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഹസം മെബൈരീക്ക് ജനറല്‍ ഹോസ്പിറ്റലിലെ ഫീല്‍ഡ് ഹോസ്പിറ്റല്‍, ക്യൂബന്‍ ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെയുള്ള ചില മെഡിക്കല്‍ സൗകര്യങ്ങള്‍ ഇതിനകംതന്നെ കോവിഡ് രോഗികള്‍ക്ക് മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമായി വന്നാല്‍ കൂടുതല്‍ ആശുപത്രികള്‍ കോവിഡ് ആശുപത്രികളാക്കി മാറ്റുമെന്ന് എച്ച്.എം.സി ഐ.സി.യു ആക്ടിങ് ചെയർമാൻ ഡോ. അഹമ്മദ് മുഹമ്മദ് പറഞ്ഞു.
''രോഗ വ്യാപനം ശക്തമാവുന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിനനുസരിച്ച് ആശുപത്രി കേസുകളിലും വർധനയുണ്ടായേക്കും. ഈ പശ്ചാത്തലത്തിൽ കൂടുതൽ ആശുപത്രികൾ ഒരുക്കാൻ തയാറാണ്'' -അദ്ദേഹം പറഞ്ഞു. ആവശ്യമായി വന്നാല്‍ മിസഈദ് ഹോസ്പിറ്റല്‍, റാസ് ലഫാന്‍ ഹോസ്പിറ്റല്‍ മുതലായവ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും ഡോ. അഹമ്മദ് മുഹമ്മദ് വ്യക്തമാക്കി. പൊതുജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. മാസ്ക് അണിഞ്ഞും സാമൂഹിക അകലം നിലനിർത്തിയും കരുതൽ പാലിക്കണമെന്നും രോഗലക്ഷണം പ്രകടിപ്പിക്കുന്നവർ സ്വയം സമ്പർക്കവിലക്കിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.